Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 17th Oct 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: സുഹൈലിന്റെ ജാമ്യാപേക്ഷ തള്ളി കോടതി
reporter

കൊച്ചി: നെടുമ്പാശേരി വിമാനത്താവള റോഡില്‍ മൂന്നുപേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പര്‍ അപകടക്കേസില്‍ പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളി. കഴിഞ്ഞ ദിവസം രണ്ടര മണിക്കൂറോളം നീണ്ട വാദത്തിനുശേഷമാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

കേസില്‍ കുറ്റകരമായ നരഹത്യയ്ക്കുള്ള 105ാം വകുപ്പ് ചുമത്തിയത് നിലനില്‍ക്കില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന വാദം. അപകടസമയത്ത് കാറിന്റെ വേഗം വ്യക്തമാക്കുന്ന തെളിവുകള്‍ പൊലീസ് സമര്‍പ്പിച്ചിട്ടില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. സ്‌കൂട്ടറില്‍ മൂന്നുപേര്‍ സഞ്ചരിച്ചതിനാല്‍ നിയന്ത്രണം നഷ്ടപ്പെട്ടിരിക്കാമെന്ന സാധ്യതയും പ്രതിഭാഗം ഉന്നയിച്ചു.

സുഹൈല്‍ സംഭവസ്ഥലത്തുനിന്ന് ഓടിപ്പോയിട്ടില്ലെന്നും മാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും പ്രതിയെയും കുടുംബത്തെയും ലക്ഷ്യമിടുകയാണെന്നും അഭിഭാഷകര്‍ വാദിച്ചു. കാറിലുണ്ടായിരുന്ന മറ്റു പ്രതികള്‍ യാത്രക്കാര്‍ മാത്രമാണെന്നും അമിതവേഗം തടഞ്ഞില്ലെന്ന ആരോപണത്തിന് അടിസ്ഥാനമായ കാര്യങ്ങള്‍ പ്രാഥമിക സാക്ഷിമൊഴിയിലില്ലെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു.

എന്നാല്‍ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഒന്നാം പ്രതിയുടെ രക്തത്തിലും മൂത്രത്തിലും ആല്‍ക്കഹോളിന്റെ സാന്നിധ്യം പരിശോധനയില്‍ കണ്ടെത്തിയതായി പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ ഉടന്‍ ഹാജരാക്കുമെന്നും വ്യക്തമാക്കി. ഇരുപക്ഷത്തിന്റെയും വാദങ്ങള്‍ പരിഗണിച്ച ശേഷമാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.

 
Other News in this category

 
 




 
Close Window