ന്യൂഡല്‍ഹി: പാലക്കാട് റെയില്‍വേ ഡിവിഷന്റെ വിഭജനത്തെ ന്യായീകരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. റെയില്‍വേയുടെ തീരുമാനം ഭരണപരമായ പുനഃസംഘടനയുടെ ഭാഗമാണെന്നും ഇതുമൂലം കേരളത്തിന് യാതൊരു നഷ്ടവും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ റെയില്‍വേ വികസനത്തില്‍ വീഴ്ചയോ വേഗതക്കുറവോ ഉണ്ടാകരുതെന്നാണ് ബിജെപിയുടെ നിലപാട്. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ തെറ്റായി വ്യാഖ്യാനിച്ച് ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു. റെയില്‍വേ വിഷയത്തില്‍ ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ് ഇതിനകം വിശദീകരണം നല്‍കിയിട്ടുണ്ടെന്നും കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിയുമായി ചേര്‍ന്ന് അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള ബ്ലൂ പ്രിന്റ് തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ പദ്ധതികള്‍ മികച്ച രീതിയില്‍ മുന്നോട്ടുപോകുമെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.
മംഗളൂരു നിലവില്‍ മൂന്ന് റെയില്‍വേ ഡിവിഷനുകളുടെ ഭാഗമായാണ് പ്രവര്‍ത്തിക്കുന്നത്. റെയില്‍വേ ഒരു ദേശീയ സ്ഥാപനമായതിനാല്‍ ഭരണസൗകര്യത്തിനായി പുനഃസംഘടന നടത്തുന്നത് സ്വാഭാവിക നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായാണ് മംഗളൂരുവിനെ മൈസൂരു ഡിവിഷന്റെ ഭാഗമാക്കുന്നതെന്നും ഇതില്‍ പ്രശ്‌നമൊന്നുമില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ അഭിപ്രായപ്പെട്ടു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാലും വിഷയത്തില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നതിനെ അദ്ദേഹം വിമര്‍ശിച്ചു. ജനങ്ങളുടെ ശ്രദ്ധ തിരിക്കാനായി അനാവശ്യ വിവാദം സൃഷ്ടിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു. നൂറുദിവസം പിന്നിട്ട യുഡിഎഫ് സര്‍ക്കാരിന് എടുത്തുപറയാവുന്ന നേട്ടങ്ങളൊന്നും ഇല്ലാത്തതിനാലാണ് പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഷയം രാഷ്ട്രീയ വിവാദമാക്കാന്‍ ശ്രമിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി.