Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
പ്രണയബന്ധം അവസാനിപ്പിച്ചതിന് പിന്നാലെ നിയമവിദ്യാര്‍ഥിനിക്ക് കുത്തേറ്റു; ചികിത്സയിലിരിക്കെ മരണം, സഹോദരങ്ങള്‍ അറസ്റ്റില്‍
reporter

ബംഗളൂരു: പ്രണയബന്ധം അവസാനിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ കുത്തേറ്റ നാലാംവര്‍ഷ നിയമവിദ്യാര്‍ഥിനി ചികിത്സയിലിരിക്കെ മരിച്ചു. ബംഗളൂരുവിലെ എച്ച്എഎല്‍ റോഡിന് സമീപം കൊടിഹള്ളിയില്‍ താമസിച്ചിരുന്ന അമൃതയാണ് (22) മരിച്ചത്. സംഭവത്തില്‍ അമൃതയുടെ മുന്‍ കാമുകന്‍ ധനുഷിനെയും ഇയാളുടെ ഇളയ സഹോദരന്‍ സൂര്യയെയും ജീവന്‍ ഭീമാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ജൂലൈ 13-ന് വൈകിട്ട് അമൃതയുടെ വീടിനു സമീപമായിരുന്നു ആക്രമണം. അമൃതയുടെ കുടുംബവും പ്രതികളും തമ്മിലുണ്ടായ തര്‍ക്കത്തിനിടെ സൂര്യ കത്തി ഉപയോഗിച്ച് അമൃതയുടെ നെഞ്ചിലും പുറത്തും പലതവണ കുത്തിയെന്നാണ് പൊലീസ് പറയുന്നത്. ഗുരുതരമായി പരിക്കേറ്റ അമൃതയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജൂലൈ 15-ന് വൈകിട്ട് മരിച്ചു.

ആക്രമണത്തിനുശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച സൂര്യയെ പ്രദേശവാസികള്‍ പിടികൂടി പൊലീസിന് കൈമാറി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ധനുഷിനെയും അറസ്റ്റ് ചെയ്തത്. അമൃതയുടെ മരണത്തെ തുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ കൊലപാതകക്കുറ്റം ചുമത്തിയതായി പൊലീസ് അറിയിച്ചു. അമൃതയും ധനുഷും ഒരേ പ്രദേശത്തുള്ളവരായിരുന്നു. മതപരമായ ഒരു ചടങ്ങിലൂടെയാണ് ഇരുവരുടെയും കുടുംബങ്ങള്‍ പരിചയപ്പെട്ടതെന്നും പിന്നീട് അമൃതയും ധനുഷും പ്രണയത്തിലായെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ധനുഷ് മുമ്പ് വിവാഹിതനായിരുന്നുവെന്നും വിവാഹമോചിതനും ഒരു കുട്ടിയുടെ പിതാവുമാണെന്നുമുള്ള വിവരം മറച്ചുവെച്ചതായി അറിഞ്ഞതോടെയാണ് അമൃത ബന്ധത്തില്‍നിന്ന് പിന്മാറിയതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. എന്നാല്‍ ധനുഷിന്റെ വിവാഹവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊലീസ് സ്ഥിരീകരിച്ചുവരികയാണ്.

ബന്ധം അവസാനിപ്പിച്ചതിനെ തുടര്‍ന്ന് അമൃതയ്ക്ക് ഭീഷണി ഉണ്ടായിരുന്നതായും സൂര്യയുടെ ആക്രമണത്തിന് ധനുഷിന്റെ പ്രേരണയുണ്ടായിരുന്നോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കൊലപാതകത്തില്‍ ഇരുവരുടെയും പങ്ക്, ആക്രമണത്തിന് മുമ്പുണ്ടായ സംഭവങ്ങള്‍, സാക്ഷിമൊഴികള്‍ എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. അമൃതയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി സി.വി. രാമന്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

 
Other News in this category

 
 




 
Close Window