കാസര്‍കോട്: ''വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെക്കാള്‍ അവിടത്തെ പ്രത്യേക 'വൈബ്' ആണ് വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നത്.'' ഉന്നതവിദ്യാഭ്യാസത്തിനായി കാസര്‍കോട്ടെ യുവാക്കള്‍ മംഗളൂരുവിനെ തിരഞ്ഞെടുക്കുന്നതിന്റെ കാരണം പുള്ളൂര്‍ എസ്.എന്‍. കോളജിലെ അവസാനവര്‍ഷ ബി.എ. വിദ്യാര്‍ഥിനി ആയിഷത്ത് ജാസ്മിന്‍ വിവരിക്കുന്നത് ഇങ്ങനെയാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ കാസര്‍കോട് ജില്ലയിലെ ഉന്നതവിദ്യാഭ്യാസ സൗകര്യങ്ങള്‍ വലിയ തോതില്‍ മെച്ചപ്പെട്ടെങ്കിലും മംഗളൂരുവിലേക്കുള്ള വിദ്യാര്‍ഥികളുടെ ഒഴുക്കിന് കാര്യമായ കുറവുണ്ടായിട്ടില്ല. കോളജ് പ്രവേശനം പുരോഗമിക്കുന്ന ഈ വര്‍ഷവും സ്ഥിതി വ്യത്യസ്തമല്ല. പരമ്പരാഗത വിഷയങ്ങള്‍ക്കുപകരം തൊഴില്‍സാധ്യതയുള്ള പുതിയ കോഴ്സുകള്‍ തേടിയാണ് വിദ്യാര്‍ഥികളില്‍ പലരും അതിര്‍ത്തി കടക്കുന്നത്. രണ്ടുപതിറ്റാണ്ട് മുമ്പുവരെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തില്‍ പിന്നാക്കാവസ്ഥയിലായിരുന്ന ജില്ലയില്‍ ഇന്ന് എയ്ഡഡ്, സ്വാശ്രയ മേഖലകളിലായി 35 ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളുണ്ട്. എന്നാല്‍ കാസര്‍കോടിനോടുള്ള ഭൂമിശാസ്ത്രപരമായ സാമീപ്യവും പ്രമുഖ മെഡിക്കല്‍-വിദ്യാഭ്യാസ കേന്ദ്രമെന്ന നിലയില്‍ മംഗളൂരു നേടിയ വളര്‍ച്ചയും വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങളായി തുടരുന്നു.
ഡേറ്റ സയന്‍സ്, ഹോസ്പിറ്റാലിറ്റി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിങ് തുടങ്ങിയ പുതിയ മേഖലകളിലുള്ള കോഴ്സുകളോടാണ് വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ താത്പര്യമെന്ന് കോളജ് അധികൃതര്‍ പറയുന്നു. മംഗളൂരുവിലെ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വിപണിയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് കോഴ്സുകള്‍ വേഗത്തില്‍ ആരംഭിക്കാന്‍ കഴിയുമ്പോള്‍ കേരളത്തിലെ സര്‍വകലാശാലകളുടെ കീഴിലുള്ള കോളജുകള്‍ക്ക് അനുമതിയും പാഠ്യപദ്ധതി പരിഷ്‌കരണവും വൈകുന്നതായി സ്വാശ്രയ കോളജ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, കേരളത്തിലെ നാല് വര്‍ഷ അണ്ടര്‍ ഗ്രാജ്വേറ്റ് പദ്ധതിയുടെ ഭാഗമായി ഡേറ്റ സയന്‍സ്, ഡേറ്റ അനലിറ്റിക്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിങ്, സൈബര്‍ സുരക്ഷ തുടങ്ങിയ ആധുനിക വിഷയങ്ങള്‍ മൈനര്‍ കോഴ്സുകളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇത്തരം വിഷയങ്ങള്‍ സംസ്ഥാനത്തെ എല്ലാ കോളജുകളിലും ഒരേ തോതില്‍ ലഭ്യമല്ലാത്തതും ആവശ്യമായ അധ്യാപകരുടെയും അടിസ്ഥാനസൗകര്യങ്ങളുടെയും കുറവും വിദ്യാര്‍ഥികളുടെ തിരഞ്ഞെടുപ്പിനെ ബാധിക്കുന്നതായി വിലയിരുത്തപ്പെടുന്നു.
