Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ബാങ്കെ ബിഹാരി ക്ഷേത്രത്തിലെ ആചാരങ്ങളില്‍ ഉടന്‍ മാറ്റമില്ലെന്ന് സുപ്രീംകോടതി
reporter

ന്യൂഡല്‍ഹി: വൃന്ദാവനിലെ പ്രശസ്തമായ ബാങ്കെ ബിഹാരി ക്ഷേത്രത്തിലെ ആചാരങ്ങളുമായി ബന്ധപ്പെട്ട നിലവിലെ ക്രമീകരണങ്ങളില്‍ ഉടനടി മാറ്റങ്ങള്‍ വരുത്തില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പുതുതായി സമര്‍പ്പിച്ച സ്റ്റാറ്റസ് റിപ്പോര്‍ട്ടില്‍ മറുപടി നല്‍കാന്‍ കക്ഷികള്‍ക്ക് സമയം അനുവദിച്ചുകൊണ്ട് കേസ് രണ്ടാഴ്ചത്തേക്ക് മാറ്റുകയും ചെയ്തു.

താക്കൂര്‍ ശ്രീ ബാങ്കെ ബിഹാരി ജി മഹാരാജ് ക്ഷേത്ര മാനേജ്‌മെന്റ് കമ്മിറ്റിയും പുരോഹിതരും സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. കാലപ്പഴക്കമുള്ള മതപരമായ പാരമ്പര്യങ്ങളില്‍ ഇടപെടുന്ന തരത്തില്‍ ഉന്നതതല സമിതി എടുത്ത ഭരണപരമായ തീരുമാനങ്ങളെയാണ് ഹര്‍ജിക്കാര്‍ ചോദ്യം ചെയ്തത്.

ഉത്തര്‍പ്രദേശ് ബാങ്കെ ബിഹാരി ജി ടെമ്പിള്‍ ട്രസ്റ്റ് ഓര്‍ഡിനന്‍സ് 2025-ന്റെ ചില ഭാഗങ്ങള്‍ നേരത്തെ കോടതി സ്റ്റേ ചെയ്തിരുന്നു. ക്ഷേത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മേല്‍നോട്ടം വഹിക്കാന്‍ വിരമിച്ച അലഹബാദ് ഹൈക്കോടതി ജഡ്ജി അശോക് കുമാറിന്റെ അധ്യക്ഷതയില്‍ 12 അംഗ സമിതിയും രൂപീകരിച്ചിരുന്നു.

ദര്‍ശന സമയത്തില്‍ വരുത്തിയ മാറ്റം, പരമ്പരാഗതമായ 'ദെഹ്രി പൂജ' നിര്‍ത്തലാക്കിയത്, പൂജാ കര്‍മ്മങ്ങള്‍ക്കുള്ള അമിത നിരക്കുകള്‍ എന്നിവയാണ് ഹര്‍ജിക്കാര്‍ പ്രധാനമായും ചോദ്യം ചെയ്തത്. ഭഗവാന്‍ ഉണരുന്നതും വിശ്രമിക്കുന്നതുമായ സമയക്രമം വേനല്‍ക്കാലത്തും ശൈത്യകാലത്തും പണ്ടുമുതലേ പിന്തുടരുന്നുണ്ടെന്നും പുതിയ മാറ്റങ്ങള്‍ അത് തടസ്സപ്പെടുത്തുന്നുവെന്നും അവര്‍ വാദിച്ചു.

പണം നല്‍കുന്നവര്‍ക്ക് പ്രത്യേക പൂജകള്‍ അനുവദിക്കുന്നത് മൂലം ഭഗവാന്റെ വിശ്രമ സമയം തടസ്സപ്പെടുന്നതില്‍ കഴിഞ്ഞ ഡിസംബറില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. നിലവില്‍ ക്ഷേത്ര ഭരണത്തില്‍ സര്‍ക്കാരിന് നിയന്ത്രണം നല്‍കുന്ന ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്തിരിക്കുകയാണ്. ഹൈക്കോടതി ഭരണഘടനാ സാധുത പരിശോധിക്കുന്നതുവരെ ഉന്നതതല സമിതിക്കായിരിക്കും ക്ഷേത്ര ഭരണത്തിന്റെ ചുമതല. കേസ് രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.

 
Other News in this category

 
 




 
Close Window