Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.7748 INR  1 EURO=108.9681 INR
ukmalayalampathram.com
Thu 24th Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
അതിസമ്പന്നരുടെ കളിപ്പാവയായി സതീശന്‍ സര്‍ക്കാര്‍ മാറി'; വിമര്‍ശനവുമായി ബിനോയ് വിശ്വം
reporter

തിരുവനന്തപുരം: പേരുവെളിപ്പെടുത്താത്ത അതിസമ്പന്നരുടെയും സാമ്പത്തിക ശക്തികളുടെയും സ്വാധീനത്തിന് കീഴിലായിരിക്കുകയാണ് വി.ഡി. സതീശന്‍ സര്‍ക്കാരെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആരോപിച്ചു. മുഖ്യമന്ത്രിയുടെ വിമാന, ഹെലികോപ്റ്റര്‍ യാത്രകള്‍ ഉള്‍പ്പെടെ സ്വകാര്യ വ്യക്തികളോ സ്ഥാപനങ്ങളോ സ്‌പോണ്‍സര്‍ ചെയ്യുന്നതിനെതിരെയും അദ്ദേഹം രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. മുഖ്യമന്ത്രിയുടെ യാത്രകള്‍ക്ക് ലഭിക്കുന്ന സ്‌പോണ്‍സര്‍ഷിപ്പുകളെ നേട്ടമായി അവതരിപ്പിക്കുന്നത് കേരളത്തിന് അഭിമാനകരമല്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. സ്വകാര്യ സാമ്പത്തിക ശക്തികളുമായി സര്‍ക്കാരിനുള്ള ബന്ധത്തിന്റെ സുതാര്യത സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് വിശദീകരണം ലഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയെ പിന്തുടര്‍ന്ന് മറ്റു മന്ത്രിമാരും സമാന രീതി സ്വീകരിക്കുകയാണെന്നും ബിനോയ് വിശ്വം ആരോപിച്ചു. ഔദ്യോഗിക യാത്രകള്‍ക്കായി സര്‍ക്കാര്‍ വാഹനങ്ങള്‍ ലഭ്യമായിരിക്കെ സ്വകാര്യ വ്യക്തികളുടെ ആഡംബര വാഹനങ്ങള്‍ മന്ത്രിമാര്‍ ഉപയോഗിക്കുന്ന സാഹചര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാരുടെ വിദേശയാത്രകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നിയമപരമായ നടപടിക്രമങ്ങളും ഔദ്യോഗിക ചട്ടങ്ങളും പാലിച്ചിട്ടുണ്ടോയെന്ന് അറിയാന്‍ പൗരന്മാര്‍ക്ക് അവകാശമുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു. സ്വകാര്യ വ്യക്തികളില്‍ നിന്ന് ലഭിക്കുന്ന സൗജന്യങ്ങള്‍ സര്‍ക്കാരിന് സാമ്പത്തിക ലാഭം ഉണ്ടാക്കാനാണെന്ന വാദം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

'സൗജന്യങ്ങള്‍ തേടുന്നത് സര്‍ക്കാരിന്റെ മുഖമുദ്രയായി'

സ്വകാര്യ വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും സൗജന്യങ്ങള്‍ സ്വീകരിക്കുന്ന പ്രവണത സര്‍ക്കാരിന്റെ മുഖമുദ്രയായി മാറിയെന്നും ബിനോയ് വിശ്വം വിമര്‍ശിച്ചു. ഇതിനെ പുതിയ ഭരണരീതിയായി ന്യായീകരിക്കുന്നത് കോണ്‍ഗ്രസിന്റെ പരമ്പരാഗത രാഷ്ട്രീയ നിലപാടുകളുമായി പൊരുത്തപ്പെടുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ഗാന്ധി-നെഹ്‌റു പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലും സര്‍ക്കാരിന്റെ ഇത്തരം സമീപനങ്ങളില്‍ അസ്വസ്ഥരാകുന്നുണ്ടെന്നാണ് ബിനോയ് വിശ്വത്തിന്റെ വാദം. സതീശന്‍ സര്‍ക്കാരിനെതിരെ ഉയരുന്ന ഇത്തരം ആരോപണങ്ങളില്‍ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനും എന്താണ് നിലപാടെന്നും ബിനോയ് വിശ്വം ചോദിച്ചു.

 
Other News in this category

 
 




 
Close Window