Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3828 INR  1 EURO=112.0951 INR
ukmalayalampathram.com
Wed 20th May 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
വകുപ്പ് വിഭജനത്തില്‍ പൊട്ടിത്തെറി; യു ഡി എഫ് സര്‍ക്കാരില്‍ തുടക്കത്തിലേ ഭിന്നത രൂക്ഷം
reporter

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ വന്‍ വിജയത്തിന് പിന്നാലെ അധികാരത്തിലെത്തിയ പുതിയ യു ഡി എഫ് സര്‍ക്കാരിന് തുടക്കത്തിലേ വകുപ്പുവിഭജന വിവാദം തലവേദനയായി. മന്ത്രിമാര്‍ക്ക് വകുപ്പുകള്‍ നല്‍കുന്നതിനെച്ചൊല്ലി മുന്നണിയിലും കോണ്‍ഗ്രസിനുള്ളിലും ഹൈക്കമാന്‍ഡ് തലത്തിലും കടുത്ത ഭിന്നത നിലനില്‍ക്കുന്നതായാണ് സൂചന. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ പോലും മുഖ്യമന്ത്രി വി.ഡി. സതീശന്‍ അംഗീകരിച്ചില്ലെന്നാണ് പുറത്തുവരുന്ന വിവരം. തിങ്കളാഴ്ച തിരുവനന്തപുരത്ത് നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഖാര്‍ഗെ, വകുപ്പുവിഭജനത്തിലെ അസന്തുലിതാവസ്ഥയെക്കുറിച്ച് മുഖ്യമന്ത്രിയോട് നേരിട്ട് അതൃപ്തി അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ദളിത്, പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍ക്ക് പ്രധാന വകുപ്പുകള്‍ നല്‍കാത്തതില്‍ ഖാര്‍ഗെ കടുത്ത അസന്തോഷം പ്രകടിപ്പിച്ചു. എ.പി. അനില്‍കുമാറിന് ഉറപ്പുനല്‍കിയിരുന്ന ആരോഗ്യം, ദേവസ്വം വകുപ്പുകളും എം. ലിജുവിന് നല്‍കാനിരുന്ന സഹകരണ വകുപ്പും മാറ്റിയതില്‍ ഹൈക്കമാന്‍ഡിനും അതൃപ്തിയുണ്ട്. എന്നാല്‍ മുഖ്യമന്ത്രിയുടെ നിലപാട് മാറാത്തതോടെ തുടര്‍ന്നുള്ള ചര്‍ച്ചകളില്‍ നിന്ന് അഖിലേന്ത്യാ നേതൃത്വം വിട്ടുനില്‍ക്കുകയാണെന്നാണ് വിവരം.



ലീഗിനെതിരെ സഭകളുടെ എതിര്‍പ്പ്

വകുപ്പുവിഭജന ചര്‍ച്ചകള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയത് മുസ്ലിം ലീഗിന് ചില പ്രധാന വകുപ്പുകള്‍ നല്‍കുന്നതിനെതിരെ ക്രൈസ്തവ സഭകള്‍ രംഗത്തെത്തിയതോടെയാണ്. ഫിഷറീസ്, ഉന്നതവിദ്യാഭ്യാസ വകുപ്പുകള്‍ ലീഗിന് നല്‍കുന്നതിനെതിരെ ലത്തീന്‍ കത്തോലിക്കാ സഭയും സീറോ മലബാര്‍ സഭയും കോണ്‍ഗ്രസ് നേതൃത്വത്തെ സമീപിച്ചതായാണ് വിവരം. കോണ്‍ഗ്രസ് മന്ത്രിസഭാ പട്ടികയില്‍ തങ്ങളുടെ സമുദായത്തിന് അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്ന വികാരം നിലനില്‍ക്കുന്നതിനിടെയാണ് ഫിഷറീസ് വകുപ്പ് മുസ്ലിം ലീഗിന് നല്‍കരുതെന്ന ആവശ്യവുമായി ലത്തീന്‍ സഭ രംഗത്തെത്തിയത്. ലീഗിന് ഫിഷറീസ് വകുപ്പ് നല്‍കിയാല്‍ കടുത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പും സഭ നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്.

അതേസമയം, ഉന്നതവിദ്യാഭ്യാസ വകുപ്പ് തങ്ങള്‍ക്ക് തന്നെ വേണമെന്ന നിലപാടിലാണ് മുസ്ലിം ലീഗ്. ഇതിനെതിരെ സീറോ മലബാര്‍ സഭയും കത്തോലിക്കാ കോണ്‍ഗ്രസും ശക്തമായി പ്രതികരിച്ചു. ഉന്നതവിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസ് തന്നെ കൈവശം വെക്കണമെന്നും അത് റോജി എം. ജോണിന് നല്‍കണമെന്നുമാണ് സഭയുടെ ആവശ്യം. വിദ്യാഭ്യാസ മേഖലയില്‍ ക്രൈസ്തവ സമൂഹം നല്‍കിയ സംഭാവനകള്‍ അവഗണിക്കരുതെന്നും വിദ്യാഭ്യാസം, വനം, ന്യൂനപക്ഷ ക്ഷേമം തുടങ്ങിയ നിര്‍ണ്ണായക വകുപ്പുകള്‍ കോണ്‍ഗ്രസ് തന്നെ കൈകാര്യം ചെയ്യണമെന്നും കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ ഫാദര്‍ ഫിലിപ്പ് കാവിയില്‍ ആവശ്യപ്പെട്ടു. ന്യൂനപക്ഷ ക്ഷേമ വകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യവും സഭകള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.



യുവമന്ത്രിമാരിലും അതൃപ്തി

ഘടകകക്ഷികളും സഭകളും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്കൊപ്പം കോണ്‍ഗ്രസിലെ യുവമന്ത്രിമാരിലും വകുപ്പുവിഭജനത്തെച്ചൊല്ലി അതൃപ്തി ശക്തമാണ്. തങ്ങള്‍ക്ക് പ്രധാന്യമില്ലാത്ത ചെറിയ വകുപ്പുകളാണ് നല്‍കിയതെന്ന പരാതിയുമായി ടി. സിദ്ധിഖും എം. ലിജുവും രംഗത്തെത്തിയതായാണ് വിവരം. ടി. സിദ്ധിഖിന് ആദ്യം വനംവകുപ്പ് ഉറപ്പുനല്‍കിയിരുന്നെങ്കിലും പിന്നീട് അത് ആര്‍.എസ്.പി. നേതാവ് ഷിബു ബേബി ജോണിന് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. എം. ലിജുവിന് എക്‌സൈസ് വകുപ്പ് മാത്രമാണ് ലഭിച്ചത്. ഇതിലും അദ്ദേഹം അതൃപ്തനാണെന്നാണ് സൂചന.

പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ സി.എം.പി. നേതാവ് സി.പി. ജോണ്‍ ചൊവ്വാഴ്ച രാത്രി ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി. എന്നാല്‍ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സഭകളുടെ ഇടപെടലിനെതിരെ മുസ്ലിം ലീഗ് അണികളിലും പ്രതിഷേധം ഉയരുന്നുണ്ട്. വകുപ്പ് വിഭജന വിവാദങ്ങളില്‍ മുഖ്യമന്ത്രി വി.ഡി. സതീശനോ കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇത് കോണ്‍ഗ്രസിനുള്ളിലെ ഭിന്നതയുടെ ആഴം വ്യക്തമാക്കുന്നതായാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

 
Other News in this category

 
 




 
Close Window