Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=110.6807 INR
ukmalayalampathram.com
Thu 16th Jul 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
മന്ത്രി പദവിക്ക് മൂന്നുകോടി ആവശ്യപ്പെട്ട് വ്യാജകോള്‍; ഷാഫി പറമ്പിലും ഡീന്‍ കുര്യാക്കോസും തട്ടിപ്പുസംഘത്തിന്റെ ലക്ഷ്യം
reporter

ന്യൂഡല്‍ഹി: എലത്തൂര്‍ എംഎല്‍എ കെ. വിദ്യാ ബാലകൃഷ്ണന് മൂന്നുകോടി രൂപ നല്‍കിയാല്‍ മന്ത്രി പദവി ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്തതിന് പിന്നാലെ, കോണ്‍ഗ്രസിന്റെ മറ്റു ജനപ്രതിനിധികള്‍ക്കും സമാനമായ വ്യാജ ഫോണ്‍കോളുകള്‍ ലഭിച്ചതായി പൊലീസ്. വടകര എംപി ഷാഫി പറമ്പില്‍, ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് എന്നിവരെയും തട്ടിപ്പുസംഘം ബന്ധപ്പെട്ടതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. വയനാട് എംപി പ്രിയങ്ക ഗാന്ധി വാദ്രയുടെ ന്യൂഡല്‍ഹിയിലെ ഓഫീസില്‍നിന്നാണെന്ന് അവകാശപ്പെട്ടാണ് അജ്ഞാതന്‍ ജനപ്രതിനിധികളെ ബന്ധപ്പെട്ടത്. പ്രിയങ്ക ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി ഡി.എസ്. രാജ്കുമാറായി ആള്‍മാറാട്ടം നടത്തിയ പ്രതി, പണം നല്‍കിയാല്‍ മന്ത്രി പദവിയും മറ്റ് ഉന്നത സ്ഥാനങ്ങളും ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്തതായി പരാതിയില്‍ പറയുന്നു.

തന്റെ പേരും പ്രിയങ്ക ഗാന്ധിയുടെ ഓഫീസിന്റെ പേരും ദുരുപയോഗം ചെയ്ത് ജനപ്രതിനിധികളെ വഞ്ചിക്കാന്‍ ശ്രമിച്ചതായി ചൂണ്ടിക്കാട്ടി ഡി.എസ്. രാജ്കുമാര്‍ സംസ്ഥാന പൊലീസ് മേധാവിക്കും വയനാട് ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ വയനാട് സൈബര്‍ പൊലീസ് ആള്‍മാറാട്ടം, വഞ്ചനാശ്രമം എന്നിവയുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ചുമത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭാരതീയ ന്യായസംഹിതയിലെ പ്രസക്തമായ വകുപ്പുകള്‍ക്കൊപ്പം വിവരസാങ്കേതികവിദ്യാ നിയമത്തിലെ സെക്ഷന്‍ 66ഡി പ്രകാരവും കേസെടുത്തിട്ടുണ്ട്. ജൂലൈ ആറിന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് വിദ്യാ ബാലകൃഷ്ണന് വാട്സാപ്പ് കോള്‍ ലഭിച്ചത്. കേരളത്തില്‍ മന്ത്രിസഭാ പുനഃസംഘടന നടക്കാന്‍ സാധ്യതയുണ്ടെന്നും മൂന്നുകോടി രൂപ നല്‍കിയാല്‍ മന്ത്രിയാക്കാമെന്നുമായിരുന്നു വാഗ്ദാനം. ഇംഗ്ലീഷില്‍ നടന്ന സംഭാഷണം ഏകദേശം പത്തുമിനിറ്റ് നീണ്ടതായി പൊലീസ് അറിയിച്ചു.

കോഴിക്കോട് ജില്ലയിലെ ഒരു എംപിയുടെ ശുപാര്‍ശപ്രകാരമാണ് വിദ്യാ ബാലകൃഷ്ണന്റെ ഫോണ്‍ നമ്പര്‍ ലഭിച്ചതെന്നും വിളിച്ചയാള്‍ അവകാശപ്പെട്ടു. സംശയം തോന്നിയ എംഎല്‍എ ബന്ധപ്പെട്ട എംപിയെയും തുടര്‍ന്ന് പ്രിയങ്ക ഗാന്ധിയുടെ ഓഫീസിനെയും സമീപിച്ചു. ഇത്തരമൊരു ഫോണ്‍കോള്‍ ഓഫീസില്‍നിന്ന് നടത്തിയിട്ടില്ലെന്ന് സ്ഥിരീകരിച്ചതോടെയാണ് തട്ടിപ്പുശ്രമം പുറത്തുവന്നത്. തുടര്‍ന്ന് വിദ്യാ ബാലകൃഷ്ണന്‍ നല്‍കിയ പരാതിയില്‍ കോഴിക്കോട് സൈബര്‍ പൊലീസും പ്രത്യേക കേസ് രജിസ്റ്റര്‍ ചെയ്തു. ഷാഫി പറമ്പിലിനെയും ഡീന്‍ കുര്യാക്കോസിനെയും സമാനരീതിയില്‍ ബന്ധപ്പെട്ടതായി വ്യക്തമായതോടെയാണ് അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ചത്. ഫോണ്‍കോള്‍ ന്യൂഡല്‍ഹിയില്‍നിന്നാണ് എത്തിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഉപയോഗിച്ച നമ്പര്‍ കേന്ദ്രീകരിച്ച് സംശയിക്കുന്ന ഒരാളെ തിരിച്ചറിഞ്ഞതായും സിം കാര്‍ഡ് വ്യാജരേഖകള്‍ ഉപയോഗിച്ചാണോ എടുത്തതെന്ന് പരിശോധിക്കുകയാണെന്നും പൊലീസ് അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് സംഘം ന്യൂഡല്‍ഹിയിലേക്ക് പോകും. പ്രിയങ്ക ഗാന്ധിയുടെ ഓഫീസുമായി ബന്ധമുള്ളവരെന്ന വ്യാജേന ജനപ്രതിനിധികളില്‍നിന്ന് പണം തട്ടാന്‍ നടത്തിയ സംഘടിത ആള്‍മാറാട്ടശ്രമമാണോ സംഭവമെന്നാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്.

 
Other News in this category

 
 




 
Close Window