Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
മാല മോഷ്ടിച്ചെന്ന് ആരോപിച്ച് യുവതിക്ക് ക്രൂരമര്‍ദനം; കട്ടിലിനടിയില്‍ കണ്ടെത്തിയത് മുക്കുപണ്ടം, സഹോദരനും ഭാര്യക്കും എതിരെ കേസ്
reporter

കൊച്ചി: മാല മോഷ്ടിച്ചെന്നാരോപിച്ച് യുവതിയെ സഹോദരനും ഭാര്യയും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. പറവൂര്‍ നന്ദികുളങ്ങരയിലാണ് സംഭവം. യുവതിയുടെ സഹോദരനായ ജയ്‌സണ്‍, ഭാര്യ റെയിന എന്നിവര്‍ക്കെതിരെയാണ് ആലുവ വെസ്റ്റ് പൊലീസ് കേസെടുത്തത്. യുവതിയെ ഇരുവരും ചേര്‍ന്ന് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം വലിയ ശ്രദ്ധ നേടിയത്. യുവതിയുടെ സുഹൃത്താണ് മൊബൈല്‍ ഫോണില്‍ മര്‍ദനദൃശ്യങ്ങള്‍ പകര്‍ത്തിയത്.

പിന്നില്‍ സ്വത്ത് വീതംവെപ്പ് തര്‍ക്കമെന്ന് പൊലീസ്

കുടുംബത്തില്‍ സ്വത്ത് വീതംവെക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ തര്‍ക്കം നിലനിന്നിരുന്നതായി പൊലീസ് പറയുന്നു. വീതംവെപ്പിന്റെ ഭാഗമായി ജയ്‌സണ്‍ സഹോദരിക്ക് ഒരു ലക്ഷം രൂപ നല്‍കാനുണ്ടായിരുന്നുവെന്നാണ് വിവരം. ഈ പണം യുവതി പലതവണ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് ജയ്‌സണിന്റെ മാല കാണാതായെന്ന ആരോപണം ഉയര്‍ന്നത്. മാല മോഷ്ടിച്ചത് സഹോദരിയാണെന്ന് ആരോപിച്ച് വീട്ടില്‍ തര്‍ക്കമുണ്ടായി. മാല താന്‍ എടുത്തിട്ടില്ലെന്ന് യുവതി ആവര്‍ത്തിച്ചെങ്കിലും സഹോദരനും ഭാര്യയും ഇത് അംഗീകരിച്ചില്ല. തുടര്‍ന്ന് മാല കാണാതായ വിവരം പൊലീസില്‍ അറിയിക്കാമെന്ന് യുവതി പറഞ്ഞു. പൊലീസ് സ്റ്റേഷനിലേക്ക് പോകുന്നതിനായി സുഹൃത്തിനെ വിളിച്ചുവരുത്തിയപ്പോഴാണ് ജയ്‌സണും റെയിനയും ചേര്‍ന്ന് യുവതിയെ ക്രൂരമായി മര്‍ദിച്ചതെന്നാണ് പരാതി.

മാല കണ്ടെത്തിയത് കട്ടിലിനടിയില്‍

സംഭവത്തിന് പിന്നാലെ പൊലീസ് നടത്തിയ പരിശോധനയില്‍ കാണാതായെന്ന് പറഞ്ഞ മാല കട്ടിലിനടിയില്‍ നിന്ന് കണ്ടെത്തി. ഇതോടെയാണ് കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടായത്. പരിശോധനയില്‍ മോഷണം പോയെന്ന് ആരോപിച്ച മാല യഥാര്‍ഥ സ്വര്‍ണമല്ലെന്നും മുക്കുപണ്ടമാണെന്നും പൊലീസ് കണ്ടെത്തി. സഹോദരിക്ക് നല്‍കാനുള്ള ഒരു ലക്ഷം രൂപ ഒഴിവാക്കുന്നതിനായി മോഷണക്കഥ സൃഷ്ടിക്കാന്‍ ശ്രമിച്ചെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. മാല ഒളിപ്പിച്ചുവച്ച് സഹോദരിക്കെതിരെ വ്യാജ മോഷണാരോപണം ഉന്നയിക്കാന്‍ ശ്രമിച്ചതായും പൊലീസ് സംശയിക്കുന്നു. സംഭവത്തില്‍ ജയ്‌സണിനും ഭാര്യ റെയിനയ്ക്കുമെതിരെ ആലുവ വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.

 
Other News in this category

 
 




 
Close Window