Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 14th Oct 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
എറണാകുളം സിനഗോഗിന് മുന്നിലെ തീവയ്പ്: യുവാവ് അറസ്റ്റില്‍; വിദേശബന്ധങ്ങള്‍ അന്വേഷിക്കുന്നു
reporter

കൊച്ചി: എറണാകുളം മാര്‍ക്കറ്റ് റോഡിലെ കടവുഭാഗം സിനഗോഗിന് മുന്നിലുള്ള നഴ്‌സറിയില്‍ തീയിട്ട കേസില്‍ പുത്തന്‍കുരിശ് സ്വദേശി എബിന്‍ ബി. പോള്‍ (32) അറസ്റ്റില്‍. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് ഇയാളെ പിടികൂടിയത്. താമസസ്ഥലത്ത് നടത്തിയ പരിശോധനയില്‍ ഹെറോയിന്‍, ഫെന്റനൈല്‍ ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ കണ്ടെത്തിയതായും പൊലീസ് അറിയിച്ചു. ഒക്ടോബര്‍ 12ന് പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. കാറിലെത്തിയ പ്രതി സിനഗോഗിന്റെ മാനേജിങ് ട്രസ്റ്റി പരിപാലിക്കുന്ന നഴ്‌സറിയിലെ ബാനറുകള്‍ക്കും ഫ്‌ലെക്‌സുകള്‍ക്കും പെട്രോളൊഴിച്ച് തീകൊളുത്തിയെന്നാണ് കേസ്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇയാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തി. വാഹനത്തെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതിയിലേക്കെത്തിച്ചത്.

'ബോസ്' എന്നു വിളിക്കുന്ന ഒരാളുടെ നിര്‍ദേശപ്രകാരമാണ് പ്രവര്‍ത്തിച്ചതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞതായാണ് വിവരം. ഈ വ്യക്തിയുടെ യഥാര്‍ഥ തിരിച്ചറിയല്‍ വ്യക്തമായിട്ടില്ല. കുറ്റകൃത്യങ്ങളുടെ ദൃശ്യങ്ങള്‍ അയച്ചുനല്‍കി ക്രിപ്‌റ്റോകറന്‍സിയായി പ്രതിഫലം കൈപ്പറ്റിയെന്ന സംശയവും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. കേന്ദ്ര ഏജന്‍സികളും ഇയാളെ ചോദ്യം ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. പ്രതിക്ക് വിദേശബന്ധങ്ങളോ തീവ്രവാദബന്ധങ്ങളോ ഉണ്ടോയെന്ന അന്വേഷണം തുടരുകയാണ്. ഇത്തരം ബന്ധങ്ങള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. വീട്ടില്‍നിന്ന് ലഹരിവസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ പുത്തന്‍കുരിശ് പൊലീസ് എന്‍ഡിപിഎസ് നിയമപ്രകാരം പ്രത്യേക കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സിനഗോഗിന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരിക്കെയാണ് തീവയ്പുണ്ടായത്.

 
Other News in this category

 
 




 
Close Window