പത്തനംതിട്ട: ക്രിമിനല്‍ കേസുകളിലെ പ്രതികളുമായുള്ള ബന്ധത്തെക്കുറിച്ചുള്ള വകുപ്പുതല അന്വേഷണത്തിനു പിന്നാലെ തിരുവല്ല പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ നിഷാന്ത് പി. ചന്ദ്രനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു. പൊലീസ് അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ സെക്രട്ടറിയാണ് നിഷാന്ത്. പീച്ചി സ്വര്‍ണക്കവര്‍ച്ച ഉള്‍പ്പെടെയുള്ള കേസുകളിലെ ഗുണ്ടാസംഘങ്ങളുമായും കാപ്പ കേസ് പ്രതികളുമായും നിഷാന്തിന് വഴിവിട്ട ബന്ധമുണ്ടെന്ന പരാതിയിലാണ് ആഭ്യന്തര വകുപ്പ് അന്വേഷണം നടത്തിയത്. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഏതാനും മാസങ്ങളായി സസ്‌പെന്‍ഷനിലായിരുന്നു.
വിവിധ കേസുകളിലെ പ്രതികളുമായി നിഷാന്ത് പലതവണ ഫോണില്‍ ബന്ധപ്പെട്ടതായും അവര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. തിരുവല്ല പൊലീസ് സ്റ്റേഷനില്‍ നിഷാന്തിനെതിരെ നേരത്തെയും കേസുകളുണ്ടെന്നും വാര്‍ത്തയില്‍ പറയുന്നു. അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍, സര്‍വീസില്‍നിന്ന് പിരിച്ചുവിടാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ 15 ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവി നേരത്തെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്നാണ് പിരിച്ചുവിടല്‍ നടപടി സ്വീകരിച്ചത്.