ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ ആരോപിച്ച് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉള്‍പ്പെടെയുള്ള ഇന്ത്യ മുന്നണി നേതാക്കള്‍ സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മാര്‍ച്ചില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. 'ചലോ ഡല്‍ഹി-മാര്‍ച്ച് ഫോര്‍ ഡെമോക്രസി' എന്ന പേരിലായിരുന്നു പ്രതിഷേധം. കൊണാട്ട് പ്ലേസ്-ബാരാഖംബ റോഡ് ജങ്ഷനു സമീപം ഒത്തുകൂടിയ നേതാക്കളും പ്രവര്‍ത്തകരും അവിടെനിന്ന് സുപ്രീം കോടതിയിലേക്ക് നീങ്ങി. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ നഗരത്തില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. പൊലീസ് മാര്‍ച്ച് തടഞ്ഞതിനു പിന്നാലെ രാഹുല്‍ ഗാന്ധി വാഹനത്തിനു മുകളില്‍ കയറി. സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ആര്‍ജെഡി നേതാവ് തേജസ്വി യാദവ് എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. അതേസമയം, തിരഞ്ഞെടുപ്പ് ക്രമക്കേട് ആരോപണങ്ങളുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റെ നിയമസംഘം സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജിവയ്ക്കണമെന്ന ആവശ്യം രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു. ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്നും ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ മാത്രം വിഷയമല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധം ഒരു ദിവസത്തെ മാര്‍ച്ചില്‍ അവസാനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചീഫ് ജസ്റ്റിസിന് നേരത്തെ കത്ത് നല്‍കിയിരുന്നുവെന്നും ഔപചാരിക ഹര്‍ജിയുമായി കോടതിയെ സമീപിക്കാനാണ് നിര്‍ദേശം ലഭിച്ചതെന്നും രാഹുല്‍ അറിയിച്ചു. വോട്ടര്‍പട്ടികയുടെ പ്രത്യേക തീവ്രപരിഷ്‌കരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മിഷനിലെ അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയാണ് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയത്. സ്ഥാപനത്തിനുള്ളിലെ തീരുമാനപ്രക്രിയയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ സ്വാഭാവികമാണെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം.