Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
പൊതുസ്ഥലത്ത് വളര്‍ത്തുനായ്ക്കളുടെ വിസര്‍ജ്യം; നടപടിയാവശ്യപ്പെട്ട് കൊച്ചി കോര്‍പറേഷനില്‍ പരാതി
reporter

കൊച്ചി: വളര്‍ത്തുനായ്ക്കള്‍ പൊതുസ്ഥലങ്ങളില്‍ വിസര്‍ജിക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൊച്ചി കോര്‍പറേഷനില്‍ പരാതി. മേയര്‍ പരാതി ആരോഗ്യ വിഭാഗത്തിന് കൈമാറി. നഗരത്തിലെ പാര്‍ക്കുകള്‍, നടപ്പാതകള്‍ ഉള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങളില്‍ വളര്‍ത്തുനായ്ക്കളുടെ വിസര്‍ജ്യം വര്‍ധിക്കുന്നത് പൊതുജനാരോഗ്യത്തിനും ശുചിത്വത്തിനും ഭീഷണിയാണെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. കൊച്ചി നഗരത്തിലെ വീടുകളിലും അപ്പാര്‍ട്ട്‌മെന്റുകളിലും വളര്‍ത്തുമൃഗങ്ങളെ പരിപാലിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. നടക്കാനിറങ്ങുമ്പോഴും പാര്‍ക്കുകളിലെത്തുമ്പോഴും പലരും നായ്ക്കളെയും ഒപ്പം കൊണ്ടുവരാറുണ്ട്. എന്നാല്‍ വളര്‍ത്തുനായ്ക്കള്‍ പൊതുസ്ഥലങ്ങളില്‍ വിസര്‍ജിച്ചാല്‍ അത് ഉടമകള്‍ തന്നെ നീക്കം ചെയ്യുന്ന ശീലം വ്യാപകമല്ലെന്നാണ് പരാതിക്കാരന്റെ ആരോപണം.

മൃഗങ്ങളുടെ വിസര്‍ജ്യത്തില്‍ ബാക്ടീരിയകളും പരാദജീവികളും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഇത് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകാമെന്നും പരാതിയില്‍ പറയുന്നു. പാര്‍ക്കുകളിലും നടപ്പാതകളിലും എത്തുന്ന കുട്ടികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ഇത് പ്രത്യേകിച്ച് ബുദ്ധിമുട്ടുണ്ടാക്കുന്നു. പൊതുസ്ഥലങ്ങള്‍ വൃത്തിയാക്കുന്ന ശുചീകരണ തൊഴിലാളികള്‍ മൃഗങ്ങളുടെ വിസര്‍ജ്യം നീക്കം ചെയ്യേണ്ടിവരുന്ന സാഹചര്യവും പതിവായിട്ടുണ്ടെന്നാണ് പരാതി. വിദേശരാജ്യങ്ങളില്‍ വളര്‍ത്തുമൃഗങ്ങളുമായി പുറത്തിറങ്ങുന്നവര്‍ അവയുടെ വിസര്‍ജ്യം ശേഖരിക്കാന്‍ പ്രത്യേക ബാഗുകളും മറ്റ് സംവിധാനങ്ങളും കൈവശം കരുതുന്നത് സാധാരണമാണ്. എന്നാല്‍ കൊച്ചിയില്‍ ഇത്തരം ശുചിത്വരീതികള്‍ പാലിക്കുന്നവര്‍ വളരെ കുറവാണെന്നും ഇതിനെതിരെ വ്യക്തമായ മാര്‍ഗനിര്‍ദേശവും നിയന്ത്രണവും വേണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു.

വിഷയത്തില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കൊച്ചി കോര്‍പറേഷന്‍ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ സീന ഗോകുലന്‍ അറിയിച്ചു. വീടുകളില്‍ വളര്‍ത്തുന്ന മൃഗങ്ങള്‍ക്ക് കോര്‍പറേഷനില്‍നിന്ന് ലൈസന്‍സ് നിര്‍ബന്ധമാണെന്നും എന്നാല്‍ പലരും ലൈസന്‍സ് എടുക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. വളര്‍ത്തുമൃഗങ്ങളുടെ ലൈസന്‍സിങ് സംബന്ധിച്ച പരിശോധന ശക്തമാക്കുന്നതോടൊപ്പം പൊതുസ്ഥലങ്ങളില്‍ ശുചിത്വം പാലിക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ നടപടികള്‍ സ്വീകരിക്കാനാണ് ആരോഗ്യ വിഭാഗത്തിന്റെ നീക്കം.

 
Other News in this category

 
 




 
Close Window