Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ക്രൂസ് കപ്പലില്‍ ഹാന്റാവൈറസ് ബാധ; പുതിയ മഹാമാരിയെന്ന ആശങ്ക തള്ളി ലോകാരോഗ്യ സംഘടന
reporter

ലണ്ടന്‍/ബ്യൂണസ് ഐറിസ്: അര്‍ജന്റീനയിലെ ഉസുവായയില്‍ നിന്ന് പുറപ്പെട്ട ക്രൂസ് കപ്പലില്‍ എട്ട് പേര്‍ക്ക് ഹാന്റാവൈറസ് ബാധ സ്ഥിരീകരിച്ചതോടെ ലോകത്ത് വീണ്ടും മഹാമാരിയെന്ന ആശങ്ക ഉയര്‍ന്നു. വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ മരിച്ചതായും അഞ്ച് പേര്‍ ചികിത്സയിലാണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. അറ്റ്‌ലാന്റിക് സമുദ്രം വഴി കേപ് വെര്‍ദെയിലേക്ക് യാത്ര ചെയ്യുകയായിരുന്ന എംവി ഹോണ്ടിയസ് എന്ന ക്രൂസ് കപ്പലിലാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. കപ്പലിലുണ്ടായിരുന്ന രണ്ട് ഇന്ത്യക്കാര്‍ക്കും രോഗബാധ സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇന്ത്യയില്‍ ഇതുമായി ബന്ധപ്പെട്ട് ഇതുവരെ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അടിയന്തര ആശങ്കയ്ക്ക് സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.

ഏപ്രില്‍ ഒന്നിനാണ് തെക്കന്‍ അര്‍ജന്റീനയിലെ ഉസുവായയില്‍ നിന്ന് കപ്പല്‍ യാത്ര ആരംഭിച്ചത്. യാത്ര തുടങ്ങുമ്പോള്‍ യാത്രക്കാരില്‍ ആരിലും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഏപ്രില്‍ ആറിനാണ് 70 വയസ്സുള്ള ഡച്ച് പൗരന് പനി, തലവേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമായത്. പിന്നീട് ശ്വാസതടസ്സം അനുഭവപ്പെട്ട ഇയാള്‍ ഏപ്രില്‍ 11ന് മരിച്ചു. തുടര്‍ന്ന് ഭാര്യയ്ക്കും സമാന ലക്ഷണങ്ങള്‍ പ്രകടമായി. തെക്കന്‍ ആഫ്രിക്കയില്‍ ചികിത്സയിലിരിക്കെ ഏപ്രില്‍ 26ന് അവര്‍ മരിച്ചു. പരിശോധനയിലാണ് ഇരുവരും ഹാന്റാവൈറസ് ബാധിതരാണെന്ന് കണ്ടെത്തിയത്. ജര്‍മന്‍ സ്വദേശിനിയായ യുവതിയുടെ മരണമാണ് മൂന്നാമത്തേത്. രോഗലക്ഷണങ്ങള്‍ പ്രകടമായി നാല് ദിവസത്തിനുള്ളിലാണ് മരണം സംഭവിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പിസിആര്‍ പരിശോധനയില്‍ സ്ഥിരീകരിച്ച ആറു കേസുകളും ഹാന്റാവൈറസിന്റെ വകഭേദമായ ആന്‍ഡിസ് വൈറസാണെന്ന് കണ്ടെത്തി. രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ കപ്പലില്‍ 147 യാത്രക്കാരും ജീവനക്കാരുമുണ്ടായിരുന്നു. ഇതിനിടെ 34 പേര്‍ കപ്പല്‍ വിട്ടിറങ്ങിയിരുന്നു. നാല് പേര്‍ ദക്ഷിണാഫ്രിക്ക, നെതര്‍ലന്‍ഡ്‌സ്, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ ചികിത്സയിലാണ്.



