Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
വഖഫ് ബോര്‍ഡ് വിവാദം: സര്‍ക്കാര്‍ സംഘപരിവാര്‍ അജണ്ട നടപ്പാക്കുന്നുവെന്ന് പിണറായി വിജയന്‍
reporter

തിരുവനന്തപുരം: വഖഫ് ബോര്‍ഡില്‍ മുസ്ലിം ഇതര വിഭാഗങ്ങളില്‍നിന്നുള്ളവരെ അംഗങ്ങളാക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സംഘപരിവാര്‍ മുന്നോട്ടുവച്ച അജണ്ട കേരളത്തിലും നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനം സ്തംഭിപ്പിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് പിണറായി പറഞ്ഞു. മുസ്ലിം സമുദായവുമായി ബന്ധപ്പെട്ട സ്ഥാപനമായ വഖഫ് ബോര്‍ഡിന്റെ ഭരണനിര്‍വഹണത്തില്‍ മറ്റു മതസ്ഥരെ ഉള്‍പ്പെടുത്താനുള്ള നീക്കം ഗൗരവകരമാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ സ്വീകരിച്ച നിലപാടിലേക്കാണ് കേരള സര്‍ക്കാരും നീങ്ങുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെത്തിയ കേസില്‍ ഹര്‍ജിക്കാരുമായി സര്‍ക്കാര്‍ ഒത്തുകളിച്ചെന്നും ബോര്‍ഡിന്റെ സ്വതന്ത്രസ്വഭാവം ഇല്ലാതാക്കാനാണ് ശ്രമമെന്നും പിണറായി ആരോപിച്ചു. ഇന്ന് മുസ്ലിം സമുദായത്തിനെതിരെ സ്വീകരിക്കുന്ന സമീപനം നാളെ മറ്റു മതവിഭാഗങ്ങളുടെ സ്ഥാപനങ്ങള്‍ക്കെതിരെയും ആവര്‍ത്തിക്കപ്പെടാമെന്ന ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ വഖഫ് നിയമഭേദഗതി കൊണ്ടുവന്നപ്പോള്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ കേന്ദ്രനിയമം മാറ്റമൊന്നുമില്ലാതെ നടപ്പാക്കാന്‍ തയ്യാറാണെന്നാണ് ഇപ്പോഴത്തെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചതെന്ന് പിണറായി ആരോപിച്ചു. കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍ പാര്‍ലമെന്റില്‍ നിയമത്തിനെതിരെ സ്വീകരിച്ച നിലപാടും സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വഖഫ് ബോര്‍ഡില്‍ മുസ്ലിം ഇതര അംഗങ്ങളെ ഉള്‍പ്പെടുത്തുന്നതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച പാര്‍ട്ടിയാണ് മുസ്ലിം ലീഗ്. എന്നാല്‍ ലീഗിന്റെ മന്ത്രി വഖഫ് വകുപ്പിന്റെ ചുമതല ഏറ്റെടുത്തതിനു പിന്നാലെ പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്നും പിണറായി ആരോപിച്ചു. മന്ത്രിയുടെ വ്യക്തിപരമായ തീരുമാനമായി ഇതിനെ കാണാനാകില്ലെന്നും മുസ്ലിം ലീഗിന്റെ നിലപാടില്‍ മാറ്റമുണ്ടായതിന്റെ സൂചനയാണിതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പിണറായി വിജയന്റെ ആരോപണം മുസ്ലിം ലീഗ് നിഷേധിച്ചു. നിയമനത്തില്‍ സാങ്കേതികവും നിയമപരവുമായ വ്യവസ്ഥകള്‍ പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാമെന്ന് മാത്രമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചതെന്നും മുസ്ലിം ഇതര അംഗങ്ങളെ നിയമിക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ. സലാം വ്യക്തമാക്കി. വഖഫ് നിയമഭേദഗതിക്കെതിരായ പാര്‍ട്ടിയുടെ നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയ നിയമപ്രകാരമുള്ള അംഗപ്രാതിനിധ്യം ഉറപ്പാക്കിയിട്ടില്ലെന്ന ഹര്‍ജിയെത്തുടര്‍ന്ന് കേരള വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനത്തിന് ഹൈക്കോടതി താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഈ ഉത്തരവിനെതിരെ വഖഫ് ബോര്‍ഡും ബോര്‍ഡ് അംഗവും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

 
Other News in this category

 
 




 
Close Window