Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=110.6807 INR
ukmalayalampathram.com
Thu 16th Jul 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
വാല്‍പ്പാറ ദുരന്തത്തിന്റെ വേദനയില്‍നിന്ന് പുതിയ തുടക്കത്തിലേക്ക്; കുറുവ പാങ്ങ് സര്‍ക്കാര്‍ എല്‍.പി. സ്‌കൂളിന് 30 ലക്ഷം രൂപ
reporter

മലപ്പുറം: തമിഴ്‌നാട് വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് അധ്യാപകരെയും രണ്ട് ജീവനക്കാരെയും നഷ്ടപ്പെട്ടതിന്റെ വേദനയില്‍നിന്ന് പുതിയ അധ്യയന വര്‍ഷത്തിലേക്ക് കടക്കാന്‍ തയ്യാറെടുക്കുകയാണ് കുറുവ പാങ്ങ് സര്‍ക്കാര്‍ എല്‍.പി. സ്‌കൂള്‍. കണ്ണീരുണങ്ങാത്ത കാമ്പസിന് പുതിയ തുടക്കം നല്‍കുന്നതിനായി കുറുവ ഗ്രാമപഞ്ചായത്ത് 30 ലക്ഷം രൂപ അനുവദിച്ചു. കാലപ്പഴക്കം ചെന്നതും ജീര്‍ണാവസ്ഥയിലുമായ സ്‌കൂള്‍ കെട്ടിടം നവീകരിക്കുന്നതിനൊപ്പം, അപകടത്തില്‍ മരിച്ച അധ്യാപകരുടെയും ജീവനക്കാരുടെയും ഓര്‍മ്മ നിലനിര്‍ത്തുന്ന സ്മാരകമായി സ്‌കൂളിനെ മാറ്റുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ നവീകരണ ജോലികള്‍ പൂര്‍ത്തിയാക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്. സ്‌കൂളിന്റെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ആര്‍ക്കിടെക്റ്റുകളുമായും വിദഗ്ധരുമായും ആലോചിച്ചാണ് പുതിയ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയത്.

കെട്ടിടത്തിന്റെ ഘടനാപരമായ അറ്റകുറ്റപ്പണികള്‍, ആധുനിക വൈദ്യുതീകരണം, കുട്ടികള്‍ക്ക് ഇണങ്ങുന്ന നിറപ്പകിട്ടുള്ള പെയിന്റിംഗ് തുടങ്ങിയ ജോലികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഒന്നാം നിലയിലെ വയറിങ്, പൂര്‍ത്തിയാകാത്ത നിര്‍മ്മാണ ജോലികള്‍, സുരക്ഷ മുന്‍നിര്‍ത്തിയുള്ള വലിയ ചുറ്റുമതില്‍ എന്നിവയുടെ പ്രവൃത്തികളും അവസാന ഘട്ടത്തിലാണ്. പുതിയ അധ്യയന വര്‍ഷത്തിന്റെ തുടക്കം കുട്ടികള്‍ക്ക് പുതിയ ജീവിതത്തിലേക്കുള്ള ചുവടുവെപ്പാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് കുറുവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സലാം പറഞ്ഞു. ദുരന്തം നടന്ന പഴയ അന്തരീക്ഷത്തിലേക്ക് കുട്ടികളെ അതേപടി തിരികെ കൊണ്ടുവരുന്നത് അവരുടെ മനസ്സില്‍ കൂടുതല്‍ വേദന സൃഷ്ടിക്കാനിടയുണ്ട്. അതിനാലാണ് സ്‌കൂളിന്റെ മുഖച്ഛായ മാറ്റാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. വലിയ സാമ്പത്തിക പരിമിതികള്‍ക്കിടയിലും ഈ സ്‌കൂളിന്റെ വികസനത്തിനായി മുന്നില്‍ നിന്നത് അപകടത്തില്‍ മരിച്ച അധ്യാപകരായിരുന്നു. കുട്ടികള്‍ക്കായി പുതിയ സ്‌കൂള്‍ ബസ് വാങ്ങാന്‍ പായസം ഫെസ്റ്റും സമൂഹമാധ്യമങ്ങളിലൂടെ ധനസമാഹരണവും സംഘടിപ്പിച്ചത് ഇവരായിരുന്നു. സ്‌കൂളിന്റെ മേല്‍ക്കൂരയില്‍ ഷീറ്റുകള്‍ സ്ഥാപിക്കുന്നതിനായും അവര്‍ നാട്ടുകാരുടെ സഹായത്തോടെ ഫണ്ട് സമാഹരിച്ചിരുന്നു. കുട്ടികള്‍ക്ക് മികച്ച പഠനാന്തരീക്ഷം ഒരുക്കുക എന്നതായിരുന്നു അവരുടെ സ്വപ്നമെന്ന് നാട്ടുകാര്‍ ഓര്‍ക്കുന്നു.

ദുരന്തം കുട്ടികളില്‍ സൃഷ്ടിച്ച മാനസികാഘാതം കുറയ്ക്കുന്നതിനായി സ്‌കൂളിലെ 160 വിദ്യാര്‍ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമായി വിദഗ്ധ സൈക്കോളജിസ്റ്റുകളുടെ നേതൃത്വത്തില്‍ കൗണ്‍സിലിംഗ് സെഷനുകളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. വിവിധ സര്‍ക്കാര്‍ ഏജന്‍സികളും സ്വകാര്യ സംഘടനകളും സ്‌കൂള്‍ സംരക്ഷണ സമിതിയും ചേര്‍ന്നാണ് കുട്ടികള്‍ക്ക് മാനസിക പിന്തുണ ഉറപ്പാക്കിയത്. അപകടത്തിന് പിന്നാലെ സ്‌കൂളിലെ ഒഴിവുകളിലേക്ക് പുതിയ അധ്യാപകര്‍ ചുമതലയേറ്റിട്ടുണ്ട്. ഇതോടെ വരാനിരിക്കുന്ന അധ്യയന വര്‍ഷത്തെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുകയാണ്. സ്‌കൂള്‍ പ്രധാനാധ്യാപിക അജിത, അധ്യാപികമാരായ റംല, സുഹറ, ആശ, അധ്യാപകന്‍ മജീദ്, സ്‌കൂള്‍ ബസ് ഡ്രൈവര്‍ നൗഷാദ്, പാചകക്കാരി സജിത എന്നിവരാണ് വാല്‍പ്പാറയിലുണ്ടായ അപകടത്തില്‍ മരിച്ചത്. പ്രിയപ്പെട്ട അധ്യാപകരുടെയും ജീവനക്കാരുടെയും ഓര്‍മ്മകള്‍ നെഞ്ചിലേറ്റി, നവീകരിച്ച പുതിയ വിദ്യാലയത്തിലേക്ക് ഈ ജൂണില്‍ പാങ്ങിലെ കുരുന്നുകള്‍ തിരിച്ചെത്തും.

 
Other News in this category

 
 




 
Close Window