Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 19th Oct 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ബേക്കറികളിലെ ഹോര്‍ട്ടിവൈന്‍ വില്‍പ്പന വിവാദത്തില്‍; അനുമതി റദ്ദാക്കാന്‍ സര്‍ക്കാര്‍ നീക്കം
reporter

തിരുവനന്തപുരം: ബേക്കറി വഴി ഹോര്‍ട്ടിവൈന്‍ വില്‍ക്കാന്‍ നല്‍കിയ അനുമതി റദ്ദാക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രിയെയും എക്‌സൈസ് മന്ത്രിയെയും അറിയിക്കാതെ ലൈസന്‍സ് അനുവദിച്ചതിലുള്ള അതൃപ്തിയാണ് നടപടിക്കു പിന്നിലെന്നാണ് റിപ്പോര്‍ട്ട്. വിഷയത്തില്‍ നിയമോപദേശം തേടാന്‍ എക്‌സൈസ് മന്ത്രി എം. ലിജു നിര്‍ദേശം നല്‍കി.

ചാലക്കുടിയിലെ എംആര്‍സി ബേക്കറിക്കാണ് പഴങ്ങളില്‍നിന്ന് നിര്‍മിക്കുന്ന ഹോര്‍ട്ടിവൈന്‍ വില്‍ക്കാന്‍ അനുമതി നല്‍കിയത്. സംസ്ഥാനത്ത് ആദ്യമായാണ് ബേക്കറിയിലൂടെ ഇത്തരം വൈന്‍ വില്‍പ്പനയ്ക്ക് ലൈസന്‍സ് അനുവദിക്കുന്നത്. അബ്കാരി വിഭാഗത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കമ്മീഷണറെ മാറ്റാനും സര്‍ക്കാര്‍ നീങ്ങുന്നതായാണ് വിവരം. 2022-23ലെ മദ്യനയത്തിന്റെ ഭാഗമായാണ് മുന്‍ ഇടതുസര്‍ക്കാര്‍ 15.5 ശതമാനം വരെ വീര്യമുള്ള ഹോര്‍ട്ടിവൈന്‍ ഉത്പാദനത്തിന് വഴിയൊരുക്കിയത്. ഇതിനായി ചെറുകിട വൈനറി ചട്ടങ്ങള്‍ രൂപീകരിക്കുകയും സാധാരണ വൈനിന് സമാനമായി 86 ശതമാനം നികുതി ഏര്‍പ്പെടുത്തുകയും ചെയ്തു.

പിന്നീട് ബെവ്‌കോയ്ക്ക് പുറത്തുള്ള വില്‍പ്പനയ്ക്കും ചട്ടഭേദഗതിയിലൂടെ അനുമതി നല്‍കി. വില്‍പ്പനശാലകള്‍ക്കുള്ള കുറഞ്ഞ വിസ്തീര്‍ണം ആദ്യം 100 ചതുരശ്ര മീറ്ററായിരുന്നത് 2025 സെപ്റ്റംബറില്‍ പത്ത് ചതുരശ്ര മീറ്ററായി കുറച്ചു. ഈ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ ജൂണില്‍ ലഭിച്ച അപേക്ഷ അംഗീകരിച്ചാണ് ചാലക്കുടിയിലെ ബേക്കറിക്ക് ലൈസന്‍സ് നല്‍കിയത്. എന്നാല്‍ അനുമതി നിയമപ്രകാരമാണെന്ന നിലപാടിലാണ് എക്‌സൈസ് കമ്മീഷണറേറ്റ്. സര്‍ക്കാര്‍ അറിഞ്ഞില്ലെന്ന വാദത്തെ മുന്‍ എക്‌സൈസ് മന്ത്രി എം. ബി. രാജേഷും ചോദ്യം ചെയ്തു. വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പ്പന സംബന്ധിച്ച നയപരമായ ചര്‍ച്ചകള്‍ക്കിടെയാണ് ഹോര്‍ട്ടിവൈന്‍ അനുമതി പുതിയ വിവാദമായിരിക്കുന്നത്.

 
Other News in this category

 
 




 
Close Window