Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 21st Oct 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
സ്‌കൂള്‍ കുട്ടികളില്‍ ജീവിതശൈലീരോഗങ്ങള്‍ വര്‍ധിക്കുന്നു; പ്രതിരോധത്തിന് 'അക്ഷരം ആരോഗ്യം' പദ്ധതി
reporter

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ അമിതവണ്ണവും രക്താതിമര്‍ദ്ദവും ഉള്‍പ്പെടെയുള്ള ജീവിതശൈലീരോഗങ്ങള്‍ വര്‍ധിക്കുന്നതായി സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചു. രോഗങ്ങള്‍ നേരത്തേ കണ്ടെത്താനും പ്രതിരോധിക്കാനും 'അക്ഷരം ആരോഗ്യം' ഉള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പാക്കിവരുന്നതായി പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീന്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ചൈല്‍ഡ് ഡെവലപ്മെന്റ് സെന്ററുമായി സഹകരിച്ച് 15 ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ നടത്തിയ പ്രാഥമിക പഠനത്തിലാണ് കുട്ടികളിലെ ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടെത്തിയത്. പഠനത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളില്‍ 8.6 ശതമാനം പേര്‍ക്ക് രക്താതിമര്‍ദ്ദവും 30 ശതമാനം പേര്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും കണ്ടെത്തിയതായി മറുപടിയില്‍ പറയുന്നു. അമിതവണ്ണവും ടൈപ്പ്-2 പ്രമേഹവും നിയന്ത്രിക്കുന്നതിന് സിഡിസിയുടെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും സഹകരണത്തോടെ എല്ലാ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും 'ലൈഫ് സ്‌റ്റൈല്‍ ഡിസീസ് ഇന്റര്‍വെന്‍ഷന്‍' പദ്ധതി ആരംഭിച്ചിട്ടുണ്ട്.

ആരോഗ്യകരമായ ഭക്ഷണശീലം വളര്‍ത്തുന്നതിന്റെ ഭാഗമായി സ്‌കൂള്‍ കാന്റീനുകള്‍, ഭക്ഷണശാലകള്‍, അടുക്കളകള്‍, ക്ലാസ് മുറികള്‍ എന്നിവിടങ്ങളില്‍ 'ഷുഗര്‍ ബോര്‍ഡുകള്‍' സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കി. പഞ്ചസാരയുടെയും ജങ്ക് ഫുഡിന്റെയും അമിത ഉപയോഗം മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് കുട്ടികളെ ബോധവല്‍ക്കരിക്കുകയാണ് ലക്ഷ്യം. ഉച്ചഭക്ഷണം തയ്യാറാക്കുമ്പോള്‍ എണ്ണയുടെ ഉപയോഗം പത്ത് ശതമാനം കുറയ്ക്കാനും വറുത്ത പലഹാരങ്ങള്‍ക്ക് പകരം ആവിയില്‍ വേവിച്ചതും ബേക്ക് ചെയ്തതുമായ ഭക്ഷണം പ്രോത്സാഹിപ്പിക്കാനും നിര്‍ദേശമുണ്ട്. വിദ്യാര്‍ഥികളുടെ കായികക്ഷമത മെച്ചപ്പെടുത്താന്‍ 'സ്‌കൂള്‍ കായികമിത്രം' പദ്ധതിയിലൂടെ കായികോപകരണങ്ങള്‍ നല്‍കുന്നുണ്ട്. 'അക്വാഫിറ്റ്' പദ്ധതിയുടെ ഭാഗമായി 14,000 കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനവും നല്‍കിവരുന്നു.

സ്‌കൂള്‍ കളിസ്ഥലങ്ങള്‍ പാര്‍ക്കിങ്ങിനോ മറ്റ് നിര്‍മാണങ്ങള്‍ക്കോ ഉപയോഗിക്കുന്നത് വിലക്കി സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാനത്തെ സ്‌കൂളുകളില്‍ കളിസ്ഥല ഓഡിറ്റും നടത്തും. സ്ഥലപരിമിതി കാരണം 30 ശതമാനം ഭൂമി കളിസ്ഥലത്തിനായി മാറ്റിവെക്കാനാകാത്ത വിദ്യാലയങ്ങളില്‍ ഫിസിക്കല്‍ ഫിറ്റ്‌നസ് ലബോറട്ടറികള്‍ ഒരുക്കും. എല്‍പി, യുപി വിഭാഗങ്ങളില്‍ ഓരോ ക്ലാസ് മുറിയും ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളില്‍ രണ്ട് ക്ലാസ് മുറികള്‍ വീതവുമാണ് ഇതിനായി സജ്ജീകരിക്കുക.

വിദ്യാഭ്യാസ-ആരോഗ്യ വകുപ്പുകള്‍ സംയുക്തമായി നടപ്പാക്കുന്ന 'അക്ഷരം ആരോഗ്യം' പദ്ധതിയില്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ ഒന്നുമുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളിലെ കുട്ടികളെ ഉള്‍പ്പെടുത്തും. രക്ഷിതാക്കളുടെ സമ്മതത്തോടെ വിദ്യാര്‍ഥികള്‍ക്ക് ഡിജിറ്റല്‍ ഹെല്‍ത്ത് ഐഡി കാര്‍ഡ് നല്‍കും. ആരോഗ്യവിവരങ്ങള്‍ സ്റ്റേറ്റ് ഡാറ്റാ സെന്ററില്‍ സൂക്ഷിക്കുകയും ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ വാര്‍ഷിക ആരോഗ്യപരിശോധന നടത്തുകയും ചെയ്യും. തുടര്‍ചികിത്സ ആവശ്യമുള്ള കുട്ടികളെ വിദഗ്ധ ചികിത്സയ്ക്കായി റഫര്‍ ചെയ്യും. പദ്ധതിയുടെ ഏകോപനത്തിന് അധ്യാപകരെ ഹെല്‍ത്ത് മെന്റര്‍മാരായും വിദ്യാര്‍ഥികളെ ഹെല്‍ത്ത് അംബാസഡര്‍മാരായും ഹെല്‍ത്ത് മെസ്സഞ്ചര്‍മാരായും ചുമതലപ്പെടുത്തിയിട്ടുണ്ട്. കിടപ്പുരോഗികളായ മൂവായിരത്തോളം കുട്ടികള്‍ക്കും പഠനവൈകല്യമുള്ള ഒന്നേകാല്‍ ലക്ഷത്തോളം വിദ്യാര്‍ഥികള്‍ക്കും പ്രത്യേക പരിചരണം നല്‍കുന്ന 'സ്‌പേസ്' പദ്ധതിയുമായി ചേര്‍ന്നാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നത്.

 
Other News in this category

 
 




 
Close Window