Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
പിഎം ശ്രീയുമായി മുന്നോട്ടെന്ന അടൂര്‍ പ്രകാശിനെ തള്ളി കുഞ്ഞാലിക്കുട്ടി; 'യുഡിഎഫ് ചര്‍ച്ച ചെയ്തിട്ടില്ല'
reporter

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ പ്രസ്താവന തള്ളി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. കഴിഞ്ഞദിവസം ചേര്‍ന്ന യുഡിഎഫ് യോഗം പിഎം ശ്രീ വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്നും മന്ത്രിസഭാ ഉപസമിതിയുടെ പരിശോധന പൂര്‍ത്തിയായശേഷമേ മുന്നണിയും സര്‍ക്കാരും നിലപാട് വ്യക്തമാക്കൂവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന് ലഭിക്കേണ്ട കേന്ദ്രഫണ്ട് നഷ്ടപ്പെടാതിരിക്കാനാണ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട ധാരണാപത്രത്തില്‍ ഒപ്പിട്ടതെന്നാണ് അന്ന് നിയമസഭയില്‍ വിശദീകരിച്ചതെന്ന് കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. ധാരണാപത്രത്തില്‍നിന്ന് പിന്മാറാന്‍ കഴിയുമോയെന്നത് മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോര്‍ട്ട് വന്നശേഷമേ വ്യക്തമാകൂവെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന നിബന്ധനകള്‍ കേരളത്തിലെ പാഠ്യപദ്ധതിയിലോ സ്‌കൂളുകളുടെ തിരഞ്ഞെടുപ്പിലോ നടപ്പാക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. അത്തരമൊരു സാഹചര്യമുണ്ടായാല്‍ എന്തുചെയ്യണമെന്ന് അപ്പോള്‍ തീരുമാനിക്കും. പിഎം ശ്രീയുമായി മുന്നോട്ടുപോകാന്‍ യുഡിഎഫ് തീരുമാനിച്ചെന്ന പ്രചാരണം പൂര്‍ണമായും അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞത് ശരിയാണെങ്കിലും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം സ്വന്തം ശൈലിയില്‍ നല്‍കിയ മറുപടി മാത്രമാണതെന്ന് കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു. ഇക്കാര്യം യുഡിഎഫ് ഔദ്യോഗികമായി ചര്‍ച്ച ചെയ്യുകയോ തീരുമാനമെടുക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

കേന്ദ്ര സര്‍ക്കാരുമായി ധാരണാപത്രം ഒപ്പിട്ട സാഹചര്യത്തില്‍ പദ്ധതിയില്‍നിന്ന് പിന്മാറാനാകില്ലെന്നായിരുന്നു അടൂര്‍ പ്രകാശ് നേരത്തേ പറഞ്ഞത്. സംസ്ഥാനത്തെ ഏതൊക്കെ സ്‌കൂളുകളില്‍ പദ്ധതി നടപ്പാക്കണമെന്ന് യുഡിഎഫ് തീരുമാനിക്കുമെന്നും കേന്ദ്രത്തില്‍നിന്ന് ലഭിക്കേണ്ട ഫണ്ട് ഔദാര്യമല്ലെന്നും അത് നേടിയെടുക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

 
Other News in this category

 
 




 
Close Window