Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
വിഴിഞ്ഞം വൈകിപ്പിച്ചതിനുള്ള 219 കോടി രൂപ പിഴ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒഴിവാക്കി: മുഖ്യമന്ത്രി വി.ഡി. സതീശന്‍
reporter

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി പൂര്‍ത്തിയാക്കാന്‍ വൈകിയതിന് അദാനി പോര്‍ട്ട് സര്‍ക്കാരിന് നല്‍കേണ്ടിയിരുന്ന 219 കോടി രൂപയുടെ പിഴ മുന്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ ഒഴിവാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. അദാനിക്ക് അനുകൂലമായി കണ്‍സഷന്‍ കരാര്‍ ഭേദഗതി ചെയ്യുകയും കാലാവധി അഞ്ചുവര്‍ഷം നീട്ടിനല്‍കുകയും ചെയ്തവരാണ് ഇപ്പോള്‍ സര്‍ക്കാരിനെ അധിക്ഷേപിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ 49 ശതമാനം ഓഹരികള്‍ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിക്ക് (MSC) കൈമാറാനുള്ള നിര്‍ദേശം 'വലിയ ഇടപാടിന്റെ' ഭാഗമാണെന്ന സിപിഎം ആരോപണവും മുഖ്യമന്ത്രി തള്ളി. ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതി വിഷയം പരിശോധിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ''ഇതൊരു വലിയ ഇടപാടാണെന്ന് സിപിഎം പ്രചരിപ്പിക്കുകയാണ്. എന്നാല്‍ സര്‍ക്കാര്‍ ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ല. കേരളത്തിന്റെ താല്‍പര്യങ്ങള്‍ പൂര്‍ണമായും സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കിയശേഷം മാത്രമേ തീരുമാനമെടുക്കൂ,'' മുഖ്യമന്ത്രി പറഞ്ഞു.

അദാനി പോര്‍ട്ടിന്റെ ഓഹരിഘടനയില്‍ മാറ്റം വരുത്തുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണെന്ന് കണ്‍സഷന്‍ കരാറില്‍ വ്യവസ്ഥയുണ്ട്. ഓഹരി കൈമാറ്റത്തിനുള്ള നിര്‍ദേശം നിയമപരവും വാണിജ്യപരവുമായ വശങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കാനാണ് ഉന്നതാധികാര സമിതിക്കു കൈമാറിയിരിക്കുന്നത്. വിഴിഞ്ഞം തുറമുഖ പദ്ധതി കണ്‍സഷന്‍ കരാര്‍ പ്രകാരം 2019ല്‍ പൂര്‍ത്തിയാക്കേണ്ടതായിരുന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എന്നാല്‍ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയായില്ല. തുടര്‍ന്ന് മുന്‍ സര്‍ക്കാര്‍ കരാര്‍ ഭേദഗതി ചെയ്ത് നിര്‍മാണ കാലാവധി അഞ്ചുവര്‍ഷം കൂടി നീട്ടിനല്‍കിയെന്നും ഇതോടെ കണ്‍സഷന്‍ കാലാവധി 40 വര്‍ഷത്തില്‍നിന്ന് 45 വര്‍ഷമായി വര്‍ധിച്ചെന്നും അദ്ദേഹം പറഞ്ഞു. അഞ്ചുവര്‍ഷത്തെ കാലതാമസം അംഗീകരിച്ചും കണ്‍സഷന്‍ കാലാവധി 45 വര്‍ഷമാക്കിയുമുള്ള കരാര്‍ ഭേദഗതി ഔദ്യോഗിക രേഖകളിലും രേഖപ്പെടുത്തിയിട്ടുണ്ട്.

പദ്ധതി വൈകിയാല്‍ പ്രതിദിനം 12 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു കരാര്‍ വ്യവസ്ഥയെന്ന് മുഖ്യമന്ത്രി പറഞ്ഞു. അഞ്ചുവര്‍ഷത്തെ കാലതാമസത്തിന് അദാനി കമ്പനി സര്‍ക്കാരിലേക്ക് നല്‍കേണ്ട തുക 219 കോടി രൂപയായിരുന്നു. എന്നാല്‍ ഈ തുക മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ രണ്ടുഘട്ടങ്ങളിലായി ഒഴിവാക്കിക്കൊടുത്തെന്നാണ് മുഖ്യമന്ത്രിയുടെ ആരോപണം. ''അഞ്ചുവര്‍ഷം എന്നത് 1,825 ദിവസമാണ്. പ്രതിദിനം 12 ലക്ഷം രൂപ എന്ന കണക്കില്‍ ആകെ 219 കോടി രൂപ സര്‍ക്കാരിന് ലഭിക്കേണ്ടതായിരുന്നു. അതിന്റെ ഒരു രൂപപോലും ഈടാക്കാതെ മുഴുവന്‍ തുകയും ഒഴിവാക്കിയവരാണ് ഇപ്പോള്‍ വലിയ ഇടപാടിനെക്കുറിച്ച് സംസാരിക്കുന്നത്,'' മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, 2024ലെ ഒത്തുതീര്‍പ്പ് സംബന്ധിച്ച അന്നത്തെ റിപ്പോര്‍ട്ടുകളില്‍ 219 കോടി രൂപ പിഴയില്‍ 43.8 കോടി രൂപ സര്‍ക്കാരിന് നല്‍കാനും ശേഷിക്കുന്ന തുക 2028ലെ പദ്ധതി ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ തടഞ്ഞുവയ്ക്കാനുമായിരുന്നു വ്യവസ്ഥയെന്നാണ് വ്യക്തമാക്കിയിരുന്നത്.

എം.ആര്‍. അജിത് കുമാറിനെതിരായ റിപ്പോര്‍ട്ട് ഡിജിപിയുടെ മുന്നില്‍

ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍മാര്‍ മര്‍ദിച്ച കേസിന്റെ അന്വേഷണം അട്ടിമറിച്ചെന്ന ആരോപണത്തില്‍ എഡിജിപി എം.ആര്‍. അജിത് കുമാറിനെതിരെ നടപടി വൈകുന്നതിലും മുഖ്യമന്ത്രി പ്രതികരിച്ചു. അന്വേഷണ റിപ്പോര്‍ട്ട് നിലവില്‍ ഡിജിപിയുടെ പരിഗണനയിലാണെന്നും സര്‍ക്കാരിനോ ആഭ്യന്തരമന്ത്രിക്കോ മുഖ്യമന്ത്രിക്കോ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു. റിപ്പോര്‍ട്ട് ലഭിക്കാതെ അതിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ''എം.ആര്‍. അജിത് കുമാറിനെതിരായ കേസില്‍ പല കാരണങ്ങളാല്‍ പലര്‍ക്കും ധൃതിയുണ്ടാകാം. എന്നാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകണം. അദ്ദേഹത്തിനെതിരെ നടപടി തീരുമാനിക്കേണ്ടത് മാധ്യമങ്ങളല്ല. സര്‍ക്കാര്‍ നടപടിയെടുക്കുമ്പോള്‍ മാധ്യമങ്ങള്‍ അറിഞ്ഞാല്‍ മതി,'' മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ടില്‍ കൂടുതല്‍ വ്യക്തത തേടി ഡിജിപി അത് പ്രത്യേക അന്വേഷണ സംഘത്തിന് തിരിച്ചയച്ചതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. അജിത് കുമാര്‍ അന്വേഷണത്തില്‍ ഇടപെട്ടെന്ന കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് മുമ്പാണ് വിശദീകരണം തേടിയത്.

 
Other News in this category

 
 




 
Close Window