Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
പ്രിയദര്‍ശിനി' സൗജന്യയാത്രാ പദ്ധതി: സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി പഠിക്കാന്‍ പ്രത്യേക സമിതി
reporter

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ 'പ്രിയദര്‍ശിനി' സൗജന്യയാത്രാ പദ്ധതി നടപ്പാക്കിയതിനെ തുടര്‍ന്ന് സ്വകാര്യ ബസ് മേഖല നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളും മറ്റു പ്രശ്‌നങ്ങളും പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചു. റിട്ട. ഐപിഎസ് ഉദ്യോഗസ്ഥന്‍ കെ. പത്മകുമാര്‍ ചെയര്‍മാനായ സമിതിയാണ് വിഷയത്തില്‍ പഠനം നടത്തുക. സ്വകാര്യ ബസ് ഉടമകളുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം ഗതാഗതമന്ത്രി സി.പി. ജോണ്‍ ആണ് ഇക്കാര്യം അറിയിച്ചത്. സ്വകാര്യ ബസുകള്‍ക്ക് അധിക വരുമാനം കണ്ടെത്തുന്നതിനായി ബസുകളുടെ അകത്തും പുറത്തും പരസ്യങ്ങള്‍ പതിക്കാന്‍ അനുമതി നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് സമഗ്രമായ ഗതാഗതനയം രൂപീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

റിപ്പോര്‍ട്ട് വൈകിയാല്‍ ബസുകള്‍ പൂട്ടേണ്ടിവരുമെന്ന് ഉടമകള്‍

സര്‍ക്കാര്‍ പ്രഖ്യാപിച്ച നടപടികളെയും പഠനസമിതി രൂപീകരിച്ചതിനെയും സ്വാഗതം ചെയ്ത സ്വകാര്യ ബസ് ഉടമകള്‍, മേഖല നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. പഠനസമിതിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കാലതാമസം ഉണ്ടാകരുതെന്നും അതുവരെ സര്‍ക്കാര്‍ അടിയന്തരമായി താല്‍ക്കാലിക ആശ്വാസ നടപടികള്‍ പ്രഖ്യാപിക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് ലഭിക്കുമ്പോഴേക്കും സാമ്പത്തിക ബാധ്യതകള്‍ കാരണം സംസ്ഥാനത്തെ പകുതിയിലധികം സ്വകാര്യ ബസുകളും സര്‍വീസ് അവസാനിപ്പിക്കേണ്ട സാഹചര്യമുണ്ടാകുമെന്ന് പ്രതിനിധികള്‍ മുന്നറിയിപ്പ് നല്‍കി. സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ബസ് സര്‍വീസുകള്‍ നിര്‍ത്തിവച്ചുള്ള സമരത്തിലേക്ക് ഉടന്‍ കടക്കില്ലെന്ന് സംഘടനാ പ്രതിനിധികള്‍ വ്യക്തമാക്കി. എന്നാല്‍ വരും ദിവസങ്ങളില്‍ സ്വകാര്യ ബസുടമകളുടെ സംയുക്ത യോഗം ചേര്‍ന്ന് ഭാവി സമരപരിപാടികളും സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുന്നതിനുള്ള നടപടികളും തീരുമാനിക്കുമെന്നും അവര്‍ അറിയിച്ചു.

 
Other News in this category

 
 




 
Close Window