Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.3317 INR  1 EURO=107.2271 INR
ukmalayalampathram.com
Thu 25th Jun 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
മുഖ്യമന്ത്രി ആര്? കോണ്‍ഗ്രസില്‍ കടുത്ത നീക്കങ്ങള്‍; പിന്തുണ ഉറപ്പിക്കാന്‍ സതീശന്‍, വേണുഗോപാല്‍, ചെന്നിത്തല പക്ഷങ്ങള്‍
reporter

വി ഡി സതീശന്‍, കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവരെ ചുറ്റിപ്പറ്റി കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ കടുക്കുന്നതിനിടെ, വിജയിച്ച എംഎല്‍എമാരുടെ പിന്തുണ ഉറപ്പിക്കാനുള്ള തിരക്കുപിടിച്ച നീക്കങ്ങളിലാണ് വിവിധ പക്ഷങ്ങള്‍. വിജയിച്ച 63 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 47 പേരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് കെ സി വേണുഗോപാല്‍ പക്ഷത്തിന്റെ അവകാശവാദം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള സാമ്പത്തിക പിന്തുണയിലും കെ സി വേണുഗോപാല്‍ വഹിച്ച നിര്‍ണായക പങ്ക് എംഎല്‍എമാരുടെ പിന്തുണ നേടാന്‍ സഹായിക്കുമെന്നാണ് ഇവരുടെ വിലയിരുത്തല്‍. ''എംഎല്‍എമാരെയും പാര്‍ട്ടി പ്രവര്‍ത്തകരെയും സംബന്ധിച്ചിടത്തോളം കെ സി വേണുഗോപാല്‍ കരുണാകരനെയും ഉമ്മന്‍ ചാണ്ടിയെയും പോലെയുള്ള നേതാവാണ്. സ്വന്തം ആളുകളെ ഒരിക്കലും കൈവിടാത്ത നേതാവാണ് അദ്ദേഹം,'' എന്നാണ് ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം.

അതേസമയം, നിലവിലെ പ്രതിപക്ഷ നേതാവെന്ന നിലയില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ നടത്തിയ ശക്തമായ പോരാട്ടവും പൊതുജനങ്ങളില്‍ നേടിയ സ്വീകാര്യതയും തനിക്കനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് വി ഡി സതീശന്‍. യുഡിഎഫ് ഘടകകക്ഷികളുടെ പിന്തുണയും സതീശന്‍ പക്ഷം കണക്കുകൂട്ടുന്നുണ്ട്. സംഘടനാപരമായ സ്വാധീനവും ജനകീയ പ്രതിച്ഛായയും തമ്മിലുള്ള ശക്തമായ പോരാട്ടമായാണ് കോണ്‍ഗ്രസിനകത്തെ നിലവിലെ സാഹചര്യം വിലയിരുത്തപ്പെടുന്നത്. യുഡിഎഫിന്റെ ശക്തമായ സര്‍ക്കാര്‍വിരുദ്ധ പ്രചാരണത്തിന് നേതൃത്വം നല്‍കിയതും തങ്ങളാണെന്നാണ് സതീശന്‍ അനുകൂലികളുടെ വാദം. ഇതിനിടെ, കേന്ദ്ര നിരീക്ഷകരായ മുകുള്‍ വാസ്നിക്, അജയ് മാക്കന്‍ എന്നിവര്‍ സംസ്ഥാനത്തെത്തി ചര്‍ച്ചകള്‍ ആരംഭിച്ചു. സംസ്ഥാനത്തെ പ്രധാന കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന ഇവര്‍ 63 എംഎല്‍എമാരുടെയും അഭിപ്രായം പ്രത്യേകം തേടും. ഓരോ എംഎല്‍എയെയും വ്യക്തിപരമായി കണ്ടായിരിക്കും അഭിപ്രായ ശേഖരണം നടത്തുകെന്നാണ് സൂചന.

തുടര്‍ന്ന് യുഡിഎഫ് ഘടകകക്ഷികളുടെയും നിലപാട് കേന്ദ്രനേതൃത്വം തേടും. ശേഖരിക്കുന്ന വിവരങ്ങള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ക്ക് കൈമാറും. തുടര്‍ന്ന് സംസ്ഥാനത്തെ പ്രധാന നേതാക്കളെ വീണ്ടും ഡല്‍ഹിയിലേക്ക് വിളിച്ചുചേര്‍ത്തുള്ള ചര്‍ച്ചകള്‍ക്കുശേഷമായിരിക്കും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.



''ഹൈക്കമാന്‍ഡ് തീരുമാനം ഘടകകക്ഷികള്‍ അംഗീകരിക്കും''

മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എടുക്കുന്ന തീരുമാനം യുഡിഎഫ് ഘടകകക്ഷികള്‍ ചോദ്യം ചെയ്യാനിടയില്ലെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങളുടെ വിലയിരുത്തല്‍. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം വി ഡി സതീശനെ പ്രതിപക്ഷ നേതാവാക്കാന്‍ രാഹുല്‍ ഗാന്ധിയെ പ്രേരിപ്പിച്ചത് കെ സി വേണുഗോപാലാണെന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് തനിക്ക് പിന്തുണ നല്‍കിയതില്‍ കെ സി വേണുഗോപാലിന്റെ പങ്ക് വി ഡി സതീശന്‍ ഇതുവരെ തുറന്ന് സമ്മതിച്ചിട്ടില്ലെന്ന വിമര്‍ശനവും പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നുണ്ട്.

എംഎല്‍എ അല്ലെങ്കിലും മുഖ്യമന്ത്രിയാകാമെന്ന് കെ സി പക്ഷം

കെ സി വേണുഗോപാല്‍ നിലവില്‍ എംഎല്‍എ അല്ലെങ്കിലും മുഖ്യമന്ത്രിയാകുന്നതിന് രാഷ്ട്രീയമായും ഭരണഘടനാപരമായും തടസമില്ലെന്നാണ് അദ്ദേഹത്തിന്റെ അനുയായികളുടെ നിലപാട്. മുന്‍മുഖ്യമന്ത്രിമാരായ സി അച്യുതമേനോന്‍, ഇ കെ നായനാര്‍, എ കെ ആന്റണി എന്നിവര്‍ നിയമസഭാംഗങ്ങള്‍ അല്ലാതിരുന്ന സമയത്ത് മുഖ്യമന്ത്രിപദം ഏറ്റെടുത്ത ഉദാഹരണങ്ങളും കെ സി പക്ഷം ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് തന്നെ, ഹൈക്കമാന്‍ഡ് കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്താല്‍ അതില്‍ അസാധാരണമായി ഒന്നുമില്ലെന്നാണ് അദ്ദേഹത്തിന്റെ അനുയായികളുടെ വാദം.

 
Other News in this category

 
 




 
Close Window