Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കുറ്റിപ്പുറത്ത് സ്വകാര്യബസ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു; മൂന്നുപേര്‍ ഗുരുതരാവസ്ഥയില്‍
reporter

മലപ്പുറം: കുറ്റിപ്പുറത്ത് സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് നിയന്ത്രണംവിട്ട് ഡിവൈഡറില്‍ ഇടിച്ച് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മൂന്നുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. കോഴിക്കോട് പന്തീരാങ്കാവ് പെരുവയല്‍ സ്വദേശി വൈഷ്ണവ് (31) ആണ് മരിച്ചത്. ദേവസ്വം ബോര്‍ഡ് പരീക്ഷ എഴുതുന്നതിനായി സഹോദരനൊപ്പം പോകുന്നതിനിടെയായിരുന്നു അപകടം. പരിക്കേറ്റ സഹോദരന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കുറ്റിപ്പുറം റെയില്‍വേ മേല്‍പ്പാലത്തിനു സമീപമുള്ള ആറുവരിപ്പാതയിലാണ് അപകടമുണ്ടായത്. കോഴിക്കോട്-തൃശൂര്‍ റൂട്ടിലോടുന്ന 'ഡിഫന്‍ഡര്‍' ബസ് ഡിവൈഡറില്‍ ഇടിച്ചശേഷം സമീപത്തുണ്ടായിരുന്ന കാറിനു മുകളിലേക്ക് മറിയുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തില്‍ ബസിന്റെ നടുഭാഗം പിളര്‍ന്നു. ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെ 26 പേരാണ് ബസിലുണ്ടായിരുന്നതെന്ന് പൊലീസ് അറിയിച്ചു. ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരില്‍ പലരെയും പുറത്തെടുത്തത്. പൊലീസും അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ വളാഞ്ചേരി, കോട്ടയ്ക്കല്‍ എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ബസ് അമിതവേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ ആരോപിച്ചു. മഴയില്‍ റോഡ് നനഞ്ഞുകിടന്നതും അപകടത്തിന് കാരണമായിട്ടുണ്ടാകാമെന്നാണ് നാട്ടുകാരുടെ നിഗമനം. അപകടത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.

 
Other News in this category

 
 




 
Close Window