Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=109.9263 INR
ukmalayalampathram.com
Sat 06th Jun 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; ഭൂമി ഏറ്റെടുക്കല്‍ ഉത്തരവുകളും പിന്‍വലിക്കും
reporter

തിരുവനന്തപുരം: കഴിഞ്ഞ പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കും ജനകീയ പ്രതിഷേധങ്ങള്‍ക്കും വഴിവെച്ച സില്‍വര്‍ ലൈന്‍ പദ്ധതി പുതിയ യു ഡി എഫ് സര്‍ക്കാര്‍ പൂര്‍ണമായി റദ്ദാക്കി. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശനാണ് തീരുമാനം പ്രഖ്യാപിച്ചത്. പദ്ധതിക്കായി സംസ്ഥാനത്ത് ഭൂമി ഏറ്റെടുക്കുന്നതിന് മുന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്ന എല്ലാ ഔദ്യോഗിക ഉത്തരവുകളും വിജ്ഞാപനങ്ങളും റദ്ദാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ജനങ്ങള്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന തീരുമാനമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

സില്‍വര്‍ ലൈന്‍ വിരുദ്ധ സമരങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാധാരണക്കാര്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും എതിരെ പോലീസ് രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസുകളും പിന്‍വലിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ യു ഡി എഫ് ജനങ്ങള്‍ക്ക് നല്‍കിയ പ്രധാന വാഗ്ദാനങ്ങളിലൊന്നാണ് ഇതോടെ സര്‍ക്കാര്‍ നടപ്പാക്കുന്നത്.

മഞ്ഞക്കുറ്റികള്‍ നീക്കും; റവന്യൂ വകുപ്പിന് നിര്‍ദേശം

കെ റെയില്‍ പദ്ധതിയുടെ അതിരടയാളങ്ങള്‍ നിശ്ചയിക്കുന്നതിനായി വീടുകളുടെയും കൃഷിയിടങ്ങളുടെയും പരിസരങ്ങളില്‍ സ്ഥാപിച്ചിരുന്ന കോണ്‍ക്രീറ്റ് മഞ്ഞക്കുറ്റികള്‍ സംസ്ഥാനത്തുടനീളം അടിയന്തരമായി നീക്കം ചെയ്യാനും സര്‍ക്കാര്‍ ഉത്തരവിട്ടു. ഇതുസംബന്ധിച്ച നടപടികള്‍ വേഗത്തിലാക്കാന്‍ റവന്യൂ വകുപ്പിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആശ്വാസം നല്‍കുന്ന മറ്റൊരു തീരുമാനവും മന്ത്രിസഭാ യോഗത്തില്‍ എടുത്തു. കാലാവധി അവസാനിക്കാനിരിക്കുന്നതും പ്രതിസന്ധി നേരിടുന്നതുമായ വിവിധ പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

 
Other News in this category

 
 




 
Close Window