Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
മഹാരാഷ്ട്രയില്‍ കനത്തമഴ; എച്ച്പിസിഎല്‍ പ്ലാന്റില്‍ നിന്ന് 3,000 എല്‍പിജി സിലിണ്ടറുകള്‍ പുഴയിലേക്ക് ഒഴുകി
reporter

മുംബൈ: മഹാരാഷ്ട്രയില്‍ തുടരുന്ന കനത്തമഴയ്ക്കിടെ റായ്ഗഡ് ജില്ലയില്‍ എല്‍പിജി ബോട്ട്‌ലിങ് പ്ലാന്റില്‍ നിന്ന് മൂവായിരത്തോളം ഗ്യാസ് സിലിണ്ടറുകള്‍ ഒഴുക്കില്‍പ്പെട്ട് പുഴയിലെത്തി. പാതാള്‍ഗംഗ നദിയില്‍ നൂറുകണക്കിന് സിലിണ്ടറുകള്‍ ഒഴുകുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. റായ്ഗഡ് ജില്ലയിലെ പന്‍വേല്‍ താലൂക്കിലെ ചാവനെ പ്രദേശത്തുള്ള ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (HPCL) പാതാള്‍ഗംഗ എല്‍പിജി ബോട്ട്‌ലിങ് പ്ലാന്റിലാണ് സംഭവം. ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ പ്ലാന്റിന്റെ സംരക്ഷണഭിത്തി തകരുകയും വെള്ളം പ്ലാന്റിനുള്ളിലേക്ക് ഇരച്ചുകയറുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

തുടര്‍ന്ന് ശക്തമായ ഒഴുക്കില്‍ ഏകദേശം 3,000 എല്‍പിജി സിലിണ്ടറുകള്‍ പ്ലാന്റില്‍ നിന്ന് പുറത്തേക്ക് ഒഴുകിപ്പോയി. നിറച്ചതും കാലിയുമായ സിലിണ്ടറുകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. സിലിണ്ടറുകളില്‍ പലതും പാതാള്‍ഗംഗ നദിയിലേക്കും സമീപത്തെ ഖാര്‍പാഡ ക്രീക്കിലേക്കും ഒഴുകിയെത്തി. പുഴയിലൂടെ കൂട്ടത്തോടെ സിലിണ്ടറുകള്‍ ഒഴുകുന്ന അസാധാരണ കാഴ്ച കാണാന്‍ നിരവധി പേര്‍ സമീപപ്രദേശങ്ങളിലും പാലങ്ങളിലും തടിച്ചുകൂടി. ചിലര്‍ ഒഴുകിയെത്തിയ സിലിണ്ടറുകള്‍ ശേഖരിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതോടെ അധികൃതര്‍ ശക്തമായ സുരക്ഷാ മുന്നറിയിപ്പ് നല്‍കി.

ഒഴുകിപ്പോയ ചില സിലിണ്ടറുകളില്‍ ഇപ്പോഴും പാചകവാതകം ഉണ്ടായിരിക്കാമെന്നും അവ സുരക്ഷിതാവസ്ഥയിലാണെന്ന് ഉറപ്പില്ലെന്നും റായ്ഗഡ് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. സിലിണ്ടറുകള്‍ കണ്ടെത്തുന്നവര്‍ അവ കൈകാര്യം ചെയ്യുകയോ തുറക്കാന്‍ ശ്രമിക്കുകയോ വീട്ടിലേക്ക് കൊണ്ടുപോകുകയോ ചെയ്യരുതെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. സിലിണ്ടര്‍ കണ്ടെത്തിയാല്‍ ഉടന്‍ അധികൃതരെ അറിയിക്കണമെന്ന് റായ്ഗഡ് ജില്ലാ കളക്ടര്‍ കിഷന്‍ ജാവലെ അഭ്യര്‍ഥിച്ചു. കണ്ടെത്തുന്ന സിലിണ്ടറുകള്‍ എച്ച്പിസിഎല്‍ പ്ലാന്റിലോ സമീപത്തെ അംഗീകൃത എച്ച്പിസിഎല്‍ ഡീലറുടെ പക്കലോ ബന്ധപ്പെട്ട തഹസില്‍ദാര്‍, സബ് ഡിവിഷണല്‍ ഓഫീസുകളിലോ കൈമാറാമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ഒഴുകിപ്പോയ സിലിണ്ടറുകള്‍ കണ്ടെത്തി തിരിച്ചെടുക്കാനുള്ള നടപടികള്‍ തുടരുകയാണ്. അതേസമയം, മഹാരാഷ്ട്രയിലെ വിവിധ ഭാഗങ്ങളില്‍ കനത്തമഴയും വെള്ളക്കെട്ടും തുടരുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

 
Other News in this category

 
 




 
Close Window