'കോവിഡ് പോലൊരു സാഹചര്യമല്ല'

ഹാന്റാവൈറസ് വ്യാപനത്തെ കോവിഡ് മഹാമാരിയുമായി താരതമ്യം ചെയ്യാനാകില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. കോവിഡ്-19 പോലുള്ള അതിവേഗ വ്യാപന സാധ്യത ഇപ്പോള്‍ കാണുന്നില്ലെന്ന് സംഘടനയിലെ എപ്പിഡെമിയോളജിസ്റ്റ് മരിയ വാന്‍ കെര്‍ക്കോവ് പറഞ്ഞു. കോവിഡിനെയും ഫ്‌ലൂവിനെയും പോലെ ചുമയിലൂടെയോ തുമ്മലിലൂടെയോ ഹാന്റാവൈറസ് എളുപ്പത്തില്‍ പകരില്ല. രോഗലക്ഷണങ്ങളുള്ള ആളുമായി വളരെ അടുത്തും ദീര്‍ഘകാലവുമായ സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകരാന്‍ സാധ്യതയുള്ളത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കുള്ള വ്യാപനം ആന്‍ഡിസ് വൈറസ് വകഭേദത്തില്‍ മാത്രമാണ് സ്ഥിരീകരിച്ചിട്ടുള്ളത്.

കപ്പലില്‍ നിന്നു പുറത്തേക്ക് വൈറസ് വ്യാപിച്ചതിന് നിലവില്‍ തെളിവുകളില്ലെന്നും ആഗോള ജനസംഖ്യയ്ക്ക് അപകടസാധ്യത വളരെ കുറവാണെന്നും വിദഗ്ധര്‍ വ്യക്തമാക്കി. എന്നിരുന്നാലും എട്ട് ആഴ്ച വരെ നീളുന്ന ഇന്‍കുബേഷന്‍ കാലയളവ് ഉള്ളതിനാല്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി.



എന്താണ് ഹാന്റാവൈറസ്?

ഹാന്റാവൈറസ് പുതിയ രോഗമല്ല. ലോകത്ത് 30 മുതല്‍ 50 വരെ ഹാന്റാവൈറസ് വകഭേദങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ചിലത് വളരെ നിരുപദ്രവകാരികളാണ്. ഏഷ്യയില്‍ കാണപ്പെടുന്ന ചില വകഭേദങ്ങള്‍ പ്രധാനമായും വൃക്കകളെ ബാധിക്കുന്നവയാണ്. എന്നാല്‍ തെക്കേ അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആന്‍ഡിസ് വൈറസ് ശ്വാസകോശത്തെ ബാധിക്കുന്ന തരത്തിലുള്ളതാണ്. ശ്വാസകോശത്തെ ഗുരുതരമായി ബാധിച്ചാല്‍ മരണനിരക്ക് 50 ശതമാനം വരെ ഉയരാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

വൈറസ് ബാധിച്ച എലികളുടെ വിസര്‍ജ്യങ്ങള്‍, മൂത്രം, ഉമിനീര്‍ എന്നിവയിലൂടെയാണ് പ്രധാനമായും രോഗം മനുഷ്യരിലേക്ക് പകരുന്നത്. ഇവ കലര്‍ന്ന പൊടി ശ്വസിക്കുന്നതിലൂടെയും രോഗബാധ ഉണ്ടാകാം. 1950കളില്‍ കൊറിയന്‍ യുദ്ധകാലത്ത് കൊറിയയിലെ ഹാന്റാന്‍ നദിക്ക് സമീപമാണ് ഈ വൈറസ് ആദ്യമായി തിരിച്ചറിഞ്ഞത്. ലോകമെമ്പാടും 20-ല്‍ അധികം ഹാന്റാവൈറസ് വകഭേദങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും മനുഷ്യരില്‍ ഗുരുതര രോഗം സൃഷ്ടിക്കുന്നത് ചുരുക്കം ചില വകഭേദങ്ങള്‍ മാത്രമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

 
Other News in this category

 
 




 
Close Window