Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ചു; 19കാരന് സഹപാഠികളുടെ ക്രൂരമര്‍ദ്ദനം, വൃഷണം നീക്കം ചെയ്തു
reporter

തൊടുപുഴ: ഹോസ്റ്റലില്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്ന വിവരം അധ്യാപകരെ അറിയിച്ചതിന്റെ പേരില്‍ 19കാരനായ വിദ്യാര്‍ഥിക്ക് സഹപാഠികളുടെ ക്രൂരമര്‍ദ്ദനം. ആക്രമണത്തില്‍ ജനനേന്ദ്രിയത്തിന് ഗുരുതരമായി പരിക്കേറ്റ ഇടുക്കി അണക്കര സ്വദേശിയായ വിദ്യാര്‍ഥിയുടെ വലത് വൃഷണം അടിയന്തര ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥിയുടെ ആരോഗ്യനില ഡോക്ടര്‍മാര്‍ നിരീക്ഷിച്ചുവരികയാണ്. തൊടുപുഴ-മൂവാറ്റുപുഴ റോഡിലെ സ്വകാര്യ സ്ഥാപനത്തില്‍ മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ് സര്‍വീസിങ് കോഴ്‌സിന് പഠിക്കുന്ന വിദ്യാര്‍ഥിയാണ് ആക്രമണത്തിന് ഇരയായത്. പഠനത്തിന്റെ ഭാഗമായി പ്രദേശത്തെ വാടകവീട്ടില്‍ മറ്റ് വിദ്യാര്‍ഥികള്‍ക്കൊപ്പമാണ് ഇയാള്‍ താമസിച്ചിരുന്നത്.

വാടകവീട്ടിലെ ചില വിദ്യാര്‍ഥികള്‍ മുറികളില്‍ പതിവായി കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ അണക്കര സ്വദേശിയായ വിദ്യാര്‍ഥി ഇക്കാര്യം സുഹൃത്തുക്കളെയും സ്ഥാപനത്തിലെ അധ്യാപകരെയും അറിയിച്ചിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം. അധ്യാപകരെ വിവരം അറിയിച്ചതിന് പിന്നാലെ പ്രതികള്‍ വിദ്യാര്‍ഥിയുടെ മുറിയില്‍ അതിക്രമിച്ചുകയറി മര്‍ദ്ദിക്കുകയായിരുന്നു. നിലത്തുവീഴ്ത്തിയ ശേഷം നെഞ്ചിലും ജനനേന്ദ്രിയത്തിലും ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്തതായാണ് പരാതി. ആക്രമണത്തിന് പിന്നാലെ കടുത്ത വേദനയും ആന്തരിക രക്തസ്രാവവും അനുഭവപ്പെട്ട വിദ്യാര്‍ഥിയെ ആദ്യം ആശുപത്രിയിലെത്തിച്ചു. വിശദമായ പരിശോധനയില്‍ വലത് വൃഷണത്തിന് ഗുരുതരമായ തകരാറുണ്ടായതായി കണ്ടെത്തി. തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയ നടത്തി വൃഷണം നീക്കം ചെയ്യുകയായിരുന്നു. സംഭവത്തില്‍ തൊടുപുഴ പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്. കേസില്‍ ഉള്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തില്‍ പങ്കെടുത്ത മറ്റുള്ളവരെ കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണ്. സംഭവത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികള്‍ക്കെതിരെയും കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് അധികൃതര്‍ അറിയിച്ചു. ലഹരിമരുന്ന് ഉപയോഗം സംബന്ധിച്ച വിവരം അധികൃതരെ അറിയിച്ചതിന്റെ പേരില്‍ വിദ്യാര്‍ഥിക്കുനേരെയുണ്ടായ ആക്രമണം പ്രദേശത്ത് വലിയ പ്രതിഷേധത്തിനും ആശങ്കയ്ക്കും ഇടയാക്കിയിട്ടുണ്ട്.

 
Other News in this category

 
 




 
Close Window