Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.0574 INR  1 EURO=109.075 INR
ukmalayalampathram.com
Sat 11th Jul 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
സര്‍ക്കാര്‍ ചടങ്ങുകളില്‍ ആദ്യം സംസ്ഥാന ഗാനം; പിന്നാലെ 'വന്ദേമാതരം', ഒടുവില്‍ ദേശീയഗാനം
reporter

ന്യൂഡല്‍ഹി: സംസ്ഥാന ഗാനം ഉള്‍പ്പെടുന്ന സര്‍ക്കാര്‍ ചടങ്ങുകളില്‍ ഗാനങ്ങള്‍ ആലപിക്കേണ്ട ക്രമം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തത വരുത്തി. ആദ്യം സംസ്ഥാന ഗാനം ആലപിക്കണം. തുടര്‍ന്ന് ദേശീയഗീതമായ 'വന്ദേമാതരം', ഒടുവില്‍ ദേശീയഗാനമായ 'ജനഗണമന' എന്നിവ ആലപിക്കണമെന്നാണ് നിര്‍ദേശം. സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രഭരണ പ്രദേശങ്ങളും കേന്ദ്ര മന്ത്രാലയങ്ങളും ഈ ക്രമം കര്‍ശനമായി പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. ജൂലൈ ഒന്‍പതിന് പുറപ്പെടുവിച്ച നിര്‍ദേശത്തിലാണ് ദേശീയഗീതവും ദേശീയഗാനവും ഒരേ ചടങ്ങില്‍ ആലപിക്കുകയോ വാദ്യോപകരണങ്ങളില്‍ അവതരിപ്പിക്കുകയോ ചെയ്യുമ്പോള്‍ 'വന്ദേമാതരം' ആദ്യം വരണമെന്നും അതിനുശേഷം 'ജനഗണമന' അവതരിപ്പിക്കണമെന്നും ആവര്‍ത്തിച്ചു വ്യക്തമാക്കിയത്. സംസ്ഥാന ഗാനവും ഉള്‍പ്പെടുന്ന സാഹചര്യത്തില്‍ സംസ്ഥാന ഗാനം ആദ്യം അവതരിപ്പിക്കണമെന്നാണ് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥന്‍ നല്‍കിയ വിശദീകരണം.

ദേശീയഗീതവും ദേശീയഗാനവും ആലപിക്കുമ്പോള്‍ ഔദ്യോഗികമായി അംഗീകരിച്ച വരികളും ലിപിയും മാത്രമേ ഉപയോഗിക്കാവൂ. വാക്കുകളുടെ ശരിയായ ഉച്ചാരണവും ആലാപനരീതിയും കൃത്യമായി പാലിക്കണമെന്നും ഉത്തരവില്‍ പറയുന്നു. അംഗീകൃത വരികളും ഉച്ചാരണ മാര്‍ഗനിര്‍ദേശങ്ങളും ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. ദേശീയഗീതവും ദേശീയഗാനവും നിര്‍ബന്ധമായി ആലപിക്കേണ്ട ചടങ്ങുകളും ആവശ്യാനുസരണം അവതരിപ്പിക്കാവുന്ന അവസരങ്ങളും വിശദീകരിക്കുന്ന നിലവിലുള്ള ഉത്തരവുകളാണ് പുതിയ സര്‍ക്കുലറിനൊപ്പം ചേര്‍ത്തിരിക്കുന്നത്. ചില ചടങ്ങുകളുടെ ആരംഭത്തിലും അവസാനത്തിലും ഇവ രണ്ടും അവതരിപ്പിക്കേണ്ട സാഹചര്യങ്ങളും പട്ടികയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി കര്‍ശനമായ പാലനം ഉറപ്പാക്കണമെന്നും സംസ്ഥാനങ്ങളോടും കേന്ദ്ര മന്ത്രാലയങ്ങളോടും ആവശ്യപ്പെട്ടു. ആഭ്യന്തര മന്ത്രാലയം പ്രസിദ്ധീകരിച്ച ഔദ്യോഗിക ഉത്തരവ് പ്രകാരം 'വന്ദേമാതര'ത്തിന്റെ പൂര്‍ണ പതിപ്പിന്റെ ദൈര്‍ഘ്യം ഏകദേശം മൂന്ന് മിനിറ്റും പത്ത് സെക്കന്‍ഡുമാണ്. രാഷ്ട്രപതിയുടെയും ഗവര്‍ണര്‍മാരുടെയും ഔദ്യോഗിക ചടങ്ങുകള്‍, സിവില്‍ ബഹുമതി സമര്‍പ്പണച്ചടങ്ങുകള്‍, ദേശീയപതാക പരേഡിലേക്ക് കൊണ്ടുവരുന്ന അവസരം തുടങ്ങിയവയില്‍ ദേശീയഗീതം അവതരിപ്പിക്കേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു.

 
Other News in this category

 
 




 
Close Window