ന്യൂഡല്‍ഹി: നെടുമ്പാശ്ശേരിയില്‍ മൂന്നുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസില്‍ പ്രതിയെ രക്ഷിക്കാനുള്ള ഒരു നീക്കവും അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നിയമപ്രകാരം ലഭിക്കാവുന്ന പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ പൊലീസും പ്രോസിക്യൂഷനും പ്രവര്‍ത്തിക്കുമെന്നും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ ഞെട്ടിച്ച അതീവ വേദനാജനകമായ സംഭവമാണിതെന്ന് മന്ത്രി പ്രതികരിച്ചു. സ്‌കൂട്ടറില്‍ സഞ്ചരിച്ച മൂന്ന് യുവജനങ്ങളുടെ ജീവനാണ് നഷ്ടമായത്. ഇത്തരം സംഭവങ്ങള്‍ 'ഓപ്പറേഷന്‍ തൂഫാന്‍' പോലുള്ള നടപടികളുടെ പ്രസക്തി വ്യക്തമാക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതിയെ ബോസ്റ്റല്‍ ഹോമിലേക്ക് അയച്ചതിനെച്ചൊല്ലി ഉയര്‍ന്ന സംശയങ്ങള്‍ക്കും ചെന്നിത്തല മറുപടി നല്‍കി. പ്രതിയെ അവിടേക്ക് അയച്ചത് പൊലീസല്ല, കോടതിയാണെന്ന് അദ്ദേഹം വ്യക്തമാക്കി. 21 വയസ്സില്‍ താഴെയുള്ള പ്രതികളെ ബോസ്റ്റല്‍ ഹോമിലേക്ക് അയക്കുന്നതാണ് നിയമനടപടിയെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. ഇതുകൊണ്ട് പ്രതി കേസില്‍നിന്നോ ശിക്ഷയില്‍നിന്നോ രക്ഷപ്പെട്ടുവെന്ന് അര്‍ഥമില്ലെന്നും അദ്ദേഹം പറഞ്ഞു. കേസ് പഴുതുകളില്ലാതെ മുന്നോട്ടുകൊണ്ടുപോകാന്‍ നടപടി സ്വീകരിക്കും. മരിച്ചവരുടെ കുടുംബങ്ങളുടെ വേദനയും ആശങ്കയും സര്‍ക്കാരും പൊലീസും മനസ്സിലാക്കുന്നുണ്ട്. കുടുംബങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായും മന്ത്രി ആരോപിച്ചു.
ആദ്യഘട്ടത്തില്‍ മദ്യപിച്ചതുമായി ബന്ധപ്പെട്ട കുറ്റം രേഖപ്പെടുത്തിയില്ലെന്ന വിമര്‍ശനത്തോടും അദ്ദേഹം പ്രതികരിച്ചു. രക്തപരിശോധന നടത്തി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചശേഷമാണ് അതുസംബന്ധിച്ച കുറ്റം രേഖപ്പെടുത്തുകയെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ചെന്നിത്തല വിശദീകരിച്ചു. പ്രതിയുടെ കുടുംബം തന്റെ മണ്ഡലത്തില്‍പ്പെട്ടതല്ലെന്നും ഇപ്പോള്‍ എറണാകുളത്താണ് താമസിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പ്രതി ഏതു ജില്ലക്കാരനായാലും കേസില്‍ മന്ത്രിമാരുടെ ഇടപെടലുണ്ടാകില്ല. പ്രതിയെ രക്ഷിക്കാന്‍ പൊലീസോ സര്‍ക്കാരോ കൂട്ടുനില്‍ക്കില്ലെന്നും അദ്ദേഹം ഉറപ്പുനല്‍കി. മിനി കൂപ്പര്‍ അപകടക്കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന സംശയം അപകടത്തില്‍ മരിച്ച ഗോപികയുടെ മാതാപിതാക്കള്‍ ഉന്നയിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.