Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കരുവാറ്റ കൊലപാതകം: പിടിക്കപ്പെട്ടാല്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും പദ്ധതി; ചാറ്റുകളും ഓഡിയോ സന്ദേശങ്ങളും നിര്‍ണായകം
reporter

ആലപ്പുഴ: കരുവാറ്റയില്‍ വയോധികനായ ശിവന്‍കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായാല്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും കൗമാരക്കാരായ പ്രതികള്‍ മുന്‍കൂട്ടി പദ്ധതി തയ്യാറാക്കിയിരുന്നതായി പൊലീസ്. പെണ്‍കുട്ടിക്ക് മരുന്ന് നല്‍കാനായി ഹരിപ്പാട് എത്തിയതാണെന്ന് പൊലീസിനോട് പറയാനായിരുന്നു തീരുമാനം. കൊലപാതകത്തിന്റെ ഉത്തരവാദിത്തം സ്വന്തം പിതാവിന് മേല്‍ ചുമത്താനും പെണ്‍കുട്ടി ശ്രമിച്ചതായാണ് അന്വേഷണസംഘം പറയുന്നത്. കൊല്ലപ്പെട്ട ശിവന്‍കുട്ടിയും പെണ്‍കുട്ടിയുടെ പിതാവും തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമെന്ന തരത്തിലാണ് പെണ്‍കുട്ടി ആദ്യം മൊഴി നല്‍കിയത്. എന്നാല്‍ പെണ്‍കുട്ടിയുടെ ഫോണില്‍നിന്ന് ലഭിച്ച വാട്‌സ്ആപ്പ് ചാറ്റുകളും ഓഡിയോ സന്ദേശങ്ങളും പരിശോധിച്ചതോടെ സംഭവത്തിന്റെ യഥാര്‍ഥ ചിത്രം പുറത്തുവന്നതായി പൊലീസ് പറയുന്നു.

കൊലപാതകവുമായി ബന്ധപ്പെട്ട് കൗമാര സംഘം വാട്‌സ്ആപ്പിലൂടെ കൈമാറിയ ഓഡിയോ സന്ദേശങ്ങളാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. കുറ്റകൃത്യം നടത്തുന്നതിനും പിടിക്കപ്പെട്ടാല്‍ രക്ഷപ്പെടുന്നതിനുമായി വിശദമായ ആസൂത്രണം നടത്തിയിരുന്നതിന്റെ തെളിവുകള്‍ സന്ദേശങ്ങളില്‍നിന്ന് ലഭിച്ചതായും പൊലീസ് വ്യക്തമാക്കി. പ്രായപൂര്‍ത്തിയാകാത്തവരായതിനാല്‍ പിടിക്കപ്പെട്ടാലും വലിയ ശിക്ഷ ലഭിക്കില്ലെന്ന് പെണ്‍കുട്ടി മറ്റു പ്രതികളോട് പറഞ്ഞിരുന്നതായും അന്വേഷണസംഘം പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കുറ്റകൃത്യം നടത്താന്‍ സംഘം മുന്‍കൂട്ടി തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. സംഭവദിവസം വീട്ടില്‍ പ്രവേശിച്ച സംഘം ശിവന്‍കുട്ടിയെ ആക്രമിക്കുകയും തല ഡൈനിങ് ടേബിളില്‍ ഇടിപ്പിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. ഇതോടെ അദ്ദേഹം ബോധരഹിതനായി. എന്നാല്‍ മരണം ഉറപ്പാക്കണമെന്ന് പെണ്‍കുട്ടി നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് കഴുത്തില്‍ തുണി വരിഞ്ഞുമുറുക്കി ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരമെന്ന് പൊലീസ് വ്യക്തമാക്കി.

സ്വന്തം വീട്ടിലെ മോഷണം ആസൂത്രണം ചെയ്തതും മുത്തച്ഛനെ കൊലപ്പെടുത്താന്‍ സുഹൃത്തുക്കള്‍ക്ക് നിര്‍ദേശം നല്‍കിയതും താനാണെന്ന് പെണ്‍കുട്ടി സമ്മതിച്ചതായും പൊലീസ് പറയുന്നു. കേസില്‍ ഒരു മാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. പ്രതികളായ ആണ്‍കുട്ടികളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതിനായി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനെ സമീപിക്കും. തെളിവെടുപ്പ് പൂര്‍ത്തിയാക്കി തുടര്‍നടപടികള്‍ വേഗത്തിലാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്.

 
Other News in this category

 
 




 
Close Window