Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
അസം തെരഞ്ഞെടുപ്പ്: ബിജെപി കാവിതരംഗം; പ്രതിപക്ഷ കോട്ടകള്‍ തകര്‍ന്നടിയുന്നു
reporter

ഗുവാഹത്തി: അസം നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ സംസ്ഥാനത്ത് ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യത്തിന് വന്‍ മുന്നേറ്റം. ഇലക്ഷന്‍ കമ്മീഷന്റെ പുതിയ കണക്കുകള്‍ പ്രകാരം 126 അംഗ നിയമസഭയില്‍ ബിജെപി മാത്രം 79 സീറ്റുകളില്‍ ലീഡ് നേടി വ്യക്തമായ ഭൂരിപക്ഷത്തിലേക്ക് നീങ്ങുകയാണ്. സഖ്യകക്ഷികളുടെ പിന്തുണയില്ലാതെ തന്നെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുന്ന നിലയിലാണ് ബിജെപി. പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിന് 25 സീറ്റുകളില്‍ മാത്രമാണ് ലീഡ്. ബോഡോലാന്‍ഡ് മേഖലയില്‍ സ്വാധീനമുള്ള ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട് (BPF) 10 സീറ്റുകളില്‍ മുന്നിട്ടുനില്‍ക്കുന്നത് എന്‍ഡിഎയുടെ ശക്തി വര്‍ധിപ്പിക്കുന്നതായി കണക്കാക്കുന്നു. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ നേതൃത്വവും വികസന പ്രവര്‍ത്തനങ്ങളും ഭരണത്തുടര്‍ച്ചയ്ക്ക് വഴിയൊരുക്കിയതായാണ് വിലയിരുത്തല്‍. വോട്ടെണ്ണലിന്റെ ഓരോ ഘട്ടവും പിന്നിടുമ്പോള്‍ ബിജെപിയുടെ ലീഡ് ഉയരുന്നത് കോണ്‍ഗ്രസ് ക്യാമ്പില്‍ നിരാശയുണ്ടാക്കുന്നു.

മണ്ഡല പുനര്‍നിര്‍ണ്ണയത്തിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ ഇത്തരമൊരു പ്രകടനം കാഴ്ചവെക്കുന്നത് ഭരണപക്ഷത്തിന്റെ തന്ത്രപരമായ നീക്കങ്ങളുടെ വിജയമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. അന്തിമ ഫലത്തില്‍ എന്‍ഡിഎ ചരിത്ര വിജയം കുറിക്കുമെന്ന പ്രതീക്ഷയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍. ഇതിനിടെ, പ്രതിപക്ഷ നേതാക്കള്‍ പല മണ്ഡലങ്ങളിലും പിന്നിലായി തുടരുന്നു. ശിവസാഗര്‍ ജില്ലയിലെ നസീറ മണ്ഡലത്തില്‍ പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയ രണ്ടാം റൗണ്ട് പിന്നിടുമ്പോള്‍ 4,967 വോട്ടുകള്‍ക്ക് പിന്നിലാണ്. ബിജെപി സ്ഥാനാര്‍ത്ഥി മയൂര്‍ ബോര്‍ഗോഹൈന്‍ 11,607 വോട്ടുകള്‍ നേടിയപ്പോള്‍ സൈകിയയ്ക്ക് 6,640 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.

ശിവസാഗര്‍ മണ്ഡലത്തില്‍ സിറ്റിംഗ് എംഎല്‍എയും റൈജോര്‍ ദള്‍ അധ്യക്ഷനുമായ അഖില്‍ ഗൊഗോയിക്കും തുടക്ക റൗണ്ടുകളില്‍ തിരിച്ചടിയാണ്. ബിജെപിയുടെ കുശാല്‍ ദോവാരി 5,171 വോട്ടുകള്‍ നേടിയപ്പോള്‍ ഗൊഗോയിക്ക് 3,262 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. എന്‍ഡിഎ സഖ്യകക്ഷിയായ എജിപിയുടെ പ്രദീപ ഹസാരികയും ഇവിടെ നിര്‍ണായക വോട്ടുകള്‍ നേടുന്നുണ്ട്. അസം ജാതീയ പരിഷത്ത് (AJP) അധ്യക്ഷന്‍ ലുറിന്‍ജ്യോതി ഗൊഗോയിയും സ്വന്തം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയേക്കാള്‍ പിന്നിലാണ്. മുതിര്‍ന്ന നേതാക്കളായ ജഗദീഷ് ഭൂയാന്‍, രാജേന്‍ ഗോഹെയ്ന്‍ എന്നിവരും വിവിധ മണ്ഡലങ്ങളില്‍ പിന്നില്‍ തുടരുന്നു. ഭരണവിരുദ്ധ വികാരം വോട്ടുകളാക്കി മാറ്റാമെന്ന പ്രതീക്ഷിച്ചിരുന്ന പ്രതിപക്ഷത്തിന് മണ്ഡല പുനര്‍നിര്‍ണ്ണയത്തിന് ശേഷമുള്ള പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ബിജെപിയുടെ ഏകോപിത പ്രചാരണവും വികസന മുദ്രാവാക്യങ്ങളും പ്രതിപക്ഷ കോട്ടകളില്‍ പോലും വിള്ളല്‍ സൃഷ്ടിച്ചതായാണ് നിലവിലെ ട്രെന്‍ഡുകള്‍ സൂചിപ്പിക്കുന്നത്.

 
Other News in this category

 
 




 
Close Window