നാലുവര്‍ഷ ബിരുദപദ്ധതി നിര്‍ബന്ധമാണെന്ന ധാരണയും വിദ്യാര്‍ഥികള്‍ക്കിടയിലുണ്ടെന്ന് കോളജ് അധികൃതര്‍ പറയുന്നു. എന്നാല്‍ കേരളത്തിലെ പുതിയ സംവിധാനത്തില്‍ മൂന്നുവര്‍ഷം പൂര്‍ത്തിയാക്കി ആവശ്യമായ ക്രെഡിറ്റുകള്‍ നേടിയാല്‍ ബി.എ., ബി.എസ്സി., ബി.കോം., ബി.ബി.എ. തുടങ്ങിയ സാധാരണ ബിരുദങ്ങളുമായി പുറത്തുകടക്കാം. ഗവേഷണത്തിലും ഉന്നതപഠനത്തിലും താത്പര്യമുള്ളവര്‍ക്കാണ് നാലാം വര്‍ഷം തുടരാനുള്ള അവസരം. ഗള്‍ഫ് രാജ്യങ്ങളില്‍ വേഗത്തില്‍ ജോലി നേടാന്‍ സഹായിക്കുന്ന ഹ്രസ്വകാല, തൊഴില്‍കേന്ദ്രിത കോഴ്സുകളോടുള്ള താത്പര്യവും മംഗളൂരുവിന്റെ ആകര്‍ഷണം വര്‍ധിപ്പിക്കുന്നു. മെഡിക്കല്‍, പാരാമെഡിക്കല്‍, ഹോസ്പിറ്റാലിറ്റി, സാങ്കേതിക മേഖലകളില്‍ വിവിധ കാലയളവുകളിലുള്ള നിരവധി കോഴ്സുകള്‍ മംഗളൂരുവിലെ സ്ഥാപനങ്ങള്‍ നല്‍കുന്നുണ്ട്. മംഗളൂരുവിലെ കോളജുകള്‍ നടത്തുന്ന വിപുലമായ പ്രചാരണവും ഏജന്‍സികളുടെ ഇടപെടലും വിദ്യാര്‍ഥികളുടെ ഒഴുക്കിന് കാരണമാകുന്നതായി കാസര്‍കോട്ടെ സ്ഥാപനങ്ങള്‍ ആരോപിക്കുന്നു. കുറഞ്ഞ ഫീസില്‍ സമാനമായ കോഴ്സുകള്‍ നാട്ടിലെ കോളജുകളില്‍ ലഭ്യമായിട്ടും മംഗളൂരുവിലെ സ്ഥാപനങ്ങളില്‍ ലക്ഷങ്ങള്‍ ചെലവഴിക്കാന്‍ രക്ഷിതാക്കള്‍ തയ്യാറാകുന്ന സാഹചര്യമുണ്ടെന്ന് കോളജ് അധികൃതര്‍ പറയുന്നു. കന്നഡ ഉള്‍പ്പെടെ നിരവധി ഭാഷകള്‍ സംസാരിക്കുന്ന ജനവിഭാഗങ്ങളുള്ള കാസര്‍കോടിന്റെ സാംസ്‌കാരിക സ്വഭാവവും മംഗളൂരുവുമായുള്ള ബന്ധം ശക്തമാക്കുന്നു. പ്രത്യേകിച്ച് കന്നഡ മീഡിയം സ്‌കൂളുകളില്‍ പഠിച്ച വിദ്യാര്‍ഥികള്‍ക്ക് ഭാഷാപരമായും സാംസ്‌കാരികമായും മംഗളൂരുവുമായി കൂടുതല്‍ അടുപ്പമുണ്ടെന്നും വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ വിലയിരുത്തുന്നു.