Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=110.6807 INR
ukmalayalampathram.com
Thu 16th Jul 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കാസര്‍കോട് യുവതി ആസിഡ് കുടിച്ച് മരിച്ചു; ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പീഡനാരോപണവുമായി കുടുംബം
reporter

കാസര്‍കോട്: ഭര്‍തൃവീട്ടുകാരുടെ മുന്നില്‍വെച്ച് യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കിയ സംഭവത്തില്‍ ഗുരുതര ആരോപണങ്ങളുമായി കുടുംബം. ചര്‍ലടുക്ക സ്വദേശിനി ഫാത്തിമത്ത് സുഫൈദയാണ് മരിച്ചത്. 24 വയസ്സായിരുന്നു. ഭര്‍തൃവീട്ടുകാരുടെ നിരന്തര പീഡനവും സ്വര്‍ണവുമായി ബന്ധപ്പെട്ട തര്‍ക്കവുമാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇന്നലെ ഉച്ചയ്ക്ക് മൂന്നുമണിയോടെ പാണലത്താണ് സംഭവം നടന്നത്. സുഫൈദയുടെ സ്വര്‍ണം ആവശ്യപ്പെട്ട് ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും ഭാഗത്ത് നിന്ന് സമ്മര്‍ദ്ദവും മാനസിക പീഡനവും ഉണ്ടായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. സംഭവത്തില്‍ വിദ്യാനഗര്‍ പൊലീസില്‍ കുടുംബം പരാതി നല്‍കിയിട്ടുണ്ട്. ഭര്‍ത്താവ് ആദിലിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

നാളെ ഇരുവരുടെയും വിവാഹത്തിന്റെ ഒന്നാം വാര്‍ഷികമായിരിക്കെയാണ് ദുരന്തം സംഭവിച്ചത്. വിവാഹശേഷം സ്വര്‍ണവുമായി ബന്ധപ്പെട്ട് ഭര്‍തൃവീട്ടില്‍ പലതവണ തര്‍ക്കമുണ്ടായിരുന്നുവെന്നാണ് യുവതിയുടെ ബന്ധുക്കള്‍ പറയുന്നത്. സ്വര്‍ണത്തിനായി സുഫൈദയെ മര്‍ദ്ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നും കുടുംബം ആരോപിക്കുന്നു. യുവതി ആസിഡ് കുടിച്ചപ്പോള്‍ ഭര്‍തൃവീട്ടുകാര്‍ ഉടന്‍ വൈദ്യസഹായം നല്‍കാന്‍ തയ്യാറായില്ലെന്നുമാണ് പരാതിയിലെ ആരോപണം. ''നീ ഇതിനെല്ലാം അനുഭവിക്കും'' എന്ന് പറഞ്ഞ് ഭര്‍തൃവീട്ടുകാര്‍ മാറിനിന്നതായും കുടുംബം ആരോപിച്ചിട്ടുണ്ട്. ഈ ആരോപണങ്ങളില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. വിദ്യാനഗര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ബന്ധുക്കളുടെ മൊഴികളും അടിസ്ഥാനമാക്കി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നാണ് വിവരം. സംഭവത്തില്‍ ഗാര്‍ഹിക പീഡനം, ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തുമോ എന്നത് അന്വേഷണത്തിന്റെ പുരോഗതിയനുസരിച്ചായിരിക്കും തീരുമാനിക്കുക.

 
Other News in this category

 
 




 
Close Window