Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 11th Oct 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
പാര്‍ക്കിന്‍സണ്‍സ് രോഗിയുടെ മരണം കൊലപാതകമെന്ന് പൊലീസ്; ഭാര്യ ചെന്നൈയില്‍ അറസ്റ്റില്‍
reporter

കൊല്ലം: ശാസ്താംകോട്ടയില്‍ പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായ അറുപത്തിനാലുകാരന്റെ മരണം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി. പോരുവഴി ചാത്താകുളം ജിജി ഭവനില്‍ ജോസ് ഡാനിയേല്‍ എന്ന അലക്സിന്റെ മരണവുമായി ബന്ധപ്പെട്ട് ഭാര്യ മറിയാമ്മ ജോസിനെ (59) ചെന്നൈയില്‍നിന്ന് അറസ്റ്റ് ചെയ്തു. ജോസിനെ മരിച്ചനിലയില്‍ ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച മറിയാമ്മ, ഭര്‍ത്താവ് ആത്മഹത്യ ചെയ്‌തെന്നാണ് അറിയിച്ചതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ കഴുത്തിലെ പാടുകളും ശരീരത്തിലെ ചെറിയ മുറിവുകളും പരിശോധിച്ച ഡോക്ടര്‍ സംശയം തോന്നി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം മൃതദേഹം ഇടവകപ്പള്ളിയില്‍ സംസ്‌കരിച്ചു. പിന്നീട് ലഭിച്ച പോസ്റ്റ്‌മോര്‍ട്ടം, ഫൊറന്‍സിക് പരിശോധനാഫലങ്ങളാണ് മരണം കൊലപാതകമാണെന്ന കണ്ടെത്തലിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

സംഭവസമയത്ത് ദമ്പതികള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ജോസിനെ കഴുത്തില്‍ ചരടുമുറുക്കി കൊലപ്പെടുത്തിയശേഷം ആത്മഹത്യയാണെന്ന് ബന്ധുക്കളെ അറിയിച്ചെന്നാണ് മറിയാമ്മയ്‌ക്കെതിരായ പൊലീസ് ആരോപണം. സംസ്‌കാരത്തിനുശേഷം ചെന്നൈയിലേക്കുപോയ മറിയാമ്മ, മകന്റെ സുഹൃത്തിന്റെ സ്ഥാപനത്തിലാണ് കഴിഞ്ഞിരുന്നത്. ഫോണ്‍ രേഖകള്‍ പിന്തുടര്‍ന്നെത്തിയ അന്വേഷണസംഘം ഇവരെ അറസ്റ്റ് ചെയ്ത് നാട്ടിലെത്തിച്ചു. അടൂര്‍ തുവയൂര്‍ ആനമുക്ക് സ്വദേശിയായ ജോസ് രണ്ടുവര്‍ഷമായി പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായിരുന്നു. പരിചരണവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളും ദമ്പതികള്‍ക്കിടയിലെ പ്രശ്‌നങ്ങളുമാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.

 
Other News in this category

 
 




 
Close Window