Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=110.6807 INR
ukmalayalampathram.com
Thu 16th Jul 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ഉറുമ്പുകളുടെ കള്ളക്കടത്ത് വ്യാപകം; കെനിയന്‍ ആവാസവ്യവസ്ഥയ്ക്ക് ഭീഷണി
reporter

നയ്റോബി: രാജ്യാന്തര വിപണിയില്‍ ഉറുമ്പുകള്‍ക്ക് ആവശ്യക്കാരേറിയതോടെ കെനിയയില്‍നിന്നുള്ള ഉറുമ്പ് കള്ളക്കടത്ത് വ്യാപകമാകുന്നു. ആവാസവ്യവസ്ഥയ്ക്കുതന്നെ ഭീഷണിയാകുന്ന പുതിയ അനധികൃത വിപണിയാണ് ഉറുമ്പുകളുടെ പേരില്‍ സജീവമായിരിക്കുന്നത്. ഏഷ്യയിലും യൂറോപ്പിലുമാണ് ഉറുമ്പുവളര്‍ത്തല്‍ പുതിയ വിനോദമായി വളരുന്നത്. കെനിയയിലെ പ്രാദേശിക വിപണിയില്‍ നൂറ് ഷില്ലിങ് നല്‍കി വാങ്ങുന്ന ഒരു റാണി ഉറുമ്പിന് രാജ്യാന്തര വിപണിയില്‍ ഇരുപത്തയ്യായിരം ഷില്ലിങ് വരെ വില ലഭിക്കുന്നതായാണ് റിപ്പോര്‍ട്ട്. പ്രാദേശിക വിലയുടെ നിരവധി മടങ്ങാണ് വിദേശ വിപണിയിലെ വില. ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളത് 'മെസ്സര്‍ സെഫലോട്ടസ്' വിഭാഗത്തില്‍പ്പെട്ട ഉറുമ്പുകള്‍ക്കാണ്. തിളക്കമുള്ള ചുവപ്പും കറുപ്പും നിറത്തിലുള്ളതും ഇരുപത്തഞ്ച് മില്ലിമീറ്റര്‍ വരെ വലിപ്പമുള്ളതുമായ റാണി ഉറുമ്പുകളാണ് വിപണിയില്‍ കൂടുതല്‍ പ്രിയപ്പെട്ടത്. ഇവയുടെ സങ്കീര്‍ണമായ കൂടുനിര്‍മാണരീതിയും തീറ്റതേടുന്ന സ്വഭാവവുമാണ് ശേഖരകരെ ആകര്‍ഷിക്കുന്നത്.

ചൈനീസ് വൈദ്യശാസ്ത്രത്തില്‍ വാതരോഗ ചികിത്സയ്ക്കായി ചില ഉറുമ്പുകളെ ഉപയോഗിക്കാറുണ്ട്. പുതിയതരം ഔഷധങ്ങള്‍ വികസിപ്പിക്കാന്‍ ഇവയ്ക്ക് ശേഷിയുണ്ടോ എന്നതിനെക്കുറിച്ചും പഠനങ്ങള്‍ നടക്കുന്നുണ്ട്. ഇതും ഉറുമ്പുകളുടെ ആവശ്യകത ഉയരാന്‍ കാരണമായതായി വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ ഏപ്രില്‍ പതിനഞ്ചിന് കെനിയയില്‍ പ്രത്യേക ട്യൂബുകളില്‍ സൂക്ഷിച്ച രണ്ടായിരത്തി ഇരുനൂറിലധികം ജീവനുള്ള ഉറുമ്പുകളുമായി ചൈനീസ് പൗരനായ ഷാങ് കെക്വന്‍ പൊലീസിന്റെ പിടിയിലായിരുന്നു. ഇയാള്‍ക്ക് കോടതി ഒരു വര്‍ഷം തടവും ഒരു ലക്ഷം കെനിയന്‍ ഷില്ലിങ് പിഴയും വിധിച്ചു. പിടിച്ചെടുത്തവയില്‍ ഭൂരിഭാഗവും 'ഭീമന്‍ ആഫ്രിക്കന്‍ മെസ്സര്‍ സെഫലോട്ടസ്' വിഭാഗത്തില്‍പ്പെട്ട ഉറുമ്പുകളായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ഹാര്‍വസ്റ്റര്‍ ഉറുമ്പുകളിലൊന്നായ ഇവയ്ക്ക് ഏകദേശം ഒരിഞ്ച് വരെ നീളമുണ്ടാകും.

പുതിയ ഉറുമ്പ് വിപണി കെനിയയുടെ ആവാസവ്യവസ്ഥയ്ക്ക് വലിയ ഭീഷണിയാണെന്ന് പരിസ്ഥിതി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പുല്ലുകളുടെ വിത്തുകള്‍ ശേഖരിക്കുകയും വ്യാപിപ്പിക്കുകയും ചെയ്യുന്ന ഈ ഉറുമ്പുകള്‍ പുല്‍മേടുകളുടെ വൈവിധ്യം നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നു. ഇവയുടെ എണ്ണം കുറഞ്ഞാല്‍ കന്നുകാലികളുടെ തീറ്റ ലഭ്യതയും കാര്‍ഷിക വ്യവസ്ഥയും ബാധിക്കപ്പെടും. ഉറുമ്പുകളുടെ നാശം വന്യജീവികളുടെ നിലനില്‍പ്പിനും വെല്ലുവിളിയാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതേസമയം, കെനിയയില്‍നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് കടത്തുന്ന ഉറുമ്പുകള്‍ അവിടുത്തെ കാര്‍ഷിക വിളകള്‍ക്കും ജൈവവൈവിധ്യത്തിനും ഭീഷണിയാകാനുള്ള സാധ്യതയും ഉണ്ട്. ഗുരുതരമായ പാരിസ്ഥിതികവും സാമ്പത്തികവുമായ ആഘാതങ്ങള്‍ സൃഷ്ടിക്കാന്‍ ഈ പുതിയ കള്ളക്കടത്ത് വഴിവെക്കുമെന്നാണ് പഠനങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നത്.

 
Other News in this category

 
 




 
Close Window