Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=110.6807 INR
ukmalayalampathram.com
Thu 16th Jul 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
സില്‍വര്‍ ലൈന്‍ റദ്ദായി; വര്‍ഷങ്ങള്‍ക്കുശേഷം ഗൃഹപ്രവേശത്തിനൊരുങ്ങി കുടുംബം
reporter

കോട്ടയം: സില്‍വര്‍ ലൈന്‍ പദ്ധതി പുതിയ യു ഡി എഫ് സര്‍ക്കാര്‍ പൂര്‍ണമായി റദ്ദാക്കിയതോടെ വര്‍ഷങ്ങളായി മാറ്റിവെച്ചിരുന്ന ഗൃഹപ്രവേശം നടത്താന്‍ ഒരുങ്ങുകയാണ് കോട്ടയത്തെ ഒരു കുടുംബം. കൊല്ലാട് മലമേല്‍ക്കാവ് കല്ലുങ്കല്‍ക്കടവ് മുല്ലശേരി പുത്തന്‍വീട്ടില്‍ ഉമ്മന്‍ ജോണ്‍ നിര്‍മിച്ച വീടിന്റെ ഗൃഹപ്രവേശമാണ് ഇനി നടക്കുക. ഇരുപത് വര്‍ഷം ദുബൈയില്‍ ജോലി ചെയ്ത് മിച്ചം പിടിച്ച തുക ഉപയോഗിച്ചാണ് ഉമ്മന്‍ ജോണ്‍ വീട് നിര്‍മിച്ചത്. സില്‍വര്‍ ലൈന്‍ പദ്ധതി പ്രഖ്യാപിച്ച വര്‍ഷം തന്നെയാണ് വീടിന്റെ നിര്‍മാണം പൂര്‍ത്തിയായത്. ഗൃഹപ്രവേശത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങാനിരിക്കെയായിരുന്നു വീടിന്റെ ഒരു ഭാഗത്തുകൂടി നിര്‍ദിഷ്ട റെയില്‍പ്പാതയുടെ അലൈന്‍മെന്റ് കടന്നുപോകുമെന്ന വിവരം കുടുംബം അറിയുന്നത്.

സില്‍വര്‍ ലൈന്‍ നടപ്പായാല്‍ വീട് പൊളിക്കേണ്ടി വന്നേക്കുമെന്ന ആശങ്ക ആദ്യം ഉമ്മന്‍ ജോണിനെ അമ്മ എലിസബത്ത് ജോണ്‍ അറിയിച്ചില്ല. മകന്‍ വിഷമിക്കാതിരിക്കാനായിരുന്നു തീരുമാനം. എന്നാല്‍ മകനറിയാതെ എലിസബത്ത് സമരങ്ങളില്‍ പങ്കെടുത്തു. പിന്നീട് മാത്രമാണ് ഈ വിവരം ഉമ്മന്‍ ജോണ്‍ അറിയുന്നത്. പദ്ധതി വര്‍ഷങ്ങളായി മരവിച്ചിരുന്നെങ്കിലും കുടുംബം ഗൃഹപ്രവേശം നടത്തിയില്ല. സില്‍വര്‍ ലൈന്‍ സംബന്ധിച്ച് അന്തിമ തീരുമാനം വന്നശേഷം മാത്രമേ ഗൃഹപ്രവേശം നടത്തൂ എന്ന നിലപാടിലായിരുന്നു കുടുംബം. ഇപ്പോള്‍ പദ്ധതി റദ്ദാക്കിയ സാഹചര്യത്തില്‍ അടുത്ത വര്‍ഷം ഉമ്മന്‍ ജോണ്‍ നാട്ടിലെത്തിയ ശേഷം ഗൃഹപ്രവേശം നടത്താനാണ് കുടുംബത്തിന്റെ തീരുമാനം. സ്വകാര്യ കമ്പനിയില്‍ മാര്‍ക്കറ്റിങ് മാനേജരായ ഉമ്മന്‍ ജോണ്‍ ഇപ്പോള്‍ എത്യോപ്യയിലാണ് ജോലി ചെയ്യുന്നത്.

മാടപ്പള്ളിയിലെ സമരപ്പന്തല്‍ പൊളിക്കാനും ഒരുക്കം

അതേസമയം, സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായ മാടപ്പള്ളി റീത്തുപള്ളി ജങ്ഷനിലെ സ്ഥിരം സമരപ്പന്തല്‍ പൊളിച്ചുമാറ്റാനുള്ള ഒരുക്കങ്ങളും ആരംഭിച്ചു. സമരപ്പന്തല്‍ പൊളിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ പങ്കെടുക്കണമെന്നാണ് സമരസമിതി പ്രവര്‍ത്തകരുടെ ആഗ്രഹം. അധികാരത്തിലെത്തിയാല്‍ സില്‍വര്‍ ലൈന്‍ പദ്ധതി പിന്‍വലിക്കുമെന്ന് തെരഞ്ഞെടുപ്പ് വേളയില്‍ വി.ഡി. സതീശന്‍ ഉറപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം സമരസമിതി പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. ''നിങ്ങള്‍ പ്രതീക്ഷിക്കുന്ന വാര്‍ത്ത ഉടന്‍ എത്തും'' എന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി സമരസമിതി പ്രവര്‍ത്തകര്‍ പറഞ്ഞു. പദ്ധതി റദ്ദാക്കുന്ന ഔദ്യോഗിക ഉത്തരവ് പുറത്തുവന്നതോടെ മാടപ്പള്ളിയിലെ സമരം അവസാനിപ്പിക്കാനാണ് സമരസമിതിയുടെ തീരുമാനം. രണ്ടായിരത്തി ഇരുപത്തിരണ്ട് ഏപ്രില്‍ ഇരുപതിന് മാടപ്പള്ളി റീത്തുപള്ളി ജങ്ഷനില്‍ ആരംഭിച്ച സ്ഥിരം സമരപ്പന്തല്‍ ആയിരത്തി നാനൂറ്റി തൊണ്ണൂറ് ദിവസത്തിലേറെയായി തുടരുകയായിരുന്നു.

 
Other News in this category

 
 




 
Close Window