Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
രൂപയുടെ മൂല്യത്തകര്‍ച്ച: പ്രവാസികളുടെ ഇന്ത്യന്‍ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷയുടെ യഥാര്‍ഥ മൂല്യം കുറയുമെന്ന് വിദഗ്ധന്‍
reporter

കൊച്ചി: രൂപയുടെ മൂല്യം തുടര്‍ച്ചയായി ഇടിയുന്നത് യുഎഇയില്‍ കഴിയുന്ന പ്രവാസികള്‍ ഇന്ത്യയില്‍ എടുക്കുന്ന ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളുടെ യഥാര്‍ഥ പരിരക്ഷാമൂല്യം ഗണ്യമായി കുറയ്ക്കുമെന്ന് ഇന്‍ഷുറന്‍സ് വിദഗ്ധനും പോളിസിബസാര്‍ ലൈഫ് ഇന്‍ഷുറന്‍സ് ബിസിനസ് ഹെഡുമായ അതുല്‍ കതൂരിയ അഭിപ്രായപ്പെട്ടു. മറ്റു കറന്‍സികള്‍ക്കെതിരെ രൂപ ദുര്‍ബലമാകുന്നത് ഗള്‍ഫ് പ്രവാസികളുടെ ദീര്‍ഘകാല സാമ്പത്തിക സുരക്ഷയെ പ്രതികൂലമായി ബാധിക്കാം. നിലവില്‍ ഒന്‍പത് ലക്ഷത്തിലധികം മലയാളികള്‍ യുഎഇയില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഇന്ത്യയില്‍ എടുക്കുന്ന ഒരു കോടി രൂപയുടെ ടേം ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് നിലവിലെ വിനിമയനിരക്കില്‍ ഏകദേശം 3.9 ലക്ഷം ദിര്‍ഹത്തിന്റെ മൂല്യം മാത്രമാണുള്ളത്. 2000ല്‍ ഒരു യുഎസ് ഡോളറിന് ഏകദേശം 45 രൂപയായിരുന്ന നിരക്ക് 2026ല്‍ 92 രൂപയിലേക്ക് ഉയര്‍ന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, യുഎഇ ദിര്‍ഹം 1997 മുതല്‍ യുഎസ് ഡോളറുമായി 3.67 എന്ന നിരക്കില്‍ ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ ദിര്‍ഹത്തിന്റെ മൂല്യത്തില്‍ സമാനമായ ഇടിവുണ്ടായിട്ടില്ല.

യുഎഇയിലെ വാടക, വാഹനവായ്പ, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ പ്രധാന ചെലവുകളെല്ലാം ദിര്‍ഹത്തിലാണ് നല്‍കേണ്ടത്. അതിനാല്‍ ഭാവിയില്‍ രൂപയില്‍ ലഭിക്കുന്ന ഇന്‍ഷുറന്‍സ് തുക യുഎഇയിലെ കുടുംബത്തിന്റെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ അപര്യാപ്തമാകാനിടയുണ്ടെന്ന് അതുല്‍ കതൂരിയ പറഞ്ഞു. യുഎഇയില്‍ സ്ഥിരമായി താമസിക്കുകയും ചെലവഴിക്കുകയും ചെയ്യുന്ന പ്രവാസികള്‍ ദിര്‍ഹത്തില്‍ പരിരക്ഷ നല്‍കുന്ന ഇന്‍ഷുറന്‍സ് പദ്ധതികള്‍ പരിഗണിക്കുന്നതാണ് കൂടുതല്‍ സുരക്ഷിതമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യുഎഇ ആസ്ഥാനമായുള്ള ഇന്‍ഷുറന്‍സ് പദ്ധതികളുടെ പ്രീമിയം ഇന്ത്യന്‍ രൂപയിലുള്ള പദ്ധതികളേക്കാള്‍ ഏകദേശം 30 ശതമാനം കൂടുതലാകാമെങ്കിലും, പോളിസി കാലയളവിന്റെ അവസാനത്തില്‍ 57 ശതമാനം വരെ കൂടുതല്‍ യഥാര്‍ഥ പരിരക്ഷ ലഭിക്കാമെന്നാണ് വിലയിരുത്തല്‍. ഇത്തരം പോളിസികളുടെ പ്രീമിയം എന്‍ആര്‍ഇ, എന്‍ആര്‍ഒ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്ലാതെ യുഎഇയിലെ സാലറി അക്കൗണ്ടില്‍നിന്ന് നേരിട്ട് അടയ്ക്കാനാകുമെന്ന സൗകര്യവുമുണ്ട്.

 
Other News in this category

 
 




 
Close Window