ലഖ്‌നൗ: അയോധ്യയിലെ ശ്രീരാമക്ഷേത്രത്തില്‍ ഭക്തര്‍ സമര്‍പ്പിക്കുന്ന കാണിക്കപ്പണം എണ്ണുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന 23 ജീവനക്കാര്‍ കൂട്ടത്തോടെ രാജിവച്ചു. കാണിക്കപ്പണം മോഷ്ടിച്ചെന്ന ആരോപണത്തെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ പുതിയ നിയന്ത്രണങ്ങള്‍ ജോലിഭാരം വര്‍ധിപ്പിച്ചെന്നും, ജോലി സമയം കൂട്ടിയിട്ടും ശമ്പളത്തില്‍ വര്‍ധന വരുത്തിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജീവനക്കാര്‍ വെള്ളിയാഴ്ച രാജി സമര്‍പ്പിച്ചത്. കാണിക്ക മോഷണവിവാദം പുറത്തുവന്നതിനു പിന്നാലെ 10, 20 രൂപ നോട്ടുകള്‍ ഉള്‍പ്പെടെയുള്ള ചെറിയ മൂല്യമുള്ള നോട്ടുകള്‍ കൂടുതലായി ലഭിക്കുന്നുണ്ടെന്നും ഇതോടെ പണമെണ്ണല്‍ കൂടുതല്‍ സമയമെടുക്കുന്ന ജോലിയായി മാറിയെന്നും രാജിവച്ച ജീവനക്കാര്‍ പറയുന്നു. മുന്‍പ് 500 രൂപ നോട്ടുകളുടെ 70 മുതല്‍ 80 വരെ കെട്ടുകള്‍ വേഗത്തില്‍ തയ്യാറാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍, ഇപ്പോള്‍ ചെറിയ നോട്ടുകളുടെ എണ്ണം വര്‍ധിച്ചതിനാല്‍ അതേ സമയത്തിനുള്ളില്‍ വളരെ കുറച്ചു കെട്ടുകള്‍ മാത്രമേ പൂര്‍ത്തിയാക്കാനാകുന്നുള്ളൂവെന്നാണ് അവരുടെ വാദം.
രണ്ട് ഷിഫ്റ്റുകള്‍ക്ക് പകരം ഒറ്റ ഷിഫ്റ്റ്
മുന്‍പ് രണ്ട് ഷിഫ്റ്റുകളിലായാണ് കാണിക്കപ്പണം എണ്ണിയിരുന്നത്. ഓരോ ജീവനക്കാരനും ആറുമണിക്കൂര്‍ വീതമായിരുന്നു ജോലി. പുതിയ ക്രമീകരണത്തില്‍ ഇത് രാവിലെ മുതല്‍ വൈകുന്നേരംവരെ നീളുന്ന ഒറ്റ ഷിഫ്റ്റാക്കി മാറ്റിയതായി ജീവനക്കാര്‍ ആരോപിച്ചു. ഒമ്പത് മുതല്‍ പത്ത് മണിക്കൂര്‍വരെ തുടര്‍ച്ചയായി ജോലി ചെയ്യേണ്ടിവരുന്നതായും ശമ്പളത്തില്‍ ആനുപാതികമായ വര്‍ധനയില്ലെന്നും അവര്‍ പറഞ്ഞു. അവധി ദിവസങ്ങള്‍ കുറച്ചതും സുരക്ഷാപരിശോധനകളും മറ്റു നിയന്ത്രണങ്ങളും കര്‍ശനമാക്കിയതും അസന്തോഷത്തിന് കാരണമായതായാണ് വിവിധ റിപ്പോര്‍ട്ടുകള്‍. പണമെണ്ണല്‍ കേന്ദ്രത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ജീവനക്കാരെ ഒന്നിലധികം തവണ പരിശോധിക്കുന്നുണ്ട്. മൊബൈല്‍ ഫോണുകളോ വ്യക്തിപരമായ വസ്തുക്കളോ അകത്തേക്ക് കൊണ്ടുപോകാന്‍ അനുവദിക്കുന്നില്ല. പ്രവേശനവും പുറത്തുപോകലും ഡിജിറ്റലായി രേഖപ്പെടുത്തുന്നതിനൊപ്പം ക്യുആര്‍ കോഡുള്ള തിരിച്ചറിയല്‍ കാര്‍ഡുകളും പൊതുവായ യൂണിഫോമും ഏര്‍പ്പെടുത്താനും ക്ഷേത്ര ട്രസ്റ്റ് ആലോചിക്കുന്നുണ്ട്. രാജിക്കുശേഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിയോഗിച്ച 13 ജീവനക്കാര്‍ മാത്രമാണ് പണമെണ്ണല്‍ ജോലിയില്‍ അവശേഷിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ക്ഷേത്രത്തിലെ കാണിക്ക എണ്ണുന്നതിനായി പ്രത്യേകമായി പരിശീലനം ലഭിച്ച പുതിയ ജീവനക്കാരെ നിയമിക്കാനും പൊലീസ് അംഗീകരിച്ച സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നിര്‍ബന്ധമാക്കാനും നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
