Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കോണ്‍ഗ്രസ് ജില്ലാ പഞ്ചായത്തംഗത്തെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപിച്ച കേസ്; അറസ്റ്റിലായ യുട്യൂബറെ ആക്രമിക്കാന്‍ ശ്രമം
reporter

പത്തനംതിട്ട: കോണ്‍ഗ്രസ് ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസില്‍ അറസ്റ്റിലായ യുട്യൂബര്‍ രാജന്‍ ജോസഫിനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിക്കാന്‍ ശ്രമിച്ചു. ശനിയാഴ്ച രാത്രി പ്രതിയെ അറസ്റ്റ് ചെയ്ത് അടൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനിടെയായിരുന്നു സംഭവം. അടൂര്‍ റവന്യൂ ടവറിന് സമീപം പൊലീസ് വാഹനം തടഞ്ഞ പ്രവര്‍ത്തകര്‍ രാജന്‍ ജോസഫിനെ മര്‍ദിക്കാന്‍ ശ്രമിച്ചതായാണ് പരാതി. തുടര്‍ന്ന് പൊലീസ് സ്റ്റേഷന്‍ വളപ്പിലും ഇയാളെ പ്രവര്‍ത്തകര്‍ വളഞ്ഞു. രാജനെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടുത്തി സ്റ്റേഷനകത്തേക്ക് മാറ്റാന്‍ പൊലീസ് ഏറെ പണിപ്പെട്ടു. പൊലീസും പ്രവര്‍ത്തകരും തമ്മിലുണ്ടായ ഉന്തുംതള്ളിലും കയ്യാങ്കളിയിലും രാജന്‍ ജോസഫ് നിലത്തുവീണു. ആക്രമണം തടയാന്‍ ശ്രമിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥനും പരുക്കേറ്റു.

യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫെന്നി നൈനാന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയതെന്നാണ് വിവരം. രാജന്‍ ജോസഫിനെ മര്‍ദിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെ അടൂര്‍ പൊലീസ് കേസെടുത്തു.

സ്റ്റേഷനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസും സിപിഎമ്മും നേര്‍ക്കുനേര്‍

രാജന്‍ ജോസഫിന്റെ അറസ്റ്റിന് പിന്നാലെ ഞായറാഴ്ച അടൂര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ രാഷ്ട്രീയ സംഘര്‍ഷാവസ്ഥയും രൂപപ്പെട്ടു. മുന്‍ എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തില്‍ നിരവധി പ്രവര്‍ത്തകര്‍ സ്റ്റേഷനു മുന്നില്‍ സംഘടിച്ചു. ശ്രീനാദേവി കുഞ്ഞമ്മയെ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം വ്യക്തിഹത്യ ചെയ്തയാള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ഇതിനിടെ സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും എതിര്‍ഭാഗത്ത് സംഘടിച്ചെത്തി. ഇരുവിഭാഗങ്ങളും നേര്‍ക്കുനേര്‍നിന്ന് മുദ്രാവാക്യം വിളിച്ചതോടെ പ്രദേശത്ത് സംഘര്‍ഷസാധ്യത ഉയര്‍ന്നു. പൊലീസ് കര്‍ശന സുരക്ഷയൊരുക്കിയതിനാല്‍ കൂടുതല്‍ അനിഷ്ടസംഭവങ്ങളോ ഏറ്റുമുട്ടലുകളോ ഉണ്ടായില്ല.

 
Other News in this category

 
 




 
Close Window