Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കരുവാറ്റ കൊലപാതകം: മുത്തച്ഛന്റെ കൊലപാതകം വിഡിയോ കോളില്‍ കണ്ടതായി പൊലീസ്; നാല് കുട്ടികള്‍ കസ്റ്റഡിയില്‍
reporter

ആലപ്പുഴ: കരുവാറ്റയില്‍ 67കാരനായ ശിവന്‍കുട്ടിയെ വീട്ടിനുള്ളില്‍ കെട്ടിയിട്ട് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. കൊലപാതകം നടക്കുമ്പോള്‍ ശിവന്‍കുട്ടിയുടെ 13കാരിയായ കൊച്ചുമകള്‍ വിഡിയോ കോളിലൂടെ സംഭവം കണ്ടിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയെയും കൊല്ലം പരവൂര്‍ സ്വദേശികളായ മൂന്ന് വിദ്യാര്‍ഥികളെയും ഹരിപ്പാട് പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടില്‍നിന്ന് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടിക്ക് ഐഫോണ്‍ വാങ്ങുന്നതിനും മറ്റ് കുട്ടികള്‍ക്ക് ബൈക്ക് വാങ്ങുന്നതിനുമായി പണം കണ്ടെത്തുകയായിരുന്നു ലക്ഷ്യമെന്നാണ് അന്വേഷണത്തില്‍ ലഭിച്ച വിവരം.

ശിവന്‍കുട്ടിയുടെ ഭാര്യയും മകളും വീട്ടിലില്ലാത്ത സമയത്തായിരുന്നു സംഭവം. മകളെ പ്രസവത്തിനായി ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് ഭാര്യയും ആശുപത്രിയിലായിരുന്നു. ഈ സമയത്ത് എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ കൊച്ചുമകളെ ബന്ധുവീട്ടിലേക്കു മാറ്റിയിരുന്നു. എന്നാല്‍ പരീക്ഷയുണ്ടെന്ന് പറഞ്ഞ് ബന്ധുവീട്ടില്‍നിന്ന് ഇറങ്ങിയ പെണ്‍കുട്ടി പിന്നീട് സ്വന്തം വീട്ടിലെത്തി മുത്തച്ഛന്‍ മരിച്ചുകിടക്കുന്നതായി നാട്ടുകാരെ അറിയിക്കുകയായിരുന്നു. വീട് അകത്തുനിന്ന് പൂട്ടിയിരിക്കുകയാണെന്നും തുറക്കാന്‍ കഴിയുന്നില്ലെന്നുമാണ് പെണ്‍കുട്ടി ആദ്യം പറഞ്ഞതെന്ന് പൊലീസ് പറയുന്നു. സംഭവസ്ഥലത്തെ പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലീസ് കൂടുതല്‍ വിശദമായി ചോദ്യം ചെയ്തു. ഇതോടെയാണ് കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്.

വീടിന്റെ ഘടനയും അകത്തെ കാര്യങ്ങളും വ്യക്തമായി അറിയാവുന്ന ഒരാളുടെ സഹായം കുറ്റകൃത്യത്തിന് പിന്നിലുണ്ടാകാമെന്ന് പൊലീസ് ആദ്യഘട്ടത്തില്‍ തന്നെ സംശയിച്ചിരുന്നു. രാത്രി ശൗചാലയത്തിലെ വെന്റിലേറ്റര്‍ വഴിയാണ് മൂന്ന് വിദ്യാര്‍ഥികള്‍ വീടിനുള്ളില്‍ പ്രവേശിച്ചതെന്നാണ് കണ്ടെത്തല്‍. ശിവന്‍കുട്ടിയെ നിയന്ത്രണത്തിലാക്കിയ ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതായും കിടപ്പുമുറിയിലെ അലമാര തകര്‍ത്ത് ഏകദേശം ആറു പവന്‍ സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കേസില്‍ കൂടുതല്‍ പേരുടെ പങ്കുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിച്ചുവരികയാണ്. പ്രായപൂര്‍ത്തിയായ മറ്റാരുടെയെങ്കിലും സഹായം കുട്ടികള്‍ക്ക് ലഭിച്ചിട്ടുണ്ടോയെന്നും കൊലപാതകത്തിന് പിന്നിലെ കൃത്യമായ പ്രേരണ എന്താണെന്നും അന്വേഷിക്കുന്നുണ്ട്. പെണ്‍കുട്ടിക്ക് മുത്തച്ഛനോട് മുന്‍വൈരാഗ്യമുണ്ടായിരുന്നോയെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല. കസ്റ്റഡിയിലുള്ള മറ്റ് കുട്ടികള്‍ പെണ്‍കുട്ടിയുടെ പരിചയക്കാരാണെന്നാണ് പൊലീസ് പറയുന്നത്. കേസുമായി ബന്ധപ്പെട്ട തെളിവുകളും ഡിജിറ്റല്‍ വിവരങ്ങളും കേന്ദ്രീകരിച്ച് ഹരിപ്പാട് പൊലീസ് അന്വേഷണം തുടരുകയാണ്.

 
Other News in this category

 
 




 
Close Window