Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 13th Oct 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ജുവനൈല്‍ ഹോമല്ല ബോസ്റ്റല്‍ സ്‌കൂള്‍; സുഹൈലിനെ പാര്‍പ്പിച്ച കേന്ദ്രത്തില്‍ തടവിനൊപ്പം പുനരധിവാസവും
reporter

കൊച്ചി: നെടുമ്പാശ്ശേരിയില്‍ മൂന്നുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിലെ പ്രതി സുഹൈല്‍ സജീവിനെ കാക്കനാട്ടെ ബോസ്റ്റല്‍ സ്‌കൂളിലേക്ക് മാറ്റിയതിനെച്ചൊല്ലി സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച ശക്തമാകുന്നു. പ്രതിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റിയെന്ന പ്രചാരണത്തിനിടെ, ബോസ്റ്റല്‍ സ്‌കൂള്‍ ജയില്‍ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനമാണെന്നതാണ് പ്രധാന വസ്തുത. കാക്കനാട് ജില്ലാ ജയിലിനോടു ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ബോസ്റ്റല്‍ സ്‌കൂള്‍ സംസ്ഥാനത്തെ ഇത്തരത്തിലുള്ള ഏക സ്ഥാപനമാണ്. യുവ തടവുകാരുടെ വിദ്യാഭ്യാസത്തിനും തൊഴില്‍പരിശീലനത്തിനും സ്വഭാവപരിവര്‍ത്തനത്തിനും പ്രാധാന്യം നല്‍കുന്ന ഇവിടെ സൂപ്രണ്ട് ഉള്‍പ്പെടെയുള്ള ജയില്‍ ഉദ്യോഗസ്ഥര്‍ക്കാണ് മേല്‍നോട്ടച്ചുമതല. ജയില്‍ ചട്ടങ്ങളും സ്ഥാപനത്തിന് ബാധകമാണ്. കുട്ടികള്‍ക്കായുള്ള ജുവനൈല്‍ നീതിന്യായ സംവിധാനത്തിലെ സംരക്ഷണസ്ഥാപനങ്ങളില്‍നിന്ന് വ്യത്യസ്തമാണ് ബോസ്റ്റല്‍ സ്‌കൂളിന്റെ പ്രവര്‍ത്തനം. യുവ തടവുകാരെ കുറ്റകൃത്യങ്ങളില്‍നിന്ന് പിന്തിരിപ്പിച്ച് സമൂഹത്തിലേക്ക് തിരിച്ചെത്തിക്കാന്‍ സഹായിക്കുന്ന പരിശീലനങ്ങളും പ്രവര്‍ത്തനങ്ങളുമാണ് ഇവിടെ സംഘടിപ്പിക്കുന്നത്.

ആദ്യം കണ്ണൂരില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം 1995ലാണ് കാക്കനാട്ടേക്ക് മാറ്റിയത്. ശിക്ഷയ്‌ക്കൊപ്പം അന്തേവാസികള്‍ക്ക് ജീവിതത്തില്‍ പുതിയ വഴികള്‍ കണ്ടെത്താനുള്ള അവസരമൊരുക്കുകയാണ് ലക്ഷ്യമെന്ന് സൂപ്രണ്ട് അജു ആര്‍.വി. പറഞ്ഞു. ശാരീരിക വ്യായാമത്തോടെയാണ് ഇവിടത്തെ ദിവസം ആരംഭിക്കുന്നത്. തുടര്‍ന്ന് വിവിധ ക്ലാസുകളിലും പരിശീലനങ്ങളിലും അന്തേവാസികള്‍ പങ്കെടുക്കും. കൃഷി, ചെടികളുടെ പരിപാലനം, മത്സ്യങ്ങള്‍ക്ക് തീറ്റ നല്‍കല്‍, പാചകസഹായം തുടങ്ങിയ പ്രവര്‍ത്തനങ്ങളിലും ഇവരെ ഉള്‍പ്പെടുത്തുന്നു. ബാഡ്മിന്റണ്‍ ഉള്‍പ്പെടെയുള്ള കായികവിനോദങ്ങള്‍ക്കും അവസരമുണ്ട്. വിവിധ സംഘടനകളുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും സഹകരണത്തോടെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും പരിശീലനപരിപാടികളും നടത്തുന്നുണ്ട്. സാംസ്‌കാരിക വകുപ്പിന്റെയും തൃക്കാക്കര നഗരസഭയുടെയും സഹകരണത്തോടെ നാടന്‍പാട്ട്, നാടകം, മറ്റ് കലാപ്രവര്‍ത്തനങ്ങള്‍ എന്നിവയിലും പരിശീലനം നല്‍കുന്നു. അന്തേവാസികളില്‍ ആത്മവിശ്വാസവും സാമൂഹികജീവിതത്തിലേക്ക് മടങ്ങാനുള്ള പ്രചോദനവും വളര്‍ത്തുകയാണ് ലക്ഷ്യം.

66 പേരെ പാര്‍പ്പിക്കാന്‍ കഴിയുന്ന 16 സെല്ലുകളോടെയാണ് സ്ഥാപനം സജ്ജീകരിച്ചിരുന്നത്. നിലവില്‍ ഏകദേശം 80 അന്തേവാസികളുണ്ടെന്നാണ് വിവരം. മുമ്പ് എണ്ണം 140 വരെ ഉയര്‍ന്നിരുന്നു. അതേസമയം, പരിശീലനത്തിനുള്ള ജീവനക്കാരുടെ കുറവ് സ്ഥാപനത്തിന് വെല്ലുവിളിയാണ്. നിലവില്‍ രണ്ട് അധ്യാപകരും ഒരു നെയ്ത്ത് പരിശീലകനുമാണ് മുഴുവന്‍ അന്തേവാസികള്‍ക്കുമായുള്ളത്. നേരത്തേ മരപ്പണി, നെയ്ത്ത്, ഫിറ്റ്‌നസ് വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ പ്രത്യേക പരിശീലനങ്ങളുണ്ടായിരുന്നു. പോക്‌സോ, ലഹരിമരുന്ന്, മോഷണം തുടങ്ങിയ വിവിധ കേസുകളില്‍ ഉള്‍പ്പെട്ട യുവാക്കളാണ് ഇവിടെ കഴിയുന്നത്. ഇവരുടെ വിദ്യാഭ്യാസവും തൊഴില്‍നൈപുണ്യവും മെച്ചപ്പെടുത്തി പുനരധിവാസത്തിന് വഴിയൊരുക്കുന്നതിനാണ് സ്ഥാപനം പ്രാധാന്യം നല്‍കുന്നത്.

 
Other News in this category

 
 




 
Close Window