Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.1823 INR  1 EURO=110.1564 INR
ukmalayalampathram.com
Wed 15th Jul 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കൂടിക്കാഴ്ചാ വിവാദം: മുഖ്യമന്ത്രിയുടെ വിശദീകരണം തള്ളി സുകുമാരന്‍ നായര്‍; 'ഇനി കാണുന്നത് ഫോട്ടോയില്‍ മാത്രം'
reporter

മലപ്പുറം: മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്താന്‍ തനിക്ക് അനുമതി നിഷേധിച്ചിരുന്നുവെന്ന് ആവര്‍ത്തിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും സുകുമാരന്‍ നായരുമായി സംസാരിച്ചിരുന്നെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കൂടിക്കാഴ്ച നിഷേധിച്ചെന്ന ആരോപണം നേരത്തെയും സുകുമാരന്‍ നായര്‍ ഉന്നയിച്ചിരുന്നു. ''മുഖ്യമന്ത്രി ഇനി എന്നെ കാണുന്നത് ഫോട്ടോയില്‍ മാത്രമായിരിക്കും. ബജറ്റിന്റെ തിരക്കായതിനാലാണ് കാണാന്‍ കഴിയാതിരുന്നതെങ്കില്‍ അന്നുതന്നെ അത് പറയാമായിരുന്നു. ഇപ്പോള്‍ ന്യായീകരണം പറഞ്ഞിട്ട് കാര്യമില്ല,'' സുകുമാരന്‍ നായര്‍ പറഞ്ഞു. നേരില്‍ കണ്ട് മുഖ്യമന്ത്രിയോട് പറയാനിരുന്ന വിഷയത്തിന് ഇപ്പോള്‍ പ്രസക്തിയില്ലെന്നും ഇനി ആരെയും കാണേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താന്‍ എന്‍എസ്എസ് നേതൃത്വം അനുമതി തേടിയപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് തിരിച്ചുവിളിച്ചിരുന്നു. എന്നാല്‍ കൂടിക്കാഴ്ചയ്ക്കുള്ള തീയതിയോ സമയമോ അറിയിച്ചില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

അതേസമയം, സുകുമാരന്‍ നായര്‍ക്ക് കൂടിക്കാഴ്ച നിഷേധിച്ചെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബജറ്റ് തിരക്കുകള്‍ക്കിടെ സുകുമാരന്‍ നായര്‍ തന്റെ പേഴ്‌സണല്‍ അസിസ്റ്റന്റിനെ വിളിച്ചിരുന്നു. തുടര്‍ന്ന് താന്‍ അദ്ദേഹത്തെ തിരിച്ചുവിളിച്ച് സംസാരിക്കുകയും നേരില്‍ കാണാമെന്ന് അറിയിക്കുകയും ചെയ്തതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ രണ്ടുദിവസത്തിനുശേഷം താന്‍ കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയില്ലെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നു. രാഷ്ട്രീയ-സാമൂഹിക നേതാക്കളുമായുള്ള കൂടിക്കാഴ്ചകള്‍ താന്‍ എപ്പോഴും പരസ്യമായാണ് നടത്തുന്നതെന്നും അനുമതി നിഷേധിച്ചിരുന്നെങ്കില്‍ മാത്രമാണ് അത് വാര്‍ത്തയാകേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹിന്ദു ഐക്യവേദി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയും രഹസ്യമായിരുന്നില്ല. അവരെ ഔദ്യോഗിക മുറിയില്‍ ഇരുത്തിയാണ് സംസാരിച്ചത്. തനിക്കെതിരെ വ്യാപകമായ പ്രചാരണം നടത്തിയവര്‍ ഉള്‍പ്പെടെയാണ് നിവേദനം നല്‍കാന്‍ എത്തിയത്. അവരെ കാണാന്‍ കഴിയില്ലെന്ന് പറയാനാവില്ലെന്നും താന്‍ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രം പ്രതിനിധിയല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സര്‍ക്കാരിനെതിരെ സമരം നടത്തുന്ന എന്‍ജിഒ യൂണിയന്‍ നേതാക്കളും സിപിഎം അനുകൂല അധ്യാപക സംഘടനാ പ്രതിനിധികളും ഹിന്ദു ഐക്യവേദി നേതാക്കളെ സ്വീകരിച്ച അതേ മുറിയിലും കസേരകളിലും ഇരുന്ന് ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആര്‍എസ്എസ് നേതാക്കളെ മസ്‌കറ്റ് ഹോട്ടലില്‍ രഹസ്യമായി കണ്ടതുപോലെയല്ല താന്‍ നേതാക്കളെ കാണുന്നതെന്നും വി.ഡി. സതീശന്‍ പറഞ്ഞു. ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി ആലുവയിലെ വസതിയിലെത്തി തന്നെ കണ്ടിരുന്നു. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ മണ്ഡലവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംസാരിക്കാനും എത്തിയിട്ടുണ്ട്. നിരവധി ബിഷപ്പുമാരും സമസ്ത നേതാക്കളും സാമൂഹിക പ്രശ്‌നങ്ങളും സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും ചര്‍ച്ച ചെയ്യാന്‍ എത്താറുണ്ട്. കാണാനെത്തുന്നവര്‍ക്ക് പറയാനുള്ളത് കേള്‍ക്കുക എന്നത് ജനപ്രതിനിധിയുടെ കടമയാണെന്നും ഇത്തരം കൂടിക്കാഴ്ചകളെ രാഷ്ട്രീയമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 
Other News in this category

 
 




 
Close Window