Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ഇഡി കേസ് പ്രതികളുടെ സ്റ്റേഷന്‍ ഓണാഘോഷവും റീല്‍ ചിത്രീകരണവും; മ്യൂസിയം പൊലീസിന് വീഴ്ചയെന്ന് റിപ്പോര്‍ട്ട്
reporter

തിരുവനന്തപുരം: ഇഡി കേസ് പ്രതികള്‍ പൊലീസ് സ്റ്റേഷനിലെത്തി ഓണാഘോഷം നടത്തുകയും റീല്‍ ചിത്രീകരിക്കുകയും ചെയ്ത സംഭവത്തില്‍ മ്യൂസിയം പൊലീസിന് വീഴ്ച സംഭവിച്ചതായി സിറ്റി പൊലീസ് കമ്മീഷണറുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. ജാമ്യവ്യവസ്ഥ പ്രകാരം ഒപ്പിടാനെത്തിയ പ്രതികളെ നടപടികള്‍ പൂര്‍ത്തിയാക്കിയ ഉടന്‍ മടക്കി അയയ്ക്കുന്നതില്‍ പൊലീസിന് വീഴ്ച സംഭവിച്ചതായാണ് കണ്ടെത്തല്‍. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസുകാരുടേതിന് സമാനമായ നിറത്തിലുള്ള വസ്ത്രങ്ങള്‍ പ്രതികള്‍ ധരിച്ചതിലും അന്വേഷണം തുടരുകയാണ്. ഇഡിയെ ആക്രമിച്ച കേസിലെ പ്രതിയും സിപിഎം ലോക്കല്‍ സെക്രട്ടറിയുമായ ഐ.പി. ബിനു ഉള്‍പ്പെടെയുള്ളവര്‍ പൊലീസിന്റെ യൂണിഫോമിനോട് സാമ്യമുള്ള നിറത്തിലുള്ള ഷര്‍ട്ട് ധരിച്ചിരുന്നതാണ് വിവാദത്തിന് ഇടയാക്കിയത്.

എന്നാല്‍, പ്രതികള്‍ക്ക് പൊലീസുകാര്‍ വസ്ത്രം വാങ്ങിനല്‍കിയെന്ന ആരോപണം തെളിയിക്കുന്ന വിവരങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. പാളയത്തെ കല്യാണ്‍ ടെക്‌സ്‌റ്റൈല്‍സില്‍ നിന്ന് മ്യൂസിയം പൊലീസ് സ്റ്റേഷനുവേണ്ടി 68 ഷര്‍ട്ടുകള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട വിവരങ്ങളും അന്വേഷണ സംഘം പരിശോധിച്ചു. ഷര്‍ട്ടുകള്‍ വാങ്ങിയ പൊലീസുകാരുടെ പട്ടികയും പരിശോധിച്ചതായാണ് വിവരം. എസ്എച്ച്ഒ പ്രശാന്ത് സ്റ്റേഷനിലെത്തിയ സമയത്തും പ്രതികള്‍ അവിടെയുണ്ടായിരുന്നുവെന്നും എസ്എച്ച്ഒ സ്റ്റേഷനില്‍ ഉണ്ടായിരിക്കെയാണ് പ്രതികള്‍ പുറത്ത് റീലിന്റെ ബാക്കി ഭാഗം ചിത്രീകരിച്ചതെന്നും സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ സ്വന്തം ശുപാര്‍ശകള്‍ ഉള്‍പ്പെടുത്തിയ വിശദീകരണം ഐജിക്ക് കൈമാറിയിട്ടുണ്ട്.

സംഭവത്തില്‍ പൊലീസിനെ വിമര്‍ശിച്ച് മന്ത്രി കെ. മുരളീധരനും രംഗത്തെത്തി. ഭരണം മാറിയ കാര്യം മനസ്സിലാകാത്ത ചില പൊലീസുകാരുണ്ടെന്നും അതിന്റെ ഫലമാണ് ഇത്തരം സംഭവങ്ങളെന്നും അദ്ദേഹം ആരോപിച്ചു. പ്രതികള്‍ക്ക് ഷര്‍ട്ടും മുണ്ടും വാങ്ങിനല്‍കിയതിനു പിന്നിലും പൊലീസിലെ ചിലരുടെ ഇടപെടലുണ്ടെന്ന ആരോപണവും മന്ത്രി ഉന്നയിച്ചു. ഇഡിയെ ആക്രമിച്ച കേസില്‍ ജാമ്യം ലഭിച്ച പ്രതികള്‍ കഴിഞ്ഞ ദിവസം ഒപ്പിടുന്നതിനായി മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് സ്റ്റേഷനു മുന്നില്‍ ഓണാഘോഷം നടത്തിയത്. ആഘോഷത്തിന്റെ ദൃശ്യങ്ങള്‍ റീലുകളാക്കി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്.

 
Other News in this category

 
 




 
Close Window