ന്യൂഡല്ഹി: സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ നേതാക്കള് നടത്തിയ മാര്ച്ചുമായി ബന്ധപ്പെട്ട ഹര്ജിയില് കോണ്ഗ്രസിനും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധിക്കും മറ്റ് നേതാക്കള്ക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു. കോടതികള്ക്കു സമീപമുള്ള രാഷ്ട്രീയ പ്രകടനങ്ങള് നിയന്ത്രിക്കാന് മാര്ഗനിര്ദേശങ്ങള് ആവശ്യപ്പെട്ട് നാല് അഭിഭാഷകര് സമര്പ്പിച്ച ഹര്ജിയിലാണ് നടപടി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്ജി പരിഗണിച്ചത്. സമ്മര്ദത്തിലൂടെ നീതിന്യായ സംവിധാനത്തെ വരുതിയിലാക്കാന് ആര്ക്കും കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. കോടതിക്കു പുറത്തുള്ള പ്രസ്താവനകളും കോടതിക്കുള്ളില് ഉന്നയിക്കുന്ന വാദങ്ങളും തങ്ങള് ശ്രദ്ധിക്കുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
വോട്ടര്പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണവുമായി ബന്ധപ്പെട്ട ക്രമക്കേടുകള് ആരോപിച്ച് ഒക്ടോബര് 12നാണ് പ്രതിപക്ഷ നേതാക്കളും പ്രവര്ത്തകരും സുപ്രീംകോടതിയിലേക്ക് മാര്ച്ച് നടത്തിയത്. കോടതി പരിസരത്തെ രാഷ്ട്രീയ പ്രകടനങ്ങള്ക്ക് നിയന്ത്രണം ഏര്പ്പെടുത്തണമെന്നും അന്നത്തെ സിസിടിവി ദൃശ്യങ്ങളും സുരക്ഷാ രേഖകളും സംരക്ഷിക്കണമെന്നും ഹര്ജിക്കാര് ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസിനെതിരായ കേരളത്തിലെ കോണ്ഗ്രസിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലെ പരാമര്ശങ്ങളും ഹര്ജിയില് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രാഷ്ട്രീയ നേതാക്കള്ക്കെതിരെ ക്രിമിനല് കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഹര്ജിക്കാര് ഉന്നയിച്ചു.