വത്തിക്കാന് സിറ്റി: ലിയോ പതിനാലാമന് മാര്പാപ്പയ്ക്ക് ശ്വാസകോശ അര്ബുദം സ്ഥിരീകരിച്ചതായി വത്തിക്കാന് അറിയിച്ചു. റോമിലെ ജെമെല്ലി ആശുപത്രിയില് നടത്തിയ ശസ്ത്രക്രിയയില് 71കാരനായ മാര്പാപ്പയുടെ വലത് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം നീക്കം ചെയ്തു. ശസ്ത്രക്രിയയ്ക്കിടെ ശേഖരിച്ച കോശങ്ങളുടെ പരിശോധനയിലാണ് ലങ് അഡിനോകാര്സിനോമ സ്ഥിരീകരിച്ചത്. ഒക്ടോബര് 13ന് നടന്ന ശസ്ത്രക്രിയ ഏകദേശം 90 മിനിറ്റ് നീണ്ടു. നടപടിക്രമം വിജയകരമായിരുന്നെന്നും സങ്കീര്ണതകളൊന്നും ഉണ്ടായില്ലെന്നും വത്തിക്കാന് വ്യക്തമാക്കി. ശസ്ത്രക്രിയയ്ക്കുശേഷം മാര്പാപ്പ സാധാരണനിലയില് ബോധം വീണ്ടെടുത്തു. അദ്ദേഹം ആശുപത്രിമുറിയില് വിശ്രമത്തിലാണെന്ന് മുഖ്യ ശസ്ത്രക്രിയാവിദഗ്ധന് പ്രൊഫ. സ്റ്റെഫാനോ മാര്ഗരിറ്റോറ അറിയിച്ചു.
നേരത്തേ നടത്തിയ ആരോഗ്യപരിശോധനയിലാണ് ശ്വാസകോശത്തില് ചെറിയ മുഴ കണ്ടെത്തിയത്. വളരെ പ്രാരംഭഘട്ടത്തില് കണ്ടെത്തിയ മുഴ നീക്കം ചെയ്യാന് ഡോക്ടര്മാര് നിര്ദേശിച്ചതായി ഒക്ടോബര് 11ന് വിശ്വാസികളെ അഭിസംബോധന ചെയ്യുന്നതിനിടെ മാര്പാപ്പ തന്നെ അറിയിച്ചിരുന്നു. പ്രാര്ഥനയും പിന്തുണയും നല്കിയവര്ക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. വിശ്രമവും തുടര്പരിചരണവും ആവശ്യമായതിനാല് ഒക്ടോബര് 20 വരെ മാര്പാപ്പയുടെ എല്ലാ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്.