കാണിക്ക മോഷണക്കേസില്‍ എട്ടുപേര്‍ അറസ്റ്റില്‍
ഭക്തര്‍ സമര്‍പ്പിച്ച പണം ബാങ്കില്‍ നിക്ഷേപിക്കുന്നതിനു മുമ്പ് തട്ടിയെടുത്തെന്ന ആരോപണത്തിലാണ് അന്വേഷണം നടക്കുന്നത്. കേസില്‍ കാണിക്കപ്പണം കൈകാര്യം ചെയ്തിരുന്നവരടക്കം എട്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളില്‍നിന്ന് ഏകദേശം 80 ലക്ഷം രൂപയും മറ്റു ആസ്തികളും കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. മോഷ്ടിക്കപ്പെട്ട പണത്തിന്റെ ആകെ തുക ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വിവാദത്തെത്തുടര്‍ന്ന് ശ്രീരാമജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറി ചംപത് റായിയുടെയും ട്രസ്റ്റി അനില്‍ മിശ്രയുടെയും രാജി ട്രസ്റ്റ് സ്വീകരിച്ചിരുന്നു. ഇടക്കാല സെക്രട്ടറിയെ നിയമിച്ചതിനൊപ്പം ക്ഷേത്രത്തിന്റെ ഭരണനിര്‍വഹണത്തിനായി പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറെ കണ്ടെത്താന്‍ സമിതിയെയും നിയോഗിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നതിനിടെ ക്ഷേത്രനിര്‍മാണ സമിതി അധ്യക്ഷന്‍ നൃപേന്ദ്ര മിശ്ര വെള്ളിയാഴ്ച അയോധ്യയിലെത്തി. രാംലല്ല ദര്‍ശനത്തിനുശേഷം ക്ഷേത്ര സമുച്ചയത്തിലെ നിര്‍മാണപ്രവര്‍ത്തനങ്ങളും ഭരണക്രമീകരണങ്ങളും അദ്ദേഹം വിലയിരുത്തി. കാണിക്ക മോഷണവിവാദം ഉയര്‍ന്നശേഷമുള്ള അദ്ദേഹത്തിന്റെ മൂന്നാമത്തെ അയോധ്യ സന്ദര്‍ശനമാണിതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും
കാണിക്ക മോഷണവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി ജൂലൈ 13 തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് മൂന്നു ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത്. സിബിഐ അന്വേഷണം, സ്വതന്ത്ര പ്രത്യേക അന്വേഷണസംഘത്തിന്റെ രൂപീകരണം, ക്ഷേത്ര ട്രസ്റ്റിന്റെ സാമ്പത്തിക ഇടപാടുകളില്‍ ഫൊറന്‍സിക് ഓഡിറ്റ്, കാണിക്കപ്പണത്തിന്റെ ശേഖരണവും കൈകാര്യം ചെയ്യലും പരിശോധിക്കാന്‍ വിദഗ്ധസമിതി എന്നിവയാണ് ഹര്‍ജികളിലെ പ്രധാന ആവശ്യങ്ങള്‍. പൊലീസ് അന്വേഷണവും ക്ഷേത്ര ട്രസ്റ്റിന്റെ ആഭ്യന്തര പരിശോധനയും ഒരേസമയം തുടരുകയാണ്. കാണിക്കപ്പണം ശേഖരിക്കുന്നതിലും എണ്ണുന്നതിലും ബാങ്കില്‍ നിക്ഷേപിക്കുന്നതിലും കൂടുതല്‍ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ട്രസ്റ്റ് അറിയിച്ചു.