Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
തൊഴിലുറപ്പ് ജോലികള്‍ അഞ്ചുമാസമായിട്ടും തുടങ്ങിയില്ല; ഓണക്കാലത്ത് പ്രതിസന്ധിയില്‍ ഗ്രാമീണ തൊഴിലാളികള്‍
repporter

ഉദുമ: പുതിയ സാമ്പത്തിക വര്‍ഷം ആരംഭിച്ച് അഞ്ച് മാസം പിന്നിട്ടിട്ടും തൊഴിലുറപ്പ് പദ്ധതിയിലെ ജോലികള്‍ ആരംഭിക്കാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ലക്ഷക്കണക്കിന് ഗ്രാമീണ തൊഴിലാളികള്‍ കടുത്ത ഉപജീവന പ്രതിസന്ധിയില്‍. ഓണക്കാലത്ത് 40 മുതല്‍ 50 വരെ തൊഴില്‍ദിനങ്ങള്‍ പൂര്‍ത്തിയാക്കി വരുമാനം കണ്ടെത്തിയിരുന്ന തൊഴിലാളികള്‍ക്ക് ഇത്തവണ ഒരു ദിവസത്തെ ജോലി പോലും ലഭിക്കാത്ത സാഹചര്യമാണെന്ന് പരാതിയുണ്ട്. സാധാരണയായി ഏപ്രില്‍ ഒന്നിന് ആരംഭിക്കേണ്ട തൊഴിലുറപ്പ് ജോലികള്‍ ഇത്തവണ പല പ്രദേശങ്ങളിലും തുടങ്ങിയിട്ടില്ല. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ബാക്കി ജോലികള്‍ പൂര്‍ത്തിയാക്കിയ ചുരുക്കം ചിലര്‍ക്കൊഴികെ ഭൂരിഭാഗം തൊഴിലാളികള്‍ക്കും പുതിയ സാമ്പത്തിക വര്‍ഷത്തില്‍ തൊഴില്‍ ലഭിച്ചിട്ടില്ലെന്നാണ് തൊഴിലാളികളുടെ പരാതി.

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പുനഃസംഘടിപ്പിച്ച് ജൂലൈ ഒന്ന് മുതല്‍ 'വികസിത് ഭാരത് ഗ്യാരണ്ടി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് ആജീവിക മിഷന്‍ ഗ്രാമീണ്‍' എന്ന പേരിലേക്ക് മാറ്റിയെങ്കിലും പുതിയ ജോലികള്‍ അനുവദിക്കുന്നതിലും മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിലും വ്യക്തതയില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ആരോപണം. പഞ്ചായത്തുകള്‍ക്ക് 318 തരത്തിലുള്ള ജോലികള്‍ ഉള്‍പ്പെടുത്തിയ പ്രാഥമിക മാര്‍ഗരേഖ മാത്രമാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. എന്നാല്‍ പട്ടികയിലുള്ള ജോലികളില്‍ വലിയൊരു വിഭാഗവും പൊതുആസ്തി വികസനത്തിന് അനുയോജ്യമല്ലെന്നും സ്ത്രീ തൊഴിലാളികള്‍ക്ക് എളുപ്പത്തില്‍ ചെയ്യാവുന്ന ജോലികള്‍ കുറവാണെന്നും തൊഴിലാളികള്‍ പറയുന്നു. വ്യക്തിഗത ഗുണഭോക്തൃ ജോലികള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നതെന്നും വിമര്‍ശനമുണ്ട്.

പുതിയ പദ്ധതി പ്രകാരം വര്‍ഷത്തില്‍ 125 തൊഴില്‍ദിനങ്ങളും പ്രതിദിനം 401 രൂപ കൂലിയും വിഭാവനം ചെയ്തിട്ടുണ്ടെങ്കിലും പദ്ധതി എപ്പോള്‍ മുതല്‍ നടപ്പാക്കണം, ജോലികള്‍ എങ്ങനെ അനുവദിക്കണം തുടങ്ങിയ കാര്യങ്ങളില്‍ ജില്ലാ ഭരണകൂടങ്ങള്‍ക്കും പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും വ്യക്തമായ നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടില്ലെന്നാണ് ആക്ഷേപം. തൊഴിലുറപ്പ് പദ്ധതി സ്തംഭിച്ചതിന്റെ പ്രത്യാഘാതം തൊഴിലാളികളില്‍ മാത്രം ഒതുങ്ങുന്നില്ല. പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഓവര്‍സിയര്‍മാര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍മാര്‍, അക്കൗണ്ടന്റുമാര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍ എന്നിവരും കഴിഞ്ഞ അഞ്ച് മാസമായി കാര്യമായ ജോലിയില്ലാതെ കഴിയുകയാണെന്ന് ചൂണ്ടിക്കാട്ടുന്നു. ഓണക്കാലത്ത് കുടുംബച്ചെലവുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പതിവായി ലഭിച്ചിരുന്ന തൊഴിലുറപ്പ് വരുമാനവും നഷ്ടമായതോടെ ഗ്രാമീണ കുടുംബങ്ങളുടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. പുതിയ പദ്ധതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അടിയന്തരമായി വ്യക്തതയോടെ നടപ്പാക്കി തൊഴിലുകള്‍ ആരംഭിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

 
Other News in this category

 
 




 
Close Window