Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.3317 INR  1 EURO=107.2271 INR
ukmalayalampathram.com
Thu 25th Jun 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
മുഖ്യമന്ത്രി ചര്‍ച്ച കടുക്കുന്നു; കെസി വേണുഗോപാല്‍ അനുകൂല എംഎല്‍എമാര്‍ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം
reporter

കൊച്ചി: കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമാകുന്നതിനിടെ കെസി വേണുഗോപാലിനെ പിന്തുണയ്ക്കുന്നുവെന്ന് കരുതപ്പെടുന്ന നിയുക്ത എംഎല്‍എമാര്‍ക്കെതിരെ വിവിധ മണ്ഡലങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു. വി.ഡി. സതീശന്‍ അനുകൂല പ്രവര്‍ത്തകരാണ് പരസ്യ പ്രതിഷേധങ്ങളുമായി രംഗത്തെത്തുന്നത്. ഹൈക്കമാന്‍ഡ് ഇതുവരെ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലാത്ത സാഹചര്യത്തില്‍, 'കെസി ക്യാമ്പ്' പിന്തുണക്കുന്ന എംഎല്‍എമാരെ ലക്ഷ്യമിട്ട് പ്രതിഷേധങ്ങളും ഭീഷണി പോസ്റ്ററുകളും വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. നാദാപുരം മണ്ഡലത്തിലെ സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ നിയുക്ത എംഎല്‍എ കെ.എം. അഭിജിത്തിനോട് പ്രവര്‍ത്തകര്‍ പരസ്യമായി ചോദ്യങ്ങള്‍ ഉയര്‍ത്തി. യുഡിഎഫിന്റെ മുന്നേറ്റത്തിന് നേതൃത്വം നല്‍കിയ വി.ഡി. സതീശനെ മാറ്റിനിര്‍ത്തി എന്തിനാണ് കെസി വേണുഗോപാലിനെ പിന്തുണയ്ക്കുന്നതെന്നായിരുന്നു പ്രവര്‍ത്തകരുടെ ചോദ്യം. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അതേസമയം, തനിക്കെതിരെ സംഘടിത പ്രതിഷേധമൊന്നും ഉണ്ടായിട്ടില്ലെന്നും, വേണുഗോപാലിനെ പിന്തുണയ്ക്കുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്ന ചില വീഡിയോകള്‍ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് തയ്യാറാക്കിയതാണെന്ന് പ്രവര്‍ത്തകരെ ബോധ്യപ്പെടുത്തുകയായിരുന്നുവെന്നും അഭിജിത്ത് വിശദീകരിച്ചു. കുന്നത്തുനാട് നിയുക്ത എംഎല്‍എ വി.പി. സജീന്ദ്രനെയും പൊതുപരിപാടിക്കിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വളഞ്ഞു. വി.ഡി. സതീശനെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട പ്രവര്‍ത്തകര്‍, വേണുഗോപാലിനെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടാനുള്ള നീക്കത്തില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി. റാന്നിയിലാണ് പ്രതിഷേധം ഏറ്റവും ശക്തമായത്. കെസി വേണുഗോപാലിനെ പരസ്യമായി പിന്തുണച്ച നിയുക്ത എംഎല്‍എ പഴകുളം മധുവിന്റെ സ്വീകരണപരിപാടി ആളുകളുടെ പങ്കാളിത്തക്കുറവും പ്രതിഷേധവും കണക്കിലെടുത്ത് വെട്ടിച്ചുരുക്കി. പത്തനംതിട്ട പ്രസ്‌ക്ലബില്‍ നടത്താനിരുന്ന വാര്‍ത്താസമ്മേളനവും പിന്നീട് ഒഴിവാക്കി.

വണ്ടൂര്‍ മണ്ഡലത്തില്‍ എ.പി. അനില്‍കുമാറിനെതിരെ 'പച്ചപ്പട', 'ജനശബ്ദം' എന്നീ പേരുകളില്‍ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. വേണുഗോപാലിനെ പിന്തുണയ്ക്കുന്നതിനെതിരെ മുന്നറിയിപ്പും മുസ്ലിം ലീഗിനെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്നതായും പോസ്റ്ററുകളില്‍ ആരോപിക്കുന്നു. ഡല്‍ഹിയില്‍ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍, ഏകദേശം 47 എംഎല്‍എമാരുടെ പിന്തുണ കെസി വേണുഗോപാലിനുണ്ടെന്നാണ് പാര്‍ട്ടിക്കുള്ളിലെ സൂചനകള്‍.

 
Other News in this category

 
 




 
Close Window