Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.8701 INR  1 EURO=111.4827 INR
ukmalayalampathram.com
Thu 20th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
വഖഫ് ബോര്‍ഡിലെ ഒഴിവുകള്‍ ആറാഴ്ചയ്ക്കകം നികത്തണം; അമുസ്ലിം അംഗങ്ങളെയും ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി
reporter

കൊച്ചി: കേരള സംസ്ഥാന വഖഫ് ബോര്‍ഡിലെ നിലവിലുള്ള ഒഴിവുകള്‍, രണ്ട് അമുസ്ലിം അംഗങ്ങളുടെ ഒഴിവുകള്‍ ഉള്‍പ്പെടെ, ആറാഴ്ചയ്ക്കകം നികത്താന്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം. ആവശ്യമായ അംഗങ്ങളെ നിയമിക്കാതെ ബോര്‍ഡിന് എങ്ങനെ പ്രവര്‍ത്തിക്കാനാകുമെന്ന് കോടതി ചോദിച്ചു. നിയമനങ്ങള്‍ നടത്തിയശേഷം അവ ആരെങ്കിലും ചോദ്യം ചെയ്യുകയാണെങ്കില്‍ അത് പിന്നീട് പരിഗണിക്കാവുന്ന വിഷയമാണെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സൗമന്‍ സെന്‍, ജസ്റ്റിസ് വി.എം. ശ്യാംകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്. 2025ലെ വഖഫ് നിയമഭേദഗതി പ്രകാരം സംസ്ഥാന വഖഫ് ബോര്‍ഡില്‍ രണ്ട് അമുസ്ലിം അംഗങ്ങളെ ഉള്‍പ്പെടുത്താത്തതും ഷിയ ഉള്‍പ്പെടെയുള്ള വിവിധ മുസ്ലിം വിഭാഗങ്ങള്‍ക്ക് നിയമപ്രകാരമുള്ള പ്രാതിനിധ്യം ഉറപ്പാക്കാത്തതും ചോദ്യം ചെയ്തുള്ള പൊതുതാല്‍പര്യ ഹര്‍ജികളാണ് കോടതി പരിഗണിച്ചത്.

അസംബ്ലി ഓഫ് ക്രിസ്ത്യന്‍ ട്രസ്റ്റ് സര്‍വീസസ് (ആക്ട്‌സ്), ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ്, ആലോ റസൂല്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് സാജിദ് ഹുസൈന്‍ ഖട്ടായി തുടങ്ങിയവരാണ് ഹര്‍ജിക്കാര്‍. രണ്ട് അമുസ്ലിം അംഗങ്ങളെ വഖഫ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശിക്കുന്ന ഭേദഗതി ചെയ്ത നിയമവ്യവസ്ഥക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജികള്‍ നിലവിലുണ്ടെന്ന് റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ അറിയിച്ചു. വിഷയത്തില്‍ തീരുമാനമെടുക്കുന്നതില്‍നിന്ന് സര്‍ക്കാര്‍ മാറിനില്‍ക്കുന്നില്ലെന്ന് അഡ്വക്കേറ്റ് ജനറല്‍ കെ. ജാജു ബാബുവും കോടതിയെ അറിയിച്ചു.

വഖഫ് ബോര്‍ഡിന്റെ പുനഃസംഘടനയ്ക്ക് മുമ്പ് വിവിധ മുസ്ലിം വിഭാഗങ്ങള്‍ക്ക് നിയമപ്രകാരമുള്ള പ്രാതിനിധ്യം നിര്‍ണയിക്കുന്ന നടപടികള്‍ പൂര്‍ത്തിയായിരുന്നില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഷിയ, സുന്നി, ബോഹ്‌റ, അഗാഖാനി, മറ്റ് പിന്നാക്ക മുസ്ലിം വിഭാഗങ്ങള്‍ എന്നിവരുടെ എണ്ണവും അവര്‍ പ്രതിനിധീകരിക്കുന്ന വഖഫ് സ്വത്തുക്കളുടെ മൂല്യവും സംബന്ധിച്ച വിശദമായ നിര്‍ണയം നടത്താന്‍ വഖഫ് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം നിയമാനുസൃതമായി ബോര്‍ഡ് പുനഃസംഘടിപ്പിക്കാന്‍ തയ്യാറാണെന്നും സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ നിലവിലുള്ള ഒഴിവുകള്‍ ആദ്യം നികത്തിക്കൂടെയെന്ന് ചീഫ് ജസ്റ്റിസ് സര്‍ക്കാരിനോട് ചോദിച്ചു. അംഗങ്ങളെ നിയമിക്കാനും ബോര്‍ഡ് പുനഃസംഘടിപ്പിക്കാനും സര്‍ക്കാരിന് അധികാരമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. നിലവില്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്ക് അനാവശ്യ ബുദ്ധിമുട്ടുണ്ടാക്കാന്‍ കോടതി ഉദ്ദേശിക്കുന്നില്ലെന്നും ബെഞ്ച് വ്യക്തമാക്കി.

ഭേദഗതി ചെയ്ത വഖഫ് നിയമത്തിലെ സെക്ഷന്‍ 14(1) പ്രകാരം രണ്ട് അമുസ്ലിം അംഗങ്ങളെ ഉള്‍പ്പെടുത്തണമെന്നാണ് വ്യവസ്ഥ. നിലവിലുള്ള ബോര്‍ഡില്‍ ഇവരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തനം തുടരാമെന്നും പിന്നീട് പുനഃസംഘടന സംബന്ധിച്ച് തീരുമാനമെടുക്കാമെന്നും ഹൈക്കോടതി നേരത്തെയും വ്യക്തമാക്കിയിരുന്നു. വഖഫ് സ്വത്തുകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മുസ്ലിം ഇതര വിഭാഗങ്ങളുടെയും താല്‍പര്യങ്ങള്‍ ഉള്‍പ്പെട്ടേക്കാമെന്നും അതുകൊണ്ടാണ് നിയമഭേദഗതിയില്‍ അമുസ്ലിം പ്രാതിനിധ്യം കൊണ്ടുവന്നതെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. നിയമപ്രകാരമുള്ള അംഗങ്ങളെ ഉള്‍പ്പെടുത്തുന്നതില്‍ കാലതാമസം വരുന്നത് ഭേദഗതിയുടെ ലക്ഷ്യം തന്നെ ഇല്ലാതാക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. ബോര്‍ഡ് പുനഃസംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ആറാഴ്ചയ്ക്കകം നടപടികളില്‍ തീരുമാനമെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു. കേസ് സെപ്റ്റംബര്‍ 30ന് വീണ്ടും പരിഗണിക്കും.

 
Other News in this category

 
 




 
Close Window