Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
സര്‍ക്കാര്‍ പ്ലീഡര്‍ നിയമന വിവാദം തള്ളി മുഖ്യമന്ത്രി; 'പരാതിയൊന്നും ലഭിച്ചിട്ടില്ല'
reporter

തിരുവനന്തപുരം: സര്‍ക്കാര്‍ പ്ലീഡര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട വിവാദം തള്ളി മുഖ്യമന്ത്രി വി.ഡി. സതീശന്‍. നിയമനം ലഭിച്ച രണ്ടുപേരില്‍ ഒരാള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ എസ്എഫ്ഐയിലും മറ്റൊരാള്‍ എബിവിപിയിലും പ്രവര്‍ത്തിച്ചിരുന്നുവെന്നതാണ് ആക്ഷേപമായി ഉയര്‍ന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമനത്തില്‍ കോണ്‍ഗ്രസിന്റെ അഭിഭാഷക സംഘടനയായ ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് പരാതി ഉന്നയിച്ചെന്ന വാര്‍ത്തകള്‍ പുറത്തുവന്നെങ്കിലും ആരും നേരിട്ട് പരാതി നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി പരിഗണനയ്ക്കായി സമര്‍പ്പിച്ച പട്ടികയില്‍ വിവാദത്തിലായ രണ്ടുപേരുടെയും പേരുകളുണ്ടായിരുന്നു. പട്ടിക മാത്രം പരിഗണിച്ചല്ല നിയമനം നടത്തിയത്. അഭിഭാഷകരുടെ പശ്ചാത്തലം, തൊഴില്‍പരമായ കഴിവ്, കോടതിയിലെ പ്രവര്‍ത്തനമികവ് തുടങ്ങിയ കാര്യങ്ങളും പരിശോധിച്ചു. ഇരുവരും ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസിലെ അംഗങ്ങളാണെന്നും അഡ്വക്കേറ്റ് ജനറലുമായി കൂടിയാലോചിച്ചശേഷമാണ് നിയമനം നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

''കോണ്‍ഗ്രസിന്റെ പോഷകസംഘടന നല്‍കുന്ന പട്ടികയില്‍ ഒപ്പിടാന്‍ മാത്രമല്ല സര്‍ക്കാര്‍ ഇരിക്കുന്നത്. കോടതിയില്‍ മികച്ച അഭിഭാഷകര്‍ എത്തണം. വിവാദത്തിലായ രണ്ടുപേരും കഴിവുള്ള അഭിഭാഷകരാണ്. ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസിന്റെ സംസ്ഥാന കമ്മിറ്റിയും ഹൈക്കോടതി യൂണിറ്റ് കമ്മിറ്റിയും അവരുടെ പേരുകള്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്,'' മുഖ്യമന്ത്രി വ്യക്തമാക്കി. രണ്ടുപേരുടെയും മുന്‍കാല എസ്എഫ്ഐ, എബിവിപി ബന്ധങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ മറ്റു പാര്‍ട്ടികളില്‍നിന്ന് കോണ്‍ഗ്രസിലേക്കെത്തിയവരെ സ്ഥാനാര്‍ഥികളാക്കിയ ചരിത്രവും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. സിപിഎമ്മില്‍നിന്നെത്തിയ അഞ്ചുപേരും ബിജെപിയില്‍നിന്നെത്തിയ ഒരാളും നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട വിവാദം മാധ്യമങ്ങള്‍ ഊതിവീര്‍പ്പിക്കുകയാണെന്നും തന്റെ മുന്നില്‍ പരാതികളൊന്നും എത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു. തിരുവനന്തപുരം ലോ കോളജ് കെഎസ്യു യൂണിയനും യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കിയും പരാതി ഉന്നയിച്ചതായി മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, പ്ലീഡര്‍മാരെ തീരുമാനിക്കേണ്ടത് അവരല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ''സര്‍ക്കാര്‍ പ്ലീഡര്‍മാരെ തീരുമാനിക്കുന്നതില്‍ തിരുവനന്തപുരം ലോ കോളജ് കെഎസ്യു യൂണിറ്റ് കമ്മിറ്റിക്ക് എന്താണ് കാര്യം? അവര്‍ക്ക് ഇതില്‍ ഒരു പങ്കുമില്ല. ഈ വിഷയം ഇതോടെ അവസാനിച്ചല്ലോ,'' മുഖ്യമന്ത്രി പറഞ്ഞു.

 
Other News in this category

 
 




 
Close Window