Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5998 INR  1 EURO=108.9799 INR
ukmalayalampathram.com
Thu 09th Jul 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ക്ലോക്ക് ടവര്‍ തകര്‍ന്നുവീണു; ഒഴിവായത് വന്‍ ദുരന്തം, ട്രെയിന്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു
reporter

കോഴിക്കോട്: കനത്ത മഴയ്ക്കിടെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ പഴയ ക്ലോക്ക് ടവറിന്റെ ഒരു ഭാഗം തകര്‍ന്നുവീണു. വ്യാഴാഴ്ച രാവിലെ 11.10-ഓടെയാണ് നൂറ്റാണ്ടിലേറെ പഴക്കമുള്ള കെട്ടിടഭാഗം രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമിലേക്കും ട്രാക്കിനോട് ചേര്‍ന്ന ഭാഗത്തേക്കും പതിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. യാത്രക്കാര്‍ തകര്‍ച്ചയുണ്ടായ ഭാഗത്തില്ലാതിരുന്നതാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. സ്റ്റേഷന്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് പഴയ സ്റ്റേഷന്‍ കെട്ടിടത്തിന്റെ ഭാഗമായിരുന്ന ക്ലോക്ക് ടവര്‍ തകര്‍ന്നത്. സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫീസും ആര്‍പിഎഫ് ഓഫീസും ഉള്‍പ്പെടുന്ന പഴയ കെട്ടിടസമുച്ചയത്തിന്റെ ഭാഗമായിരുന്നു ഈ ടവര്‍. അപകടസമയത്ത് രണ്ടാം പ്ലാറ്റ്‌ഫോമില്‍ ഉച്ചയ്ക്ക് 2.05-ന് പുറപ്പെടേണ്ട കോഴിക്കോട്-കണ്ണൂര്‍ പാസഞ്ചര്‍ ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്നു. എന്നാല്‍ പുറപ്പെടാന്‍ സമയം ബാക്കിയുണ്ടായിരുന്നതിനാല്‍ തകര്‍ച്ചയുണ്ടായ ഭാഗത്ത് യാത്രക്കാരുടെ തിരക്ക് ഉണ്ടായിരുന്നില്ല. ഇതാണ് വലിയ അപകടം ഒഴിവാകാന്‍ സഹായിച്ചത്.

കെട്ടിടത്തിന്റെ ഷീറ്റുകളും മറ്റ് അവശിഷ്ടങ്ങളും വൈദ്യുതി സംവിധാനത്തിന് മുകളിലേക്കും ട്രാക്കിനോട് ചേര്‍ന്ന ഭാഗത്തേക്കും വീണതിനെ തുടര്‍ന്ന് മുന്‍കരുതലായി ഒന്ന്, രണ്ട്, മൂന്ന് ട്രാക്കുകളിലെ വൈദ്യുതി വിതരണം വിച്ഛേദിച്ചു. ഇതോടെ കോഴിക്കോട് വഴിയുള്ള ട്രെയിന്‍ ഗതാഗതം ഗുരുതരമായി ബാധിച്ചു. ഒരു ഘട്ടത്തില്‍ നാലാം ട്രാക്കിലൂടെയാണ് സര്‍വീസുകള്‍ നിയന്ത്രിച്ചത്. നിരവധി ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിടുകയും ചില സര്‍വീസുകളില്‍ സമയമാറ്റവും യാത്രാ ക്രമീകരണങ്ങളും വരുത്തുകയും ചെയ്തു. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ് കല്ലായിയില്‍ സര്‍വീസ് അവസാനിപ്പിക്കാനും, കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള മടക്ക സര്‍വീസ് കല്ലായിയില്‍ നിന്ന് ആരംഭിക്കാനും ക്രമീകരണം നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. കെഎസ്ആര്‍ ബെംഗളൂരു-കോഴിക്കോട് എക്‌സ്പ്രസ് വെസ്റ്റ് ഹില്ലില്‍ യാത്ര അവസാനിപ്പിക്കുന്ന ക്രമീകരണവും പ്രഖ്യാപിച്ചിരുന്നു.

മുന്‍ദിവസം തന്നെ വിള്ളല്‍ കണ്ടെത്തിയിരുന്നു

തകര്‍ന്ന കെട്ടിടത്തില്‍ ബുധനാഴ്ച തന്നെ വിള്ളല്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് യാത്രക്കാരെ സമീപത്തുനിന്ന് മാറ്റുകയും പ്രദേശം അപായ റിബണുകള്‍ ഉപയോഗിച്ച് നിയന്ത്രിക്കുകയും ചെയ്തിരുന്നു. കെട്ടിടത്തിന്റെ ദുര്‍ബലമായ ഭാഗം പൊളിച്ചുനീക്കുന്നതിനുള്ള നടപടികള്‍ ആലോചിക്കുന്നതിനിടെയാണ് ടവര്‍ തകര്‍ന്നുവീണത്. കാലപ്പഴക്കവും തുടര്‍ച്ചയായ കനത്തമഴയും തകര്‍ച്ചയ്ക്ക് കാരണമായിരിക്കാമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍ കൃത്യമായ കാരണം സാങ്കേതിക പരിശോധനയ്ക്ക് ശേഷമേ വ്യക്തമാകൂ. അപകടത്തിന് പിന്നാലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ്, ആര്‍പിഎഫ്, പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ട്രാക്കിലും പ്ലാറ്റ്‌ഫോമിലും വീണ അവശിഷ്ടങ്ങള്‍ നീക്കി വൈദ്യുതി സംവിധാനവും ട്രെയിന്‍ ഗതാഗതവും പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. സംഭവം റെയില്‍വേ സ്റ്റേഷനിലെ പഴയ കെട്ടിടങ്ങളുടെ സുരക്ഷയെക്കുറിച്ചും ഗുരുതര ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. നവീകരണം നടക്കുന്ന സ്റ്റേഷനുകളിലെ കാലപ്പഴക്കം ചെന്ന കെട്ടിടങ്ങളില്‍ സമഗ്ര സുരക്ഷാ പരിശോധന നടത്തണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

 
Other News in this category

 
 




 
Close Window