ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ പ്രസിദ്ധീകരിച്ച പോസ്റ്റ് വിവാദമായി. ബിജെപി രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയതിനു പിന്നാലെ പോസ്റ്റ് പിന്‍വലിച്ചു. സന്ദേശം പൂര്‍ണമായും തെറ്റായിരുന്നുവെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ഇന്ത്യ മുന്നണിയുടെ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട ക്രമസമാധാന വിഷയം തന്റെ അധികാരപരിധിയിലല്ലെന്ന ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശത്തിനു പിന്നാലെയായിരുന്നു പോസ്റ്റ്. ക്രമസമാധാനം കൈകാര്യം ചെയ്യുന്നത് തന്റെ പരിധിയിലല്ലെങ്കില്‍ രാജിവയ്ക്കണമെന്നും പകരം അതു കൈകാര്യം ചെയ്യാന്‍ കഴിയുന്നയാളെ കണ്ടെത്താമെന്നുമായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം.
പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ച കേന്ദ്രമന്ത്രി കിരണ്‍ റിജിജു, കോണ്‍ഗ്രസ് ജുഡീഷ്യറിയെ ലക്ഷ്യമിടുകയാണെന്ന് ആരോപിച്ചു. ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാനാണ് പാര്‍ട്ടിയുടെ ശ്രമമെന്നും അദ്ദേഹം വിമര്‍ശിച്ചു. ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന ആരോപണവുമായി ബിജെപി കേരള ഘടകവും രംഗത്തെത്തി. വോട്ടര്‍പട്ടിക പരിഷ്‌കരണവും തിരഞ്ഞെടുപ്പ് ക്രമക്കേടുകളെന്ന ആരോപണങ്ങളും സംബന്ധിച്ച് ചീഫ് ജസ്റ്റിസിനെ കാണാന്‍ ഇന്ത്യ മുന്നണി നേതാക്കള്‍ അനുമതി തേടിയിരുന്നു. എന്നാല്‍ വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലായതിനാല്‍ കൂടിക്കാഴ്ച നടത്തുന്നത് ഉചിതമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഭരണപരമായ മാര്‍ഗത്തിലൂടെ നിവേദനം നല്‍കുന്നതിനു പകരം ഔപചാരിക ഹര്‍ജിയുമായി കോടതിയെ സമീപിക്കണമെന്ന് നേതാക്കളെ അറിയിച്ചതായും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ വാര്‍ഷിക പരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.