Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
വന്ദേമാതരം വിവാദം: രാജ്ഭവന്‍ നിര്‍ദേശപ്രകാരമാണ് ആലപിച്ചതെന്ന് വി.ഡി. സതീശന്‍
reporter

തിരുവനന്തപുരം: സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവനായി ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് വി.ഡി. സതീശന്‍. വന്ദേമാതരം മുഴുവനായി ആലപിക്കുമെന്ന് തങ്ങള്‍ക്ക് മുന്‍കൂട്ടി അറിയില്ലായിരുന്നുവെന്നും രാജ്ഭവനില്‍ നിന്നുള്ള നിര്‍ദേശപ്രകാരമാണ് അത് ആലപിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ''വന്ദേമാതരം മുഴുവനായി ആലപിക്കുന്നത് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. രാജ്ഭവനില്‍ നിന്നുള്ള നിര്‍ദേശം അനുസരിച്ചാണ് ആലപിച്ചത്. ഞാനും നില്‍ക്കുമ്പോഴാണ് കേള്‍ക്കുന്നത്. അതിനിടെ തടസ്സപ്പെടുത്താന്‍ പറ്റുമോ? അവസാനം അത് ആലപിക്കുമോ എന്നും അറിയില്ലായിരുന്നു. സാധാരണ ദേശീയ ഗാനമാണ് ആലപിക്കാറുള്ളത്. ഇതും കൂടി ആലപിക്കുകയായിരുന്നു. ഇവിടെ ആലപിച്ചത് ഞങ്ങള്‍ അറിഞ്ഞുകൊണ്ടല്ല,'' വി.ഡി. സതീശന്‍ പറഞ്ഞു.

സത്യപ്രതിജ്ഞാ ചടങ്ങിനിടെ പേരിനൊപ്പം ജാതിവാല്‍ ചേര്‍ത്ത് വായിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. അച്ഛന്റെ പേര് പറഞ്ഞാല്‍ എന്താണ് കുഴപ്പമെന്ന് സതീശന്‍ ചോദിച്ചു. ''എന്റെ അച്ഛന്റെ പേര് അതാണ്. അമ്മയുടെ പേര് കൂടി പറയാത്തതില്‍ മാത്രമാണ് സങ്കടം. ഞാന്‍ നിയമസഭാംഗമാകുന്നതിന് മുമ്പ് തന്നെ അച്ഛനും അമ്മയും മരിച്ചു പോയവരാണ്. എന്റെ മുഴുവന്‍ പേരാണ് വായിച്ചത്. സാധാരണ അങ്ങനെ തന്നെയല്ലേ ചെയ്യുന്നത്. പാസ്പോര്‍ട്ടില്‍ എഴുതുന്നതും അങ്ങനെയാണ്. അച്ഛന്റെ പേര് കൂടി പറയാന്‍ വേണ്ടിയാണ് അങ്ങനെ പറഞ്ഞത്. എനിക്ക് സന്തോഷമാണ്. മാതാപിതാക്കളെ ഓര്‍ക്കേണ്ടതല്ലേ. അമ്മയെ ഞാന്‍ മനസ്സില്‍ വിചാരിച്ചു. അച്ഛന്റെ പേരും പറഞ്ഞു. അമ്മയുടെ പേര് പറയാന്‍ സാഹചര്യമുണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കില്‍ അമ്മയുടെ പേരും പറഞ്ഞേനേ. അച്ഛന്റെയും അമ്മയുടെയും പേര് പറയുന്നത് അഭിമാനമാണ്,'' അദ്ദേഹം